Image Courtesy: ril.com, canva 
News & Views

നിരക്ക് കൂട്ടാന്‍ ഒപ്പംനിന്ന എതിരാളികള്‍ക്ക് പണി കൊടുത്ത് ജിയോയുടെ യുടേണ്‍

മൂന്ന് പുതിയ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്

Dhanam News Desk

രാജ്യത്ത് മൊബൈല്‍ താരിഫില്‍ കഴിഞ്ഞ മാസം വര്‍ധന വരുത്തിയിരുന്നു മുന്‍നിര ടെലികോം കമ്പനികള്‍. ഉപയോക്താക്കളുടെ രോഷം നേരിടേണ്ടി വന്നെങ്കിലും വരുമാനം ഉയര്‍ത്താനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും ഇതുവഴി സേവനദാതാക്കള്‍ക്ക് സാധിച്ചിരുന്നു. സ്വകാര്യ കമ്പനികളില്‍ നിന്നുള്ള ഉപയോക്താക്കള്‍ നിരക്ക് കൂട്ടാത്ത ബി.എസ്.എന്‍.എല്ലിലേക്ക് ഒഴുകാനും നിരക്ക് വര്‍ധന കാരണമായി.

ഇപ്പോഴിതാ തങ്ങളുടെ ഉപയോക്താക്കളെ സന്തോഷിപ്പിക്കാന്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. കൂടുതല്‍ ഡേറ്റയും ഒ.ടി.ടി പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്ഷനുകളും നല്‍കി ഉപയോക്താക്കളുടെ രോഷം അകറ്റാനാണ് ജിയോയുടെ നീക്കം.

പുതിയ പ്ലാനുകള്‍

മൂന്ന് പുതിയ പ്ലാനുകളാണ് ഉപയോക്താക്കള്‍ക്കായി ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് 329 രൂപയുടെ പാക്കേജാണ്. പ്രതിദിനം 1.5 ജി.ബിയും സൗജന്യ ഫോണ്‍കോളുകളും ഒപ്പം 100 എസ്.എം.എസുകളും അടങ്ങുന്ന പാക്കേജിന്റെ കാലാവധി 28 ദിവസമാണ്. ഈ പാക്കേജിനൊപ്പം ജിയോസാവന്‍ പ്രോ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും.

കൂടുതല്‍ ഇന്റര്‍നെറ്റ് ഡേറ്റ ആവശ്യമുള്ളവര്‍ക്കായി 949 രൂപയുടെ പാക്കേജാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 84 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം 2 ജി.ബി ഡേറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് ഫോണ്‍ കോളിനൊപ്പം പ്രതിദിനം 100 മെസേജുകളും ഈ പാക്കേജില്‍ ഉള്‍പ്പെടും. 90 ദിവസത്തെ ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കുമെന്നത് ഈ പാക്കേജിന്റെ ആകര്‍ഷണീയതയാണ്.

1,049 രൂപയുടെ പാക്കേജും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 949 രൂപയുടെ പാക്കേജിനൊപ്പമുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിലുമുണ്ട്. സോണി ലിവ്, സീ5 സബ്‌സ്‌ക്രിപ്ഷനുകളും സൗജന്യമായി ഇതിനൊപ്പം ലഭിക്കും. 84 ദിവസം തന്നെയാണ് വാലിഡിറ്റി. ജിയോ സിനിമ, ജിയോക്ലൗഡ്, ജിയോസിനിമ സബ്‌സ്‌ക്രിപ്ഷനുകളും സൗജന്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT