News & Views

മന്നയും മാവുമെല്ലാം റിലയന്‍സിന്റെ കൈവശം; പിടിമുറുക്കുന്നത് പതിവ് വിഭവങ്ങള്‍ക്കു പുറമെ, ആരോഗ്യദായക ഭക്ഷണ മേഖലയില്‍

സതേണ്‍ ഹെല്‍ത്ത് ഫുഡ്‌സ് ഏറ്റെടുത്തതോടെ, ആരോഗ്യബോധമുള്ള ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് റിലയന്‍സ് നടത്തുന്ന നീക്കങ്ങള്‍ക്ക് വേഗം കൂടുമെന്നാണ് വിലയിരുത്തല്‍

Dhanam News Desk

ഇന്ത്യയില്‍ എഫ്എംസിജി (Fast Moving Consumer Goods) രംഗത്ത് കൂടുതല്‍ പിടിമുറുക്കി റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉപകമ്പനിയായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (Reliance Consumer Products Limited -RCPL) തമിഴ്‌നാട് ആസ്ഥാനമായുള്ള സതേണ്‍ ഹെല്‍ത്ത് ഫുഡ്‌സിനെ (Southern Health Foods Private Limited) പൂര്‍ണമായി ഏറ്റെടുത്തു. ദക്ഷിണേന്ത്യയില്‍ ആരോഗ്യഭക്ഷണ വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമുള്ള 'മന്ന' (Manna) ബ്രാന്‍ഡിന്റെ ഉടമകളാണ് സൗതേണ്‍ ഹെല്‍ത്ത് ഫുഡ്‌സ്.

ഏകദേശം 156 കോടി രൂപ വരുന്ന ഇടപാടിലൂടെയാണ് കമ്പനി പൂര്‍ണമായി റിലയന്‍സിന്റെ കൈവശമായത്. ഇതോടെ സൗതേണ്‍ ഹെല്‍ത്ത് ഫുഡ്‌സ്, റിലയന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി. മില്ലറ്റ് (ചെറുധാന്യങ്ങള്‍) അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ഹെല്‍ത്ത് മിക്‌സുകള്‍, പോഷകാഹാര വിഭാഗങ്ങള്‍ എന്നിവയില്‍ റിലയന്‍സിന്റെ സാന്നിധ്യം ശക്തമാക്കുന്നതാണ് ഈ ഏറ്റെടുക്കലിന്റെ മുഖ്യലക്ഷ്യം.

20 വര്‍ഷത്തിലേറെയായി ദക്ഷിണേന്ത്യന്‍ വിപണിയില്‍ വിശ്വാസം നേടിയ ബ്രാന്‍ഡാണ് 'മന്ന'. മാറുന്ന ഭക്ഷണശീലങ്ങളും ആരോഗ്യബോധമുള്ള ഉപഭോക്താക്കളുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഈ ബ്രാന്‍ഡിനെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. രാജ്യത്തുടനീളമുള്ള റിലയന്‍സിന്റെ ശക്തമായ വിതരണ ശൃംഖലയും റീട്ടെയില്‍ സാന്നിധ്യവും 'മന്ന'യ്ക്ക് വലിയ പിന്തുണയാകും.

ഈ ഏറ്റെടുക്കല്‍ എന്താണ് സൂചിപ്പിക്കുന്നത്?

ആരോഗ്യ ഭക്ഷണവും പോഷകാഹാരവുമുള്ള വിഭാഗങ്ങള്‍ ഇന്ത്യന്‍ എഫ്എംസിജി വിപണിയില്‍ അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തില്‍, പ്രാദേശികമായി ശക്തമായൊരു ബ്രാന്‍ഡിനെ ഏറ്റെടുത്ത് ദേശീയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് റിലയന്‍സിന്റെ തന്ത്രം. പരമ്പരാഗത എഫ്എംസിജി കമ്പനികളോട് നേരിട്ട് മത്സരിക്കാന്‍ സഹായിക്കുന്ന നീക്കമായും ഈ ഇടപാട് വിലയിരുത്തപ്പെടുന്നു.

റിലയന്‍സിന്റെ സമീപകാല ഏറ്റെടുക്കലുകള്‍

റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് കഴിഞ്ഞ മാസങ്ങളില്‍ ഏറ്റെടുക്കലുകളും നിക്ഷേപങ്ങളും ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് ആസ്ഥാനമായ 'ഉദയ'ത്തില്‍ (Udhaiyams Agro Foods) റിലയന്‍സ് അടുത്തിടെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിയിരുന്നു. അരി, പയര്‍വര്‍ഗങ്ങള്‍, ഇഢലി മാവ് തുടങ്ങി നിത്യോപയോഗ ഭക്ഷ്യവസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ബ്രാന്‍ഡിനെ രാജ്യവ്യാപകമായി വികസിപ്പിക്കുകയാണ് ലക്ഷ്യം.

അന്താരാഷ്ട്ര തലത്തിലും റിലയന്‍സ് സജീവമാണ്. ഓസ്‌ട്രേലിയയിലെ ആരോഗ്യപാനീയ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന Goodness Group Global-ല്‍ ഭൂരിപക്ഷ ഓഹരി ഏറ്റെടുത്തത് വലിയ ചുവടുവെപ്പായിരുന്നു. വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളിലേക്കും റിലയന്‍സ് കടന്നിട്ടുണ്ട്. Brylcreem, Toni & Guy, Badedas തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അടുത്തിടെ റിലയന്‍സ് ഉപഭോക്തൃ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയിലേക്കു ചേര്‍ന്നു. പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ SIL Foods-ന്റെ ചില ബ്രാന്‍ഡുകളും റിലയന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT