റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള പെട്രോള്‍ പമ്പുകളില്‍ ഇന്ധന വിതരണത്തിന് നിയന്ത്രണമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പങ്കുവച്ച് ചില ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പങ്കുവച്ചത്. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നും ഇന്ധനവില്പനയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ലെന്നും കമ്പനി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയതോടെ രാജ്യത്തേക്കുള്ള ഇന്ധന വരവ് കുറഞ്ഞിരുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ കൂടിയുള്ള എണ്ണക്കപ്പലുകളുടെ വരവ് കുറഞ്ഞതാണ് കാരണം. ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തലും പാക്കിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ചകളും ഫലപ്രദമായാല്‍ യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയുടെ ഫലം മറിച്ചാകുന്ന പക്ഷം എണ്ണലഭ്യതയില്‍ ആശങ്ക നിലനില്‍ക്കുന്നു.
റിലയന്‍സും ബ്രിട്ടീഷ് കമ്പനിയായ ബിപിയും ചേര്‍ന്നുള്ള ജിയോബിപിക്ക് രാജ്യത്തുടനീളം 2,000ത്തിലധികം പെട്രോള്‍ പമ്പുകളുണ്ട്. എണ്ണ വില്പനയ്ക്ക് ജിയോബിപി നിയന്ത്രണം കൊണ്ടുവന്നാല്‍ അത് രാജ്യവ്യാപക ചലനങ്ങളുണ്ടാക്കും. അതേസമയം, എണ്ണ വില്പന നിയന്ത്രിക്കാന്‍ ഏകീകൃത നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടില്ലെന്നും പ്രാദേശികമായ ചില നിയന്ത്രണങ്ങളുടെ പേരിലാകും വാര്‍ത്ത പ്രചരിച്ചതെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രാജ്യത്തുടനീളം ഇന്ധന വിതരണത്തില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലെന്നാണ് പൊതുമേഖല കമ്പനികള്‍ പറയുന്നത്. റഷ്യന്‍ എണ്ണയുടെ വരവ് കൂടിയതും ഗള്‍ഫിതര രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയതും വിപണിയില്‍ ലഭ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം പാചകവാതക വിതരണത്തില്‍ ഉണ്ടായ പ്രതിസന്ധിക്കും അയവ് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍പിജി നല്കാന്‍ തയാറാണെന്ന് റഷ്യ സന്നദ്ധത അറിയിച്ചത് നേട്ടമായി.
പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ക്രൂഡ്ഓയില്‍ വില ബാരലിന് 100 ഡോളറില്‍ താഴെയെത്തിച്ചിരുന്നു. 120 ഡോളര്‍ വരെ പോയ ബ്രെന്റ് ക്രൂഡിന്റെ വില നിലവില്‍ 95 ഡോളറുകളിലാണ്. വരുംദിവസങ്ങളിലെ ചര്‍ച്ചയുടെ ഫലത്തെ അനുസരിച്ചിരിക്കും ക്രൂഡ് വിപണിയുടെ പോക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine