Image: Canva 
News & Views

റൈഡിന് മുമ്പ് ടിപ് ചോദിക്കരുത്; യൂബര്‍, ഓല അടക്കമുള്ള ആപ്പുകള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം

എല്ലാ മോട്ടോര്‍ വാഹന അഗ്രിഗേറ്റര്‍മാരും അവരുടെ മൊബൈല്‍ ആപ്പുകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉടന്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം

Dhanam News Desk

യൂബര്‍, ഓല തുടങ്ങിയ റൈഡിംഗ് ആപ്പ് അഗ്രിഗേറ്ററുകള്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ഉപയോക്താക്കളോട് ടിപ് ആവശ്യപ്പെടുന്ന സംവിധാനം അവസാനിപ്പിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ബുക്കിംഗ് സമയത്തോ യാത്ര തുടങ്ങുന്നതിന് മുമ്പോ കാണിക്കുന്ന 'Advance Tip', 'Choose an Add-on' തുടങ്ങിയവ ഉടന്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം.

യാത്ര പൂര്‍ത്തിയായ ശേഷം മാത്രം നല്‍കേണ്ട വോളന്ററി ടിപ് ബുക്കിംഗ് ഘട്ടത്തില്‍ ആവശ്യപ്പെടുന്നത് മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ ഗൈഡ്ലൈന്‍സ് 2025ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

യാത്ര പൂര്‍ത്തിയായ ശേഷം ടിപ്

യാത്രക്കാര്‍ക്ക് സ്വമേധയാ ടിപ് നല്‍കാനുള്ള സൗകര്യം ആപ്പുകളില്‍ ഒരുക്കാം. എന്നാല്‍ യാത്ര പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഈ ഓപ്ഷന്‍ ഉപയോക്താവിന് കാണിക്കാവൂ. ബുക്കിംഗ് സമയത്ത്, യാത്ര തുടങ്ങുന്നതിന് മുമ്പ്, അല്ലെങ്കില്‍ യാത്രയ്ക്കിടയില്‍ ടിപ് നല്‍കാനുള്ള ഓപ്ഷന്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

യാത്രക്കാരന്‍ നല്‍കുന്ന ടിപ്പില്‍ നിന്ന് അഗ്രിഗേറ്റര്‍ കമ്പനികള്‍ കമ്മീഷനോ മറ്റ് തുകയോ കുറയ്ക്കാനും പാടില്ല. ഉപയോക്താവ് നല്‍കുന്ന മുഴുവന്‍ ടിപ് തുകയും ഡ്രൈവര്‍ക്ക് തന്നെ ലഭിക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി.

'ടിപ് ചേര്‍ത്താല്‍ ഡ്രൈവര്‍ യാത്ര വേഗത്തില്‍ സ്വീകരിച്ചേക്കാം', 'Choose an Add-on തുടങ്ങിയ സന്ദേശങ്ങള്‍ ഉപയോക്താക്കളില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം. അധിക തുക നല്‍കിയാല്‍ റൈഡ് വേഗത്തില്‍ ഉറപ്പിക്കപ്പെടും, കാത്തിരിപ്പ് സമയം കുറയും, അല്ലെങ്കില്‍ മികച്ച സേവനം ലഭിക്കും എന്ന തരത്തിലുള്ള ധാരണ സൃഷ്ടിക്കുന്ന ഫീച്ചറുകള്‍ക്കും വിലക്കുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന ഫീച്ചറുകള്‍ക്കും വിലക്ക്

ഉപയോക്താക്കളെ സ്വാധീനിക്കുന്നതോ തെറ്റിധരിപ്പിക്കുന്നതോ ആയ ടിപ്പിംഗ് സംവിധാനങ്ങള്‍ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും അനുബന്ധ ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് എല്ലാ മോട്ടോര്‍ വാഹന അഗ്രിഗേറ്റര്‍മാരും അവരുടെ മൊബൈല്‍ ആപ്പുകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉടന്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് നിര്‍ദ്ദേശം.

India’s Road Transport Ministry has directed ride-hailing aggregators to remove pre-ride tipping prompts and allow voluntary tips only after a journey is completed

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT