canva, ipl,jio cinema , disney hotstar
News & Views

ഐ.പി.എല്‍ മത്സരങ്ങള്‍ ഇനി ഫ്രീയല്ല! എല്ലാം റിയലന്‍സ്-ഡിസ്‌നി ഹൈബ്രിഡ് ആപ്പില്‍, 149 രൂപ മുതല്‍ പ്ലാനുകള്‍

ജിയോ ഹോട്‌സ്റ്റാര്‍ എന്ന പേരില്‍ പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം പുറത്തിറക്കി

Dhanam News Desk

മാര്‍ച്ച് 22ന് ഇക്കൊല്ലത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ തലവേദന. ഇക്കൊല്ലം മുതല്‍ ഐ.പി.എല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം സൗജന്യമായി ആസ്വദിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും സൗജന്യമായി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പകരം ഉപയോഗത്തിന് അനുസരിച്ച് പണം ഈടാക്കുന്ന ഹൈബ്രിഡ് മോഡലിലേക്ക് മാറാന്‍ റിലയന്‍സ്-ഡിസ്‌നി സംയുക്ത സംരംഭം തീരുമാനിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി പുതിയ റീബ്രാന്‍ഡ് ചെയ്ത സ്ട്രീമിംഗ് ആപ്പ് ജിയോ ഹോട്‌സ്റ്റാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം പുറത്തിറക്കി. 149 രൂപ മുതലായിരിക്കും ഈ ആപ്പിന് ചെലവാകുക.

ഇനിയെല്ലാം ഹൈബ്രിഡ് ആപ്പില്‍

8.5 ബില്യന്‍ (ഏകദേശം 73,800 കോടി രൂപ) ഡോളര്‍ കരാറില്‍ മുകേഷ് അംബാനിയുടെ റിലയന്‍സും വാള്‍ട്ട് ഡിസ്‌നിയും കഴിഞ്ഞ വര്‍ഷം ലയിച്ചതിന് പിന്നാലെയാണ് തീരുമാനം. ലോകത്തിലെ ഏറ്റവും ധനിക ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിന്റെ അഞ്ച് വര്‍ഷത്തേക്കുള്ള സൗജന്യ സംപ്രേക്ഷണ അവകാശം 2023ല്‍ മൂന്ന് ബില്യന്‍ (ഏകദേശം 26,000 കോടി രൂപ) ഡോളര്‍ ചെലവിട്ട് ജിയോ സിനിമ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ മത്സരങ്ങള്‍ അടക്കമുള്ള എല്ലാ കണ്ടന്റുകളും ഇനി ഹൈബ്രിഡ് ആപ്പിലേക്ക് മാറും. ആദ്യ സമയങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പില്‍, ഉപഭോഗത്തിന് അനുസരിച്ചായിരിക്കും സബ്സ്രിക്പ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കുക. ഓരോ ഉപയോക്താവും പണം കൊടുത്ത് ആപ്പിലെ സേവനങ്ങള്‍ ഉപയോഗിച്ച് തുടങ്ങേണ്ട സമയവും വ്യത്യാസപ്പെട്ടിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഇക്കാര്യത്തില്‍ റിലയന്‍സ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

പ്ലാനുകള്‍ ഇങ്ങനെ

മൂന്ന് മാസത്തേക്ക് 149 രൂപ മുതലുള്ള പ്ലാനുകളാണ് റിലയന്‍സ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ മൂന്ന് മാസത്തേക്ക് പരസ്യ രഹിത ആപ്പ് സേവനം ഉപയോഗിക്കാന്‍ 499 രൂപയുടെ മറ്റൊരു പ്ലാനുമുണ്ടാകും. നിലവില്‍ നൂറിലധികം ടി.വി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം റിയലന്‍സ്-ഡിസ്‌നി സംയുക്ത സംരംഭത്തിനുണ്ട്. ഐ.പി.എല്ലിന് പുറമെ വിന്റര്‍ ഒളിമ്പിക്‌സ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എന്നിവ കൂടി സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ജിയോ സിനിമക്കുണ്ട്. ഡിസ്‌നി ഹോട്‌സ്റ്റാറിനാകട്ടെ ഇന്ത്യയില്‍ നടക്കുന്ന ഐ.സി.സി ക്രിക്കറ്റ് മത്സരങ്ങളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സോസറും കാണികളെ കാണിക്കാം. രണ്ട് ആപ്പുകളും ചേരുന്നതോടെ കാണികള്‍ക്ക് ഇവയെല്ലാം ആസ്വദിക്കാന്‍ ഒരൊറ്റ സബ്‌സ്‌ക്രിപ്ഷന്‍ മതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.4 ലക്ഷം കോടി വലിപ്പമുള്ള ഇന്ത്യയിലെ മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് വിപണിയില്‍ നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമുമാണ് പ്രധാന എതിരാളികള്‍.

ജിയോ ഹോട്‌സ്റ്റാര്‍

വാള്‍ട്ട് ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡിസ്‌നി+ഹോട്‌സ്റ്റാര്‍ നിലവില്‍ 50 കോടിയിലധികം പേരാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. റിലയന്‍സിന്റെ ജിയോ സിനിമ 10 കോടിയിലധികം പേരും ഉപയോഗിക്കുന്നു. ലയന ശേഷം രണ്ട് വ്യത്യസ്ത സ്ട്രീമിംഗ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ചെലവ് വര്‍ധിക്കുമെന്നാണ് ഇരുകമ്പനികളുടെയും വിലയിരുത്തല്‍. നേരത്തെ ഹോട്‌സ്റ്റാര്‍ മാത്രം നിലനിറുത്താന്‍ ആലോചിച്ചെങ്കിലും പിന്നീട് ഹൈബ്രിഡ് പ്ലാറ്റ്‌ഫോമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംയുക്ത കമ്പനിയുടെ വൈസ് ചെയര്‍മാനായി ചുമതലയേറ്റ മുന്‍ മാധ്യമപ്രവര്‍ത്തകനായ ഉദയ് ശങ്കറാണ് തീരുമാനത്തിന് ചുക്കാന്‍ പിടിച്ചതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരു പ്ലാറ്റ്‌ഫോമുകളും ഒന്നിച്ച് ജിയോ ഹോട്‌സ്റ്റാര്‍ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. 3 ലക്ഷം മണിക്കൂറിന്റെ കണ്ടന്റുകള്‍ പുതിയ ആപ്പിലുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ആപ്പ് ഉപയോഗിക്കുന്നതിന് പണം നല്‍കേണ്ടതില്ല. എന്നാല്‍ തടസമില്ലാത്ത സേവനത്തിന് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടി വരും. ജിയോ സിനിമയിലോ ഹോട്‌സ്റ്റാറിലോ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് പുതിയ ആപ്പിലേക്ക് എളുപ്പത്തില്‍ മാറാന്‍ കഴിയുമെന്നും കമ്പനി വിശദീകരിച്ചു.

മാര്‍ച്ച് 22 മുതല്‍ ക്രിക്കറ്റ് മാമാങ്കം

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് മാര്‍ച്ച് 22ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ.കെ.ആര്‍) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആര്‍.സി.ബി) തമ്മില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും ആദ്യം മത്സരം. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT