News & Views

മുടക്കിയത് കോടികള്‍, വില്‍പ്പന ഒറ്റ മോഡല്‍ മാത്രം! ഇന്ത്യയിലെ മുഴുവന്‍ ഓഹരികളും ഫ്രഞ്ച് കമ്പനിക്ക് വിറ്റ് നിസാന്‍

ആഗോള വിപണിയില്‍ നിസാന്റെ സൂപ്പര്‍ താരമായ നിസാന്‍ പട്രോളുമായി സാദൃശ്യമുള്ള രീതിയിലാണ് 5 സീറ്റര്‍ ബി-എസ്.യു.വിയെ അവതരിപ്പിക്കുന്നത്

Dhanam News Desk

റെനോ (Renault) നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ ലിമിറ്റഡിലെ നിസാന്റെ മുഴുവന്‍ ഓഹരികളും ഏറ്റെടുക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മാതാവായ റെനോ. ജാപ്പനീസ് കമ്പനിയായ നിസാന്റെ പേരിലുള്ള 51 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതോടെ ഇരുകമ്പനികളുടെയും സംയുക്ത സംരംഭത്തിന്റെ പൂര്‍ണ അധികാരം റെനോക്ക് സ്വന്തമാകും. എന്നാല്‍ എത്ര രൂപയുടെ ഇടപാടാണ് ഇരുകമ്പനികളും തമ്മില്‍ നടന്നതെന്ന് വ്യക്തമാക്കാന്‍ റെനോ തയ്യാറായില്ല. ഇരുകമ്പനികളും തമ്മില്‍ നിലവിലുള്ള എല്ലാ പ്രോജക്ടുകളും മാറ്റമില്ലാതെ തുടരുമെന്നും ഭാവിയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെന്നും റെനോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇരുകമ്പനികളുടെയും സംയുക്ത സംരംഭമായ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ നിര്‍മാണ യൂണിറ്റില്‍ തന്നെയാകും തുടര്‍ന്നും നിസാന്റെ മോഡലുകള്‍ നിര്‍മിക്കുന്നത്. നിസാന് വേണ്ടി റെനോയാകും കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കുക. എന്നാല്‍ നിര്‍മാണ പ്ലാന്റിലെ കാര്യങ്ങള്‍ തീരുമാനിക്കാനോ മറ്റ് കാര്യങ്ങളില്‍ ഇടപെടാനോ നിസാന് നിയന്ത്രിത അധികാരം മാത്രമായിരിക്കും. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും റെനോക്കായിരിക്കും മേല്‍ക്കൈ. നിസാന്‍ 2032 വരെ പദ്ധതിയിട്ടിരുന്ന എല്ലാ മോഡലുകളും കൃത്യസമയത്ത് തന്നെ വിപണിയിലെത്തുമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.

വില്‍പ്പന ഒറ്റമോഡല്‍

ഇതിനോടകം കോടികളുടെ നിക്ഷേപം നടത്തിയെങ്കിലും കാര്യമായ വിപണി പിടിക്കാന്‍ നിസാന് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയും വില്‍പ്പന കുറഞ്ഞതും കമ്പനിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഹോണ്ടയുമായി നടത്തിയ ലയന ചര്‍ച്ചകളും പരാജയപ്പെട്ടു. തുടര്‍ന്നാണ് ഇന്ത്യയിലെ ജോയിന്റ് വെഞ്ച്വര്‍ കമ്പനിയെ റെനോയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്. നിലവില്‍ നിസാന്റെ മാഗ്നൈറ്റ് എന്ന മോഡലിന് മാത്രമാണ് ഇന്ത്യയില്‍ കാര്യമായ വില്‍പ്പന നടക്കുന്നത്.

പുതിയ മോഡലുകള്‍ ഇങ്ങനെ

നിസാന്റെ നിരവധി മോഡലുകളാണ് ഉടന്‍ വിപണിയിലെത്തുന്നത്. പുതിയ മാഗ്നൈറ്റ്, എക്‌സ്‌ട്രെയില്‍ എന്നിവക്ക് പുറമെ 7 സീറ്റര്‍ ബി-എം.പി.വി, രണ്ട് സി- എസ്.യു.വികള്‍, അഫോഡബിള്‍ ഇ.വി എന്നിവയും കമ്പനി പുറത്തിറക്കുന്നുണ്ട്. ആഗോള വിപണിയില്‍ നിസാന്റെ സൂപ്പര്‍ താരമായ നിസാന്‍ പട്രോളുമായി സാദൃശ്യമുള്ള രീതിയിലാണ് 5 സീറ്റര്‍ ബി-എസ്.യു.വിയെ അവതരിപ്പിക്കുന്നത്.

വില്‍പ്പന കണക്കുകളില്‍ മുന്നേറ്റം

അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിസാന്‍ മികച്ച വില്‍പ്പന നേടിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) 99,000 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 28,000 യൂണിറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ 71,000 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. ഏഴ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മികച്ച വില്‍പ്പനയാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT