canva
News & Views

സമ്പന്ന പട്ടികയില്‍ ഷൈന്‍ ചെയ്യുന്നത് ന്യൂജെന്‍ അല്ല, എല്ലു മൂപ്പുള്ളവര്‍; എന്നാല്‍ ഈ കുട്ടി സമ്പന്നന്റെ കഥയൊന്നു വേറെ, സ്വത്ത് ₹4,480 കോടി

1,000 കോടി രൂപയുടെ സമ്പത്തെങ്കിലും ഉള്ളവരെയാണ് ഹുറൂണ്‍ സമ്പന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Dhanam News Desk

പ്രായമുള്ളവരെ 'തന്തവൈബ്' എന്ന് വിളിച്ച് കളിയാക്കാന്‍ വരട്ടെ. കഴിഞ്ഞ ദിവസം പുറത്തുവന്ന എം3എം ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടിക 2025ല്‍ ഭൂരിഭാഗം പേരും പഴയ തലമുറയില്‍ പെട്ടവരാണെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് യുവതലമുറയുടെ എണ്ണം കൂടുതലാണെങ്കിലും സമ്പന്ന പട്ടികയിലെ മൂന്നില്‍ രണ്ട് പേരും 1928നും 1946നും ഇടയില്‍ ജനിച്ചവരാണ്. 1,000 കോടി രൂപയുടെ സമ്പത്തെങ്കിലും ഉള്ളവരെയാണ് ഹുറൂണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതില്‍ ഏതൊക്കെ തലമുറയില്‍ പെട്ടവരാണ് ഉള്‍പ്പെട്ടതെന്ന് അറിയാമോ?

കണക്ക് ഇങ്ങനെ

1946-1964 വരെ ജനിച്ച ബേബി ബൂമര്‍ തലമുറയില്‍ പെട്ടവര്‍ക്കാണ് പട്ടികയില്‍ ഭൂരിപക്ഷമുള്ളത്. പട്ടികയിലെ 54.6 ശതമാനം പേരും ഈ തലമുറയില്‍ പെട്ടവരാണ്. തൊട്ടുപിന്നില്‍ ജനറേഷന്‍ എക്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന 1965നും 1980നും ഇടയില്‍ പെട്ടവരുണ്ട്. 28.1 ശതമാനമാണ് പട്ടികയിലെ ഇവരുടെ പങ്കാളിത്തം. 1928നും 1945നും ഇടയില്‍ ജനിച്ച നിശബ്ദ തലമുറയും ( Silent generation) തൊട്ടുപിന്നിലുണ്ട്. ആകെയുള്ളതില്‍ 10.8 ശതമാനമാണ് ഇത്തരക്കാര്‍. ഇവര്‍ കൂടി ചേരുമ്പോള്‍ പട്ടികയിലെ 93.5 ശതമാനമായി.

ന്യൂജെന്‍ വൈബ്

ന്യൂജെനറേഷന്‍ എന്ന് വിളിക്കപ്പെടുന്ന മില്ലേനിയല്‍സിന്റെയും (1981-1966) ജെന്‍സിയുടെയും (1997-2012) പട്ടികയിലെ പങ്കാളിത്തം വെറും 6.5 ശതമാനം മാത്രമാണ്. 1,687 പേരുടെ സമ്പന്ന പട്ടികയില്‍ 6 ശതമാനം പേരാണ് മില്ലേനിയല്‍ വിഭാഗത്തില്‍ നിന്നുള്ളത്. ജെന്‍സിയാകട്ടെ വെറും 0.3 ശതമാനവും. എന്നാല്‍ ഈ കണക്കുകളെ നിസാരമായി കാണാനാകില്ലെന്നും പുതുതലമുറ സമ്പന്നരുടെ ഉദയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും വിദഗ്ദര്‍ പറയുന്നു. ഭാവിയുടെ ട്രെന്‍ഡ് നിശ്ചയിക്കാന്‍ പോന്നവരാണ് ഈ ചെറിയ ശതമാനമെന്നും ഇവര്‍ വിശദീകരിക്കുന്നു.

കുട്ടി സമ്പന്നന്‍ ആര്?

ഹുറൂണ്‍ സമ്പന്ന പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ (Zepto)യുടെ സഹസ്ഥാപകന്‍ കൈവല്യ വോറ (Kaivalya Vohra) യാണ്. 4,480 കോടി രൂപയാണ് 21കാരന്റെ സമ്പാദ്യം. ഇത് നാലാം തവണയാണ് വോറ ഹുറൂണ്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. തൊട്ടുപിന്നില്‍ 5,380 കോടി രൂപയുടെ സ്വത്തുമായി 22കാരനായ ആദിത് പാലിച്ചയുമുണ്ട്. ഇരുവരും ചേര്‍ന്നാണ് കിരാനകാര്‍ട്ട് എന്ന പേരില്‍ കമ്പനി സ്ഥാപിക്കുന്നത്. ഇത് പിന്നീട് സെപ്‌റ്റോ എന്ന് പുനര്‍നാമകരണം നടത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT