രാജ്യത്തെ മുന്‍നിര കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ മുന്നേറ്റം കാഴ്ച്ചവയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു. എന്നാല്‍ ചെലവ് വര്‍ധിച്ചത് ലാഭത്തിലെ വളര്‍ച്ച കുറച്ചു. മൂന്നാംപാദത്തില്‍ വരുമാനം 2.65 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷം ഡിസംബര്‍ പാദത്തിലിത് 2.40 ലക്ഷം കോടി രൂപയായിരുന്നു.
ഡിസംബര്‍ 31 പാദത്തിലെ ലാഭം 18,645 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാനപാദത്തിലിത് 18,540 കോടി രൂപയായിരുന്നു. 0.6 ശതമാനം മാത്രമാണ് വര്‍ധന. വരുമാനം വിപണി നിഗമനങ്ങള്‍ക്ക് മുകളില്‍ നിന്നെങ്കിലും അത് ലാഭത്തിലേക്ക് പരിണമിച്ചില്ലെന്നതാണ് ശ്രദ്ധേയം. വിപണിയുടെ പ്രതീക്ഷകള്‍ക്കൊത്ത് ലാഭത്തില്‍ വര്‍ധനവുണ്ടാകാത്തത് തിങ്കളാഴ്ച ഓഹരിവിപണിയില്‍ പ്രതിഫലിച്ചേക്കും.
ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തില്‍ 8.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം സമാനപാദത്തിലെ 1.49 ലക്ഷം കോടി രൂപയില്‍ നിന്ന് 1.72 ലക്ഷം കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടു മുന്‍പാദത്തില്‍ 1.61 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. ജിയോ ബിപി വഴിയുള്ള റീട്ടെയ്ല്‍ ഓപ്പറേഷന്‍സ് 2,125 ഔട്ട്‌ലെറ്റുകളിലേക്ക് വളര്‍ന്നു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ ഏറ്റെടുക്കലുകളും ലയനവും റിലയന്‍സിന് ഗുണം ചെയ്തു. ഡിജിറ്റല്‍ ബിസിനസ് വരുമാനത്തില്‍ 12.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വരുമാനം 43,683 കോടി രൂപയായി ഉയര്‍ന്നു. ലാഭം 7,629 കോടി രൂപയാണ്. 11.2 ശതമാനത്തിന്റെ വര്‍ധന. മുന്‍ വര്‍ഷം സമാനപാദത്തിലെ വരുമാനം 38,750 കോടി രൂപയായിരുന്നു.
റിലയന്‍സ് ജിയോയുടെ സബ്‌സ്‌ക്രിപ്ഷന്‍ 515.3 മില്യണായി വര്‍ധിച്ചു. 5ജി ഉപയോക്താക്കള്‍ 250 മില്യണ്‍ കടക്കുന്നതിനും കഴിഞ്ഞ പാദം സാക്ഷ്യംവഹിച്ചു. ജിയോഎയര്‍ഫൈബര്‍ 10 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടി. ഇത് ആഗോള തലത്തില്‍ ആദ്യമായാണ്. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 5.1 ശതമാനം വര്‍ധിച്ച് 213.7 രൂപയായി.
ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും റഷ്യന്‍ എണ്ണയ്ക്ക് യുഎസിന്റെ ഭീഷണിയും റിലയന്‍സിന്റെ ഓയില്‍ ആന്‍ഡ് ഗ്യാസ് വരുമാനത്തെ സാരമായി ബാധിച്ചു. വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.4 ശതമാനം ഇടിഞ്ഞ് 5,833 കോടി രൂപയായി.
റീട്ടെയ്ല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 8.1 ശതമാനം ഉയര്‍ന്ന് 97,605 കോടി രൂപയായി. ജിഎസ്ടി പരിഷ്‌കാരത്തിന്റെ നേട്ടം സെപ്റ്റംബര്‍-ഡിസംബര്‍ പാദത്തിലെ ഉയര്‍ന്ന ഉപഭോക്തൃ താല്പര്യം എന്നിവയെല്ലാം വരുമാനത്തില്‍ പ്രതിഫലിച്ചു. ഇക്കാലയളവില്‍ പുതിയ 431 സ്‌റ്റോറുകള്‍ തുറക്കാനും കമ്പനിക്ക് സാധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine