Restaurant canva
News & Views

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജിന് വിലക്ക്; ഉപയോക്താവിന്റെ താല്‍പര്യം ഉയര്‍ത്തി പിടിച്ച് കോടതി

ഭക്ഷണത്തിന്റെ വില നിശ്ചയിക്കാന്‍ ഹോട്ടലുകള്‍ക്ക് അവകാശമുണ്ട്. മറ്റു ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല

Dhanam News Desk

ഹോട്ടലുകളില്‍ ഭക്ഷണം നല്‍കുന്നതിന് നിര്‍ബന്ധമായി സര്‍വീസ് ചാര്‍ജ് ഈടാക്കാനാവില്ല. സര്‍വീസ് ചാര്‍ജ് നല്‍കേണോ എന്നത് ഉപയോക്താവിന് തീരുമാനിക്കാം. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ നിബന്ധനകള്‍ക്കനുസരിച്ച് മാത്രമേ ഹോട്ടലുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വാങ്ങാന്‍ അനുവാദമുള്ളൂവെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. 2022 ല്‍ അതോറിട്ടി പുറത്തിറക്കിയ നിബന്ധനകളെ ചോദ്യം ചെയ്തുള്ള ഹോട്ടല്‍ മേഖലയിലെ സംഘടനകളുടെ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഇതോടെ 2022 ലെ ചട്ടത്തിന് നിയമ സാധുതയായി. രാജ്യത്തെ ഹോട്ടല്‍ മേഖലയിലെ പ്രമുഖ സംഘടനകളായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍, നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ കോടതി രണ്ട് സംഘടനകള്‍ക്കും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ തുക കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ പൊതു ഫണ്ടിലേക്ക് നല്‍കണം.


ബില്ലില്‍ സര്‍വീസ് ചാര്‍ജ് പാടില്ല

ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ബില്ലുകളില്‍ സര്‍വീസ് ചാര്‍ജ് അനുവദിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വിവിധ പേരുകളില്‍ ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഉപയോക്താക്കളുടെ താല്‍പര്യത്തിന് വിരുദ്ധവും തെറ്റായ വ്യാപാര രീതിയുമാണ്. നല്ല സേവനത്തിന് പണം നല്‍കണോയെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഭക്ഷണത്തിന്റെ വിലയും നികുതിയും നല്‍കുന്ന ഉപയോക്താവ് വീണ്ടും സര്‍വീസ് ചാര്‍ജും അതിന്റെ നികുതിയും നല്‍കേണ്ടി വരുന്നത് തെറ്റായ പ്രവണതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.


വില നിശ്ചയിക്കാന്‍ ഹോട്ടലുകള്‍ക്ക് അവകാശമുണ്ട്

ഭക്ഷണത്തിന്റെ വില നിശ്ചയിക്കാന്‍ ഹോട്ടലുകള്‍ക്ക് അവകാശമുണ്ടെന്ന് ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് പ്രതിഭ.എം.സിംഗ് വ്യക്തമാക്കി. ഭക്ഷണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകള്‍, സ്ഥലത്തിന്റെ വാടക, നിക്ഷേപം തുടങ്ങിയ ചെലവുകളെ ആധാരമാക്കി വില വിശ്ചയിക്കാവുന്നതാണ്. എന്നാല്‍, ഒരിക്കല്‍ വില നിശ്ചയിച്ചാല്‍ മറ്റു പേരുകളില്‍ കൂടുതല്‍ പണം ഈടാക്കുന്നത് ന്യായീകരിക്കാനാകില്ല. ജസ്റ്റിസ് സിംഗ് ചൂണ്ടിക്കാട്ടി. ഒരു റസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ സര്‍വീസ് ചാര്‍ജ് വാങ്ങാന്‍ പാടില്ലെന്ന സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ നിബന്ധന നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT