www.dassaultfalcon.com
News & Views

റഫാല്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് അനില്‍ അംബാനി, 10,000 കോടി നിക്ഷേപിക്കും, മൂന്ന് വര്‍ഷത്തിനുള്ളില്‍ മെയ്ഡ് ഇൻ ഇന്ത്യ ജെറ്റുകളും ആകാശത്തേക്ക്

ഫ്രാന്‍സിന് പുറത്ത് നിര്‍മിക്കുന്ന ആദ്യ ദസോ വിമാനമായിരിക്കുമിത്

Dhanam News Desk

എയ്‌റോസ്‌പേസ് മേഖലയില്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ്. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വാണിജ്യ വിമാനം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കീഴില്‍ ഏവിയേഷന്‍, പ്രതിരോധ രംഗത്തെ ബിസിനസുകള്‍ ചെയ്യുന്ന കമ്പനിയാണ് റിലയന്‍സ് ഡിഫന്‍സ്. മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഫ്രയിലൂടെ സമാഹരിക്കുന്ന മൂലധനമാണ് കമ്പനിയില്‍ നിക്ഷേപിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെയും വിദേശ കറന്‍സി ബോണ്ടുകളിലൂടെയും 17,600 കോടി സമാഹരിക്കാനാണ് റിലയന്‍സ് ഇന്‍ഫ്രയുടെ പദ്ധതി.

അതേസമയം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള ഏവിയേഷന്‍ വിപണിയിലെ പ്രമുഖ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്ന് റിലയന്‍സ് ഡിഫന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജേഷ് ഡിന്‍ഗ്ര മിന്റിനോട് പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ഫാല്‍ക്കന്‍ 200 വാണിജ്യ ജെറ്റ് വിമാനം 2028ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വിമാനം നിര്‍മിക്കാമെന്ന് ദസോ സമ്മതിച്ചത് റിലയന്‍സ് ഡിഫന്‍സിന് ലഭിച്ച അംഗീകാരമാണ്. ലോകത്ത് വാണിജ്യ വിമാനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി ഇങ്ങനെ

ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ എസ്.എയുടെ ഫാല്‍ക്കന്‍ 2000 സീരീസില്‍ പെട്ട ജെറ്റ് വിമാനം നാഗ്പൂരിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. ഇരുകമ്പനികളുടെയും സംയുക്ത സംരംഭമായ ദസോ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡിനാണ്(ഡി.ആര്‍.എ.എല്‍) നിര്‍മാണ ചുമതല. ഫ്രാന്‍സിന് പുറത്ത് നിര്‍മിക്കുന്ന ആദ്യ ദസോ വിമാനമായിരിക്കുമിത്. പ്രതിവര്‍ഷം 22 വിമാനങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന 4 ലക്ഷം ചതുരശ്ര അടി നിര്‍മാണ കേന്ദ്രവും ഇവിടെ ഒരുക്കും. നിലവില്‍ ഫാല്‍ക്കന്‍ 2000 ജെറ്റുകള്‍ക്കും റഫാല്‍ പോര്‍വിമാനത്തിനും വേണ്ട വിവിധ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന്റെ തിരക്കിലാണ് കമ്പനി. വ്യോമസേനക്ക് വേണ്ടി റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇരുകമ്പനികളുടെയും സഹകരണം തുടങ്ങുന്നത്.

https://www.dassaultfalcon.com/

ഫാല്‍ക്കന്‍ 2000

നിരവധി ലക്ഷ്വറി ഫീച്ചറുകളും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്നതുമായ ബിസിനസ് ജെറ്റാണ് ഫാല്‍ക്കന്‍ 2000. ഫാല്‍ക്കന്‍ 900 ട്രൈജെറ്റ് ഇരട്ട എഞ്ചിനുകളാണ് വിമാനത്തിന് കരുത്ത് നല്‍കുന്നത്. 2000ഇ.എക്‌സ്, 2000എല്‍എക്‌സ്, 2000എസ് തുടങ്ങിയ വേരിയന്റുകളും വിമാനത്തിനുണ്ട്. ഏതാണ്ട് 700ലധികം ഫാല്‍ക്കന്‍ 2000 വിമാനങ്ങള്‍ കമ്പനി വില്‍പ്പന നടത്തിയിട്ടുണ്ട്. അന്തരിച്ച രത്തന്‍ ടാറ്റ, കാറോട്ടക്കാരന്‍ മൈക്കല്‍ ഷുമാക്കര്‍ തുടങ്ങിയ പല പ്രമുഖരുടെയും ഇഷ്ട വിമാനങ്ങളൊന്നാണിത്. 300 കോടി രൂപയോളമാണ് വിമാനത്തിന് വില വരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT