News & Views

റിലയന്‍സിന് കാലിടറിയ ഏക ബിസിനസ്! ഫുട്‌ബോളില്‍ പണം വാരാനിറങ്ങി കൈ പൊള്ളി അംബാനി കമ്പനി, പ്രതിസന്ധിയിലായി ഐഎസ്എല്‍

സാമ്പത്തികമായി വലിയ തിരിച്ചടിയിലൂടെ ഐഎസ്എല്‍ ക്ലബുകള്‍ മുന്നോട്ടു പോകുന്നത്. പ്രതിവര്‍ഷം 5 മുതല്‍ 10 കോടി രൂപ വരെ ഓരോ ക്ലബുകള്‍ക്കും നഷ്ടം സംഭവിക്കുന്നുണ്ട്

Dhanam News Desk

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള റിലയന്‍സിന് ഫുട്‌ബോള്‍ ബിസിനസിലേക്കിറങ്ങിയപ്പോള്‍ സര്‍വത്ര നഷ്ടം. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എ.ഐ.എഫ്.എഫ്) നിന്ന് കരാര്‍ സ്വന്തമാക്കി ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഓരോ വര്‍ഷം ചെല്ലുന്തോറും നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത സീസണിലേക്ക് കടക്കാനിരിക്കെ ലീഗ് നടത്തണോ വേണ്ടയോ എന്ന സംശയത്തിലാണ് റിലയന്‍സ്.

കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന കേരള ക്ലബ് അടക്കം കളിക്കുന്ന ലീഗില്‍ 13 ടീമുകളാണ് കഴിഞ്ഞ സീസണില്‍ കളിച്ചത്. ഈ ടീമുകളെല്ലാം തന്നെ കനത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഐഎംജി റിലയന്‍സ് എന്ന കമ്പനി രൂപീകരിച്ചായിരുന്നു നിതാ അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഫുട്‌ബോള്‍ ബിസിനസിലേക്ക് ഇറങ്ങിയത്.

തുടക്കത്തില്‍ നല്ലരീതിയില്‍ മുന്നോട്ടു പോയെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാന്‍ ഐഎസ്എല്ലിന് സാധിക്കാതെ വന്നു. ഹീറോ മോട്ടോര്‍കോര്‍പ് ഒഴിവായ ശേഷം ടൈറ്റില്‍ സ്‌പോണ്‍സര്‍ പോലും കണ്ടെത്താന്‍ സംഘാടകര്‍ക്ക് സാധിച്ചിരുന്നില്ല.

ലീഗിന്റെ പകിട്ട് മങ്ങിയതോടെ ടിവി റേറ്റിംഗ് ഇടിഞ്ഞു. ഇതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടിവി സംപ്രേക്ഷണത്തില്‍ നിന്ന് ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ അടക്കം റിലയന്‍സിന്റെ സ്‌പോര്‍ട്‌സ് ചാനലായിരുന്നു കളികള്‍ സംപ്രേഷണം ചെയ്തത്.

ടീമുകള്‍ക്കും കൈപൊള്ളി

സാമ്പത്തികമായി വലിയ തിരിച്ചടിയിലൂടെയാണ് ഐഎസ്എല്‍ ക്ലബുകള്‍ മുന്നോട്ടു പോകുന്നത്. പ്രതിവര്‍ഷം 5 മുതല്‍ 10 കോടി രൂപ വരെ ഓരോ ക്ലബുകള്‍ക്കും നഷ്ടം സംഭവിക്കുന്നുണ്ട്. കളിക്കാരുടെ പ്രതിഫലം അടക്കം ഓരോ വര്‍ഷവും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇത് ടീമുകളുടെ നിലനില്‍പ്പിന് കനത്ത ഭീഷണിയാണ്.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പുതിയ സീസണ്‍ ആരംഭിക്കണമെന്നിരിക്കേ ക്ലബുകളൊന്നും പ്രീസീസണ്‍ പരിശീലനം പോലും ആരംഭിച്ചിട്ടില്ല. ഈ വര്‍ഷം ലീഗ് നടക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംഘാടകരുടെ ഭാഗത്തു നിന്ന് പ്രതികരണം വന്നിട്ടില്ല.

ആഗോള തലത്തില്‍ വലിയ ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് പോലും ലാഭത്തിന്റെ അടുത്തു പോലും എത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വിരോധാഭാസം. ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തന്‍ ക്ലബുകളും ഒഴികെ ഐഎസ്എല്ലില്‍ കളിക്കുന്ന ടീമുകള്‍ക്കൊന്നും കാര്യമായി ആരാധക പിന്തുണയില്ല. സിനിമ താരങ്ങളും ക്രിക്കറ്റര്‍മാരും ടീമുകളെ സ്വന്തമാക്കിയിരുന്നെങ്കിലും ഇവരെല്ലാം ടീമുകളെ വിറ്റൊഴിയാനുള്ള ഒരുക്കത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT