Image Courtesy: Canva 
News & Views

വിദേശ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ അതൃപ്തി വ്യാപകമാകുന്നു, കടുത്ത വീസ നിയന്ത്രണങ്ങള്‍

ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യന്‍സിന്റെ പല പ്രത്യേകാവകാശങ്ങളും എടുത്തു കളയുന്നതാണ് പുതിയ മാറ്റങ്ങള്‍

Dhanam News Desk

എന്‍.ആര്‍.ഐ സമൂഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കേരളത്തിന്റെ കാര്യമെടുത്താന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി സമൂഹം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങളില്‍ അസ്വസ്ഥരായിരിക്കുകയാണ് പ്രവാസി സമൂഹം.

പ്രത്യേകാവകാശങ്ങള്‍ എടുത്തു കളയുന്നു

ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യന്‍സിന്റെ (ഒ.സി.ഐ) പല പ്രത്യേകാവകാശങ്ങളും എടുത്തു കളയുന്നതാണ് പുതിയ മാറ്റങ്ങള്‍. ഇന്ത്യൻ പൗരന്മാരുമായി ഏതാണ്ട് തുല്യമായ പദവിയാണ് ഒ.സി.ഐ കള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോൾ "വിദേശ പൗരന്മാർ" എന്ന് തങ്ങളെ വേര്‍തിരിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

പുതിയ നിയമം അനുസരിച്ച് തടസങ്ങളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് വിദേശ പൗരത്വമുളള ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ട്. മറ്റേതൊരു വിദേശിയെയും പോലെ ഒ.സി.ഐ കള്‍ക്ക് ജമ്മു കശ്മീരോ അരുണാചൽ പ്രദേശോ സന്ദർശിക്കാൻ ഇപ്പോൾ അനുമതി ആവശ്യമാണ്. ഇത് ഇന്ത്യയുമായുള്ള അവരുടെ തടസമില്ലാത്ത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ്.

സുരക്ഷാ ഭീഷണികള്‍ മൂലമാണ് നിയന്ത്രണങ്ങളെന്ന് വാദം

പ്രവാസി സമൂഹത്തില്‍ ഉടനീളം നിയമത്തിലെ പുതിയ മാറ്റങ്ങളില്‍ രോഷം നിഴലിക്കുന്നുണ്ട്. "ഉത്തര കൊറിയയിൽ നിന്ന് പുറത്തായതുപോലെ തോന്നുന്നു." എന്നാണ് ഒരു പ്രവാസി ഈ മാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്. സുരക്ഷാ ഭീഷണികള്‍ ഉളളതിനാലാണ് പുതിയ നിയന്ത്രണങ്ങൾ എന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ സത്യസന്ധരായ എന്‍.ആര്‍.ഐ കളെയും ഒ.സി.ഐ കളെയും ബ്യൂറോക്രാറ്റിക് കാടത്തത്തിലേക്ക് വലിച്ചെറിയുന്നതാണ് നിയമം എന്നാണ് ആരോപണമുളളത്.

കുടുംബ കാര്യങ്ങള്‍, ബിസിനസ് അല്ലെങ്കിൽ മതപരമായ ചടങ്ങുകള്‍ പോലുള്ള കാര്യങ്ങൾ തുടങ്ങിയവയ്ക്ക് നാട്ടിലേക്ക് യാത്രകൾ നടത്താന്‍ ഒ.സി.ഐ കള്‍ക്ക് ഇപ്പോൾ അനുമതി ആവശ്യമാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും നിയന്ത്രണമുണ്ട്. എന്‍.ആര്‍.ഐ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യേണ്ട സമയത്ത് സർക്കാർ തങ്ങളെ അകറ്റുന്നതായി തോന്നുന്നുവെന്നാണ് പ്രവാസി സമൂഹം പറയുന്നത്.

പ്രവാസികളുടെ ഇന്ത്യയിലേക്കുളള വരവ് കുറഞ്ഞേക്കാം

ഒ.സി.ഐകളുടെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പ്രവേശനത്തിനുള്ള വീസ നടപടിക്രമങ്ങളാണ്. മുമ്പത്തെ ഒ.സി.ഐ നിയമങ്ങൾ ഉദാരമായിരുന്നുവെന്നും പ്രവാസി സമൂഹം ചൂണ്ടിക്കാണിക്കുന്നു.

തങ്ങളെ നിയന്ത്രിക്കുന്നതിനു പകരം കേന്ദ്ര സർക്കാർ ഒരു എൻ.ആർ.ഐ/ഒ.സി.ഐ നിക്ഷേപ സംരക്ഷണ ബിൽ പാസാക്കുകയാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പ്രവാസി സമൂഹം കോടിക്കണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയുമായുള്ള പ്രവാസി സമൂഹത്തിന്റെ ബന്ധത്തെ സ്വാധീനിക്കുന്ന നയങ്ങൾ അവരുടെ അതുല്യമായ സംഭാവനകളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഒ.സി.ഐ കളുടെ പ്രത്യേകാവകാശങ്ങൾ കുറയ്ക്കുന്നത് ഇന്ത്യയിലേക്കുളള അവരുടെ സന്ദർശനങ്ങൾ കുറയുന്നതിലേക്ക് നയിക്കാനിടയുണ്ട്. അത് സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുളള സാധ്യതകളും വിദഗ്ധര്‍ കാണുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT