ഭക്ഷ്യോത്പന്നങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വില താഴ്ന്നതോടെ രാജ്യത്തെ വിലക്കയറ്റത്തോത് റെക്കോഡ് താഴ്ച്ചയില്‍. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിലക്കയറ്റം താഴ്ന്നത് ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ അനുഭവിക്കാനായി. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയ നാണയപ്പെരുപ്പം ഒക്ടോബറില്‍ 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്.
സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോതില്‍ കേരളം ഒന്നാം സ്ഥാനത്താണ്. 8.56 ശതമാനമാണ് ഇവിടത്തെ വിലക്കയറ്റം. രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരില്‍ ഇത് 2.95 ശതമാനം മാത്രമാണ്. ബിഹാര്‍ (-1.97), ഉത്തര്‍പ്രദേശ് (-1.71) സംസ്ഥാനങ്ങളിലാണ് വിലക്കുറവ് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ നാലാം മാസമാണ് വിലക്കയറ്റം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടലിന് താഴെ നില്ക്കുന്നത്.
2012ലെ വിലയെ അടിസ്ഥാനമാക്കിയാണ് നിലവിലെ വിലക്കയറ്റ തോത് നിര്‍ണയിക്കുന്നത്. 2015 മുതലാണ് 2012നെ അടിസ്ഥാനമാക്കി വിലക്കയറ്റം നിര്‍ണയിച്ചു തുടങ്ങിയത്.
ഭക്ഷ്യോത്പന്നങ്ങളുടെ വില കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 5.02 ശതമാനമാണ് താഴ്ന്നത്. സെപ്റ്റംബറില്‍ ഇത് 2.33 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്ന വില ഇത്രത്തോളം താഴാന്‍ കാരണം ജിഎസ്ടിയില്‍ കൊണ്ടുവന്ന പരിഷ്‌കരണമാണ്. ഒട്ടുമിക്ക ഭക്ഷ്യ സാധനങ്ങളുടെയും ജിഎസ്ടി നിരക്കുകളില്‍ കുറവുവന്നത് വിലയിലും പ്രതിഫലിച്ചു. ജനങ്ങളുടെ ജീവിതചെലവുകളില്‍ കുറവുവരാനും ചെലവഴിക്കല്‍ കൂടാനും വിലക്കയറ്റത്തിലെ ഇടിവ് സഹായകമാകും.
ഭക്ഷ്യഎണ്ണകള്‍, പച്ചക്കറി, പഴം, മുട്ട, പാദരക്ഷകള്‍ തുടങ്ങിയവയുടെ വിലയിലുണ്ടായ ഇടിവ് ജനങ്ങള്‍ക്ക് ഗുണകരമായി. ഗ്രാമമേഖലകളില്‍ 4.85 ശതമാനവും നഗരങ്ങളില്‍ 5.18 ശതമാനവും ഭക്ഷ്യവസ്തുക്കളുടെ വിലയിടിഞ്ഞു.
പച്ചക്കറി ഉത്പന്നങ്ങളുടെ വിലയില്‍ ഒക്ടോബറില്‍ 27.57 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇത്തവണ മികച്ച മണ്‍സൂണ്‍ ലഭിച്ചതിനൊപ്പം മെച്ചപ്പെട്ട വിളവും വില താഴുന്നതിന് സഹായിച്ചു. ഭക്ഷ്യോത്പന്ന വിലയിലെ വലിയ കുറവ് കുടുംബ ബജറ്റില്‍ വവലിയതോതില്‍ പ്രതിഫലിച്ചു. ഭക്ഷ്യോത്പന്നങ്ങളുടെ വില കൂടുമ്പോള്‍ കുടുംബ ബജറ്റ് താളംതെറ്റുന്നതായിരുന്നു പതിവ്.
രാജ്യമെങ്ങും അനുഭവപ്പെടുന്ന വിലക്കുറവ് കേരളത്തില്‍ മാത്രം ദൃശ്യമാകാത്തതിന് കാരണം പലതാണ്. കേരളമൊരു ഉപഭോക്തൃ സംസ്ഥാനമാണ്. പച്ചക്കറി ഉള്‍പ്പെടെ അവശ്യസാധനങ്ങളിലേറെയും അതിര്‍ത്തി കടന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഗതാഗത ചെലവ് ഉയര്‍ന്നു നില്‍ക്കുന്നത് കേരളത്തില്‍ വിലക്കയറ്റത്തോത് കുറയാതിരിക്കുന്നതിന് കാരണമാകുന്നു.
കേരളത്തില്‍ വിലക്കയറ്റത്തിന്റെ പ്രധാന കാരണം വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യഎണ്ണകളുടെ വില ഉയര്‍ന്നുനില്ക്കുന്നതും സ്വര്‍ണത്തിന്റെ കുതിപ്പുമാണ്. വെളിച്ചെണ്ണയുടെ വിലയില്‍ ഉണ്ടായ കുത്തനെ ഉയര്‍ച്ച, കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുള്ള ഉത്പാദന സമ്മര്‍ദ്ദം തുടങ്ങിയവ വിലവര്‍ധനയില്‍ നിര്‍ണായക പങ്കുവഹിച്ചു.
സംസ്ഥാനത്ത് ഉപഭോഗം കൂടുതലുള്ള സ്വര്‍ണവും വെള്ളിയും വിലസൂചിക നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദേശീയ ശരാശരിയിലും കൂടുതലായി കേരളത്തിലെ വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുന്നതിന് ഇത് കാരണമാകുന്നുവെന്ന് അടുത്തിടെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine