റിലയന്‍സ് റീട്ടെയ്ല്‍ ഹെയര്‍കെയര്‍ ബ്രാന്‍ഡായ അനോമാലിയെ (Anomaly) സ്വന്തമാക്കി. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ആയിരുന്നു ഇത്. പേഴ്‌സണല്‍ ഹെയര്‍കെയര്‍ മേഖലയില്‍ കൂടുതല്‍ വിപണി പങ്കാളിത്തം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കല്‍.
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിറ (Tira) വഴി അനോമലി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് പദ്ധതി. 28 സംസ്ഥാനങ്ങളില്‍ ടിറയ്ക്ക് സ്റ്റോറുകളുണ്ട്. 2021ലാണ് പ്രിയങ്ക അനോമാലി ബ്രാന്‍ഡിന് തുടക്കമിടുന്നത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ബ്രാന്‍ഡിന് സാന്നിധ്യമുണ്ട്.
ക്‌ളീന്‍, വെഗാന്‍ ഹെയര്‍കെയര്‍ ബ്രാന്‍ഡായ അനോമലിയുടെ ഏറ്റെടുക്കല്‍ അതിവേഗത്തില്‍ വളരുന്ന സൗന്ദര്യ, പേഴ്സണല്‍കെയര്‍ വിഭാഗത്തില്‍ റിലയന്‍സ് റീട്ടെയിലിന് കൂടുതല്‍ മേധാവിത്വം നല്കുമെന്ന് കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.
ബ്രാന്‍ഡിന്റെ ഇന്നവേഷന്‍, വിഷന്‍, ഉത്പന്ന വികസനം എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി പ്രിയങ്ക ചോപ്ര കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ പദവി ഏറ്റെടുക്കും. ഏത്ര കോടി രൂപയ്ക്കാണ് ഇടപാടെന്ന് റിലയന്‍സ് വ്യക്തമാക്കിയിട്ടില്ല.
റിലയന്‍സ് റീട്ടെയ്ല്‍ ഇതാദ്യമായല്ല ഒരു ബ്രാന്‍ഡിനെ ഏറ്റെടുക്കുന്നത്. മാര്‍ച്ചില്‍ പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ 'പഹാഡി ലോക്കല്‍' (Pahadi Local) ബ്രാന്‍ഡിനെ സ്വന്തമാക്കിയിരുന്നു. പഹാഡി ഗുഡ്‌നെസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് ബ്രാന്‍ഡും അതിന്റെ ബിസിനസ് ആസ്തികളും റിലയന്‍സ് സ്വന്തമാക്കിയത്.
ഹിമാലയന്‍ പ്രദേശങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് പഹാഡി ലോക്കലിന്റെ സവിശേഷത. ഹിമാലയന്‍ ആപ്രിക്കോട്ട് കേര്‍ണല്‍ ഓയില്‍ ആണ് ഇവരുടെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നം. ലഡാക്ക്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വനിതാ സ്വയംസഹായ സംഘങ്ങളുമായി ചേര്‍ന്നാണ് ബ്രാന്‍ഡ് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത്.
സ്വന്തം ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിന് പകരം നിലവിലുള്ള കമ്പനികളെ ഏറ്റെടുത്ത് വിപണിയില്‍ അതിവേഗ കുതിപ്പ് നടത്തുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. പേഴ്‌സണല്‍ കെയര്‍ മേഖലയില്‍ രാജ്യത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിന്റെ ഭാഗമായാണ് ഈ മേഖലയിലെ അധിക നിക്ഷേപങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine