Image : relianceada.com 
News & Views

വലിയ പ്രതിസന്ധികള്‍ക്കിടെ അനില്‍ അംബാനിക്ക് ചെറിയ ആശ്വാസം! റിലയന്‍സ് 'പവറില്‍' നിക്ഷേപകര്‍ക്ക് വിശ്വാസക്കുറവ്

പാദഫലങ്ങള്‍ അനുകൂലമായി പുറത്തുവന്നിട്ടും റിലയന്‍സ് പവര്‍ ഓഹരികളില്‍ കുതിപ്പ് ഉണ്ടായില്ലെന്ന് മാത്രമല്ല ഒരുഘട്ടത്തില്‍ രണ്ട് ശതമാനത്തിലധികം ഇടിയുകയും ചെയ്തു

Dhanam News Desk

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) മറ്റ് ഏജന്‍സികളും വട്ടമിട്ട് പറക്കുന്നതിനിടെ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അംബാനിക്ക് ബിസിനസ് ലോകത്തുനിന്ന് ആശ്വാസവാര്‍ത്ത. റിലയന്‍സ് ഗ്രൂപ്പിലെ ഉപകമ്പനികളിലൊന്നായ റിലയന്‍സ് പവര്‍ രണ്ടാംപാദത്തില്‍ 87 കോടി രൂപ ലാഭം നേടി.

സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ 87 കോടി രൂപയാണ് റിലയന്‍സ് പവറിന്റെ ലാഭം. മുന്‍പാദങ്ങളെ അപേക്ഷിച്ച് വരുമാനം ഉയര്‍ന്നതാണ് കമ്പനിക്ക് ഗുണം ചെയ്തത്. വരുമാനം 1,974 കോടി രൂപയായി സെപ്റ്റംബര്‍ പാദത്തില്‍ ഉയര്‍ന്നു. ജൂണ്‍ പാദത്തിലിത് 1,886 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തേക്കാള്‍ ലാഭം ഇരട്ടിയായി വര്‍ധിപ്പിക്കാനും റിലയന്‍സ് പവറിന് സാധിച്ചു.

മുന്‍ വര്‍ഷം സമാനപാദത്തില്‍ വരുമാനവും 1,760 കോടി രൂപയായിരുന്നു. കമ്പനിയുടെ ചില കടബാധ്യതകള്‍ മാതൃകമ്പനി ഏറ്റെടുത്തത് വരുമാനത്തിലേക്ക് മാറ്റിയതുവഴി 2,878 കോടി രൂപയായിരുന്നു ലാഭമായി കാണിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് വരുമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചത് റിലയന്‍സ് പവറിന് ആത്മവിശ്വാസമേകുന്നുണ്ട്.

ഓഹരിവിലയില്‍ ഇടിവ്

പാദഫലങ്ങള്‍ അനുകൂലമായി പുറത്തുവന്നിട്ടും റിലയന്‍സ് പവര്‍ ഓഹരികളില്‍ കുതിപ്പ് ഉണ്ടായില്ലെന്ന് മാത്രമല്ല ഒരുഘട്ടത്തില്‍ രണ്ട് ശതമാനത്തിലധികം ഇടിയുകയും ചെയ്തു. റിലയന്‍സ് ഗ്രൂപ്പിന്റെ വിവിധ അനുബന്ധ കമ്പനികള്‍ക്കെതിരേ ഇഡി നടപടി തുടങ്ങിയതും ആസ്തികള്‍ കണ്ടുകെട്ടുന്നതുമാണ് നിക്ഷേപകരെ അകറ്റിനിര്‍ത്തുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ അടുത്തിടെ 7,000 കോടി രൂപയുടെ ആസ്തികളാണ് അനില്‍ അംബാനിക്ക് നഷ്ടപ്പെട്ടത് അടുത്തു തന്നെ കൂടുതല്‍ ആസ്തികള്‍ ഇഡി കണ്ടുകെട്ടുമെന്നാണ് വിവരം.

അനിലിന് എന്താണ് സംഭവിക്കുന്നത് ?

തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ച സമയത്ത് അനിലിന്റെ തിരിച്ചടി തുടങ്ങുന്നത് 2024 ഓഗസ്റ്റിലാണ്. റിലയന്‍സ് ഹോം ഫിനാന്‍സിലെ ഫണ്ടുമായി ബന്ധപ്പെട്ട തിരിമറികള്‍ക്ക് അനില്‍ അംബാനിയടക്കം 24 പേര്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അഞ്ചുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

ലിസ്റ്റ് ചെയ്ത കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നതിനോ വിപണിയില്‍ ഇടപെടുന്നതിനോ അനില്‍ അടക്കമുള്ളവര്‍ക്ക് വിലക്ക് നേരിടേണ്ടി വന്നു. അനിലിന് 25 കോടി രൂപയുടെ പിഴയും ചുമത്തി. തിരിമറികളുടെ സൂത്രധാരന്‍ അനില്‍ അംബാനിയാണെന്ന സെബി അംഗം അനന്ദ് നാരായണന്റെ അന്വേഷണ റിപ്പോര്‍ട്ട് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന് നാണക്കേടായി മാറി. റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ വിശ്വാസ്യതയ്ക്കുമേലുള്ള വലിയ പ്രഹരമായിരുന്നു ഇത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT