17 ലക്ഷം കോടി രൂപ (200 ബില്യന്‍ ഡോളര്‍) മൂല്യം കണക്കാക്കി റിലയന്‍സ് റീട്ടെയില്‍ പ്രാരംഭ ഓഹരി വില്‍പ്പനക്ക് (ഐ.പി.ഒ) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഐ.പി.ഒ അടുത്ത വര്‍ഷമുണ്ടാകുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബംപര്‍ ഐ.പി.ഒ കൂടി വിപണിയിലേക്ക് എത്തുന്നത്. ജിയോക്ക് പിന്നാലെ 2027ല്‍ റിലയന്‍സ് റീട്ടെയിലിന്റെയും ഐ.പി.ഐയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിലയന്‍സ് റിട്ടെയില്‍ ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി എഫ്.എം.സി.ജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിനെ റിലയന്‍സ് റീട്ടെയില്‍ നിന്ന് വേര്‍തിരിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേരിട്ടുള്ള സബ്‌സിഡിയറിയായി ഇതിനെ മാറ്റും. ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചാല്‍ ഈ മാസത്തിന്റെ അവസാനത്തോടെ റിലയന്‍സ് കണ്‍സ്യൂമറിന്റെ വേര്‍പെടുത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും റിലയന്‍സ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഷ്ടത്തിലുള്ള റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍ പൂട്ടുകയോ മാറ്റം വരുത്തുകയോ ചെയ്യും. ഇതുവഴി നഷ്ടം കുറക്കാനും കൂടുതല്‍ മൂല്യം കണക്കാക്കാനും കഴിയുമെന്നാണ് കരുതുന്നത്. 200 ബില്യന്‍ ഡോളറെങ്കിലും മൂല്യം കണക്കാക്കാന്‍ കഴിയുമെന്നാണ് റിലയന്‍സിന്റെ പ്രതീക്ഷ. വിപണി പ്രവേശനം സാധ്യമായാല്‍ കമ്പനിയിലെ പ്രമുഖ നിക്ഷേപകരായ സിംഗപ്പൂര്‍ ജി.ഐ.സി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കെ.കെ.ആര്‍, ടി.പി.ജി, സില്‍വര്‍ ലേക്ക് പോലുള്ളവര്‍ക്കും അവരുടെ ഓഹരി വിഹിതം വിറ്റൊഴിയാവുന്നതാണ്. അതേസമയം, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് റിലയന്‍സ് റീട്ടെയില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ജൂണ്‍ 30ലെ കണക്ക് അനുസരിച്ച് രാജ്യത്ത് 19,592 സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയിലിനുള്ളത്. റിലയന്‍സ് സ്മാര്‍ട്ട്, ഫ്രെഷ്പിക്ക്, റിലയന്‍സ് ഡിജറ്റല്‍, ജിയോ മാര്‍ട്ട്, റിലയന്‍സ് ട്രെന്‍ഡ്‌സ്, 7 ഇലവന്‍, റിലയന്‍സ് ജുവല്‍സ്, യൂസ്റ്റ, മെട്രോ, ട്രെന്‍ഡ് ഫുട്‌വെയര്‍, അജിയോ, പോര്‍ട്ടികോ തുടങ്ങിയ ബ്രാന്‍ഡുകളാണ് കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇവക്കെല്ലാമായി 77.6 ദശലക്ഷം ചതുരശ്ര അടി റീട്ടെയില്‍ ഏരിയയും കമ്പനിക്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 3,30,870 കോടി രൂപയുടെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. 25,053 കോടി രൂപയാണ് കമ്പനിയുടെ നികുതിക്കും ലാഭത്തിനും മുമ്പുള്ള വരുമാനം (EBIDTA). 35.8 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നും റിലയന്‍സ് റീട്ടെയില്‍ വെബ്‌സൈറ്റ് പറയുന്നു.
Mukesh Ambani is preparing to list Reliance Retail with a target valuation of $200 billion. Check details on the IPO plan, market impact, and future growth strategy.
Read DhanamOnline in English
Subscribe to Dhanam Magazine