ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സമഗ്ര പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ തീരദേശ ഹൈവേ പദ്ധതി അതിവേഗം മുന്നോട്ട്. എല്ലാ ജില്ലകളിലും ഭൂമിയേറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്നു. ആകെ 52 ഭാഗങ്ങളായി 623 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഒമ്പതു ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ.
നിലവില്‍ പദ്ധതി ഇതുവരെ
537 കിലോമീറ്റര്‍ പ്രവൃത്തി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. ഇതില്‍ 200 കിലോമീറ്റര്‍ ദൂരത്തില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു. 24 ഭാഗങ്ങളായി 415 കിലോമീറ്റര്‍ ദൂരം ഭൂമി ഏറ്റെടുക്കാന്‍ സാമ്പത്തിക അനുമതിയായി. മൂന്ന് ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുക്കലിനായി 139.9 കോടി രൂപ അനുവദിച്ചു.
35 ഭാഗത്തിന്റെ ഡിപിആര്‍ (Detailed project report) തയ്യാറാകുന്നു. മൂന്ന് ഭാഗത്തില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. നാല് ഭാഗത്തില്‍ കൂടി ടെന്‍ഡറായി. 2026നു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പൊതുമരാമത്ത് വകുപ്പ് ആവിഷ്‌കരിക്കുന്ന രൂപകല്‍പ്പനാ നയത്തിന്റെ (ഡിസൈന്‍ പോളിസി) അടിസ്ഥാനത്തിലാണ് നിര്‍മാണം.
ടൂറിസത്തിനും പ്രാധാന്യം
14 മീറ്റര്‍ വീതിയിലാണ് പാത. സൈക്കിള്‍ ട്രാക്ക്, വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയും ഉണ്ടാകും. കാല്‍നട സൗഹൃദവുമാക്കും. ഓരോ 50 കിലോമീറ്റര്‍ ഇടവിട്ട് ആകെ 12 ഇടത്ത് പ്രത്യേക ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമാക്കും. കടന്നുപോകുന്ന ഒമ്പത് ജില്ലയിലും ഫ്ലോട്ടിംഗ് ബ്രിഡ്ജ് കൂടി വരുന്നതോടെ സംസ്ഥാനത്തെ ബീച്ച് ടൂറിസവും കുതിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine