News & Views

ജിയോ കാമ്പകോള വഴിയേ ഇനി വാഗീസ്! വിലക്കുറവ് 50%; വിപണി പിടിക്കാന്‍ പുതിയ ഉത്പന്നവുമായി റിലയന്‍സ്

2023-24 സാമ്പത്തികവര്‍ഷം 3.2 കോടി വളര്‍ത്തു മൃഗങ്ങള്‍ ഇന്ത്യന്‍ വീടുകളിലുണ്ടെന്നാണ് കണക്ക്

Dhanam News Desk

വില കുറച്ച് വിപണി പിടിക്കുന്ന പതിവു നീക്കവുമായി റിലയന്‍സ് വീണ്ടുമെത്തുന്നു. ഇത്തവണ മൃഗങ്ങള്‍ക്കുള്ള തീറ്റയിലാണ് റിലയന്‍സ് കൈവച്ചിരിക്കുന്നത്. പെറ്റ് ഫുഡ് രംഗത്തുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് റിലയന്‍സ് വാഗീസ് (Waggies) എന്ന ബ്രാന്‍ഡുമായി എത്തുന്നത്. നെസ്‌ലെ, മാര്‍സ്, ഗോദറെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇമാമി എന്നീ വമ്പന്മാര്‍ വാഴുന്ന പെറ്റ് വിപണിയില്‍ 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് റിലയന്‍സ് വാഗീസ് അവതരിപ്പിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ടിന് കീഴിലാണ് വാഗീസ് പ്രവര്‍ത്തിക്കുന്നത്. റിലയന്‍സ് റീട്ടെയ്ല്‍ ചെയ്‌നുകള്‍ അതിവേഗം വിപണി പിടിക്കാന്‍ വാഗീസിന് സാധിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

മത്സരം കടുപ്പമാകും

മറ്റ് പെറ്റ് ബ്രാന്‍ഡുകളേക്കാല്‍ 20 മുതല്‍ 50 ശതമാനം വരെ വിലകുറച്ച് നല്കാനാണ് വാഗീസ് ലക്ഷ്യമിടുന്നത്. മൊബൈല്‍ സേവനദാതാക്കളായി രംഗത്തെത്തിയ സമയത്ത് റിലയന്‍സ് ജിയോ സമാനമായ തന്ത്രമായിരുന്നു പയറ്റിയത്. കാമ്പകോള റീലോഞ്ച് ചെയ്തപ്പോഴും എതിരാളികളേക്കാള്‍ വലിയ വിലക്കുറവില്‍ വില്ക്കാന്‍ റിലയന്‍സ് ശ്രദ്ധിച്ചിരുന്നു. പെപ്‌സിയും കൊക്കക്കോളയും വാഴുന്ന വിപണിയില്‍ തങ്ങളുടേതായ സാന്നിധ്യം ഉറപ്പിക്കാന്‍ ഇതുവഴി കമ്പനിക്ക് സാധിച്ചിരുന്നു.

മെട്രോ നഗരങ്ങളില്‍ മാത്രമല്ല ടിയര്‍ 2, ടിയര്‍ 3 സിറ്റികളിലും ലഭ്യത ഉറപ്പുവരുത്തി മുന്നോട്ടു പോകുകയാണ് വാഗീസിന്റെ ലക്ഷ്യം. രണ്ടുവര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇന്ത്യയിലെ പെറ്റ് ഫുഡ് വില്പന

ഇന്ത്യയിലെ വളര്‍ത്തുമൃഗങ്ങളുടെ മാര്‍ക്കറ്റ് കോവിഡിനുശേഷം വലിയതോതില്‍ വളര്‍ന്നിട്ടുണ്ട്. വീടുകളില്‍ അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. 3.5 ബില്യണ്‍ ഡോളര്‍ വരുന്നതാണ് നിലവില്‍ ഈ വിപണി. 2028ഓടെ 7-7.5 ബില്യണ്‍ ഡോളറിലേക്ക് വിപണി വളരുമെന്നാണ് കരുതുന്നത്.

സാധാരണ ഉത്പന്നങ്ങളില്‍ നിന്ന് പ്രീമിയം സെഗ്മെന്റിലേക്കും ഈ വിപണി മുന്നേറിയിട്ടുണ്ട്. 2023-24 സാമ്പത്തികവര്‍ഷം 3.2 കോടി വളര്‍ത്തു മൃഗങ്ങള്‍ ഇന്ത്യന്‍ വീടുകളിലുണ്ടെന്നാണ് കണക്ക്.

കുറഞ്ഞ വിലയുമായി റിലയന്‍സ് വരുന്നത് ഉത്പന്നങ്ങളുടെ നിലവാരം താഴാന്‍ ഇടയാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വാഗീസിന്റെ വിലക്കുറവിനോട് മത്സരിക്കാന്‍ മറ്റ് കമ്പനികളും സമാനതന്ത്രം പുറത്തെടുത്തേക്കും. ഇത് ഗുണമേന്മയില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ വഴിയൊരുക്കിയേക്കും.

പ്രമുഖ പെറ്റ് ഫുഡ് ബ്രാന്‍ഡായ മാര്‍സ് പുറത്തിറക്കുന്ന പെഡിഗ്രി, വിസ്‌കാസ് എന്നിവയെല്ലാം പ്രീമിയം കാറ്റഗറിയില്‍പ്പെടുന്ന ഉത്പന്നങ്ങളാണ്. ഉയര്‍ന്ന മാര്‍ജിനാണ് കച്ചവടക്കാര്‍ക്ക് നല്കുന്നത്. ചെറുകിടക്കാര്‍ക്കുള്ള മാര്‍ജിന്‍ കുറയ്ക്കാന്‍ മറ്റ് കമ്പനികള്‍ നിര്‍ബന്ധിതരായി മാറും. കാമ്പകോള വിപണിയില്‍ എത്തിയപ്പോള്‍ എതിരാളികളും വിലകുറയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

ജിയോ വന്ന സമയത്തും സമാനമായിരുന്നു കാര്യങ്ങള്‍. പിന്നീട് എതിരാളികള്‍ ഓരോന്നായി തകര്‍ച്ച നേരിടുകയും ജിയോയുടെ കുത്തകയിലേക്ക് കാര്യങ്ങള്‍ പോകുകയും ചെയ്തു. ഇതേ അവസ്ഥ പെറ്റ് ഫുഡ് ഇന്‍ഡസ്ട്രിയില്‍ സംഭവിച്ചാല്‍ നഷ്ടം നേരിടേണ്ടി വരിക ഉപയോക്താക്കളാകും.

കുറഞ്ഞ വിലയില്‍ വാഗീസ് വരുമ്പോള്‍ എതിരാളികളായ വലിയ ബ്രാന്‍ഡുകളേക്കാള്‍ ചെറുകിട കമ്പനികളെയാകും ബാധിക്കുക. റിലയന്‍സിന്റെ പരസ്യവും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാകും ചെറുകിട കമ്പനികളുടെ അതിജീവനം ഇല്ലാതാക്കുമെന്നാണ് നിഗമനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT