Image : Canva 
News & Views

എണ്ണയില്‍ കേന്ദ്രത്തിന്റെ 'ഒളിച്ചുകളി' സൗദിയുടെ നിര്‍ണായക നീക്കം, കൂട്ടിന് ഒപെക്കും; ക്രൂഡില്‍ നിര്‍ണായ വ്യതിചലനം?

രാജ്യത്ത് അവശ്യ സാധാനങ്ങളുടെ വില വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഇന്ധന വിലക്കയറ്റമാണ്

Dhanam News Desk

ഇന്ധനവില പരമാവധി കുറച്ച് സാധാരണക്കാര്‍ക്ക് ആവശ്യത്തിന് കരുതല്‍ നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യ വാഗ്ദാനം. എന്നാല്‍ ക്രൂഡ് വില അടിക്കടി ഇടിയുമ്പോഴും വാക്കുപാലിക്കാതെ ഒഴിഞ്ഞു മാറുകയാണ് കേന്ദ്രം. സാധാരണക്കാര്‍ക്ക് ആശ്വാസം കിട്ടാന്‍ പുതിയ ടാര്‍ജറ്റും വച്ചിരിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

കേന്ദ്രത്തിന്റെ യു ടേണ്‍

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ജൂണില്‍ 80 ഡോളറിന് മുകളിലായിരുന്നു ക്രൂഡ് വില. പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റതിനു പിന്നാലെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എണ്ണവില കുറയ്ക്കുന്നതിന്റെ സൂചനകളും നല്‍കിയിരുന്നു. 80 ഡോളറിന് താഴെയെത്തിയാല്‍ വില കുറയ്ക്കാന്‍ പിന്നെ അമാന്തിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. ക്രൂഡ് പിന്നെയും താഴേക്കു പോകുന്നതാണ് കണ്ടത്. എന്നാല്‍ ഉറപ്പില്‍ നിന്ന് മന്ത്രി പിന്നോട്ടു പോയി.

ക്രൂഡ് വില നിലവില്‍ 64-65 ഡോളറിനരികിലാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ അരശതമാനത്തിലധികം എണ്ണവില വര്‍ധിച്ചു. 60-65 ഡോളര്‍ നിലവാരത്തില്‍ എണ്ണവില സ്ഥിരത കാണിച്ചാല്‍ സാധാരണക്കാരന് ആശ്വാസം പകരുന്ന തീരുമാനം പ്രതീക്ഷിക്കാമെന്നാണ് മന്ത്രിയുടെ പുതിയ വാഗ്ദാനം. എന്നാല്‍ 65 ഡോളറിന് താഴെ സ്ഥിരമായി എണ്ണവില നില്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

രാജ്യത്ത് അവശ്യ സാധാനങ്ങളുടെ വില വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഇന്ധന വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ്. കടത്തുകൂലി ഉള്‍പ്പെടെ വര്‍ധിക്കാന്‍ എണ്ണവിലയിലെ മുന്നേറ്റം വഴിയൊരുക്കുന്നുണ്ട്. മധ്യവര്‍ഗത്തിന്റെ കൈയില്‍ നിന്ന് വിപണിയിലേക്ക് ഇറങ്ങേണ്ട പണത്തിന്റെ അളവ് കൂട്ടാന്‍ ഇന്ധനവില കുറയ്ക്കുന്നത് സഹായിക്കും.

അതേസമയം, ക്രൂഡ് ഓയില്‍ വില 60 ഡോളറില്‍ താഴെയാകാന്‍ സാധ്യത കാണുന്നില്ലെന്നാണ് പൊതുമേഖല ഓയില്‍ കമ്പനിയായ ഒ.എന്‍.ജി.സിയുടെ കണക്കുകൂട്ടല്‍. അമേരിക്കന്‍ താരിഫ് യുദ്ധവും കുറഞ്ഞ വളര്‍ച്ചാ നിരക്കും ആഗോള തലത്തില്‍ എണ്ണവില നിയന്ത്രിച്ചു നിര്‍ത്തുമെങ്കിലും ഒരു പരിധിവിട്ട് താഴേക്ക് പോകാനുള്ള സാധ്യത കുറവാണെന്ന് ഒ.എന്‍.ജി.സി ഡയറക്ടര്‍ (ഫിനാന്‍സ്) വിവേക് ചന്ദ്രകാന്ത് വ്യക്തമാക്കി.

ഒപെക് കനിയുമോ?

ഡിമാന്‍ഡ് കുറയുന്നതിനാല്‍ എണ്ണ ഉത്പാദനം കുറയ്ക്കുകയെന്ന തന്ത്രത്തിലൂന്നിയായിരുന്നു ഒപെക് പ്ലസ് രാജ്യങ്ങള്‍ മുന്നോട്ടു പോയിരുന്നത്. എന്നാല്‍ മെയ് മുതല്‍ വിപണിയിലേക്കുള്ള എണ്ണ ഒഴുക്ക് കൂട്ടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ഇത് ക്രൂഡ് വില ഇനിയും കുറയാന്‍ ഇടയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നുണ്ട്. മറ്റൊന്നു കൂടി ഇതിനിടയില്‍ സംഭവിച്ചു.

ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യ എണ്ണവിലയില്‍ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എണ്ണവില താഴ്ത്തി. ഒമാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ വിലയേക്കാള്‍ കുറവിലാണ് സൗദി എണ്ണ വില്ക്കുന്നത്. വിപണിയിലെ മേധാവിത്വം അരക്കിട്ടുറപ്പിക്കാനാണ് സൗദിയുടെ നീക്കമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മെയ് മുതല്‍ പ്രതിദിനം 4,11,000 ബാരല്‍ ക്രൂഡ് അധികമായി വിപണിയിലേക്ക് എത്തുമ്പോള്‍ ആഗോള വിലയില്‍ ഇനിയും ഇടിവുണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ക്രൂഡ് വില 60 ഡോളറിന് താഴെയാകും. ആഗോള തലത്തില്‍ മാന്ദ്യാവസ്ഥ നിലനില്‍ക്കുന്നതും ചൈന ഉള്‍പ്പെടെ മുന്‍നിര എണ്ണഇറക്കുമതി രാജ്യങ്ങളില്‍ ഡിമാന്‍ഡ് കുറയുന്നതും എണ്ണ ഉത്പാദകര്‍ക്ക് ശുഭസൂചനയല്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT