News & Views

'ബംഗാളി' ഈ വാഹനത്തിന്റെ ഐശ്വര്യം! ബസില്‍ കയറാന്‍ ആളില്ല, ആക്‌സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി ചെലവുകള്‍; സ്വകാര്യ ബസ് വ്യവസായം കട്ടപ്പുറത്തേക്ക്

മിക്ക ബസുകളിലും കണ്ടക്ടര്‍ റോളില്‍ ഉടമസ്ഥര്‍ തന്നെ എത്തി. അത്രത്തോളം മോശം അവസ്ഥയിലാണ് ഒരുകാലത്ത് പതിനായിരങ്ങള്‍ക്ക് ഉപജീവനം നല്കിയ ഈ മേഖല

Dhanam News Desk

ഒരുകാലത്ത് പതിനായിരങ്ങള്‍ ഉപജീവനം നടത്തിയിരുന്ന മേഖ. കേരളത്തിന്റെ ഗതാഗത രംഗത്ത് വലിയ സംഭാവനകള്‍ നല്കിയ വ്യവസായരംഗം. അതേ, സ്വകാര്യ ബസ് വ്യവസായം അതിന്റെ പ്രതാപകാലം പിന്നിട്ട് അതിജീവനത്തിന്റെ വഴിയിലാണ്. ഡീസല്‍ വില ഉള്‍പ്പെടെ സര്‍വീസ് നടത്താനുള്ള ചെലവുകള്‍ പതിന്മടങ്ങ് വര്‍ധിച്ചതും വരുമാനം കുറഞ്ഞതുമാണ് ബസ് വ്യവസായത്തെ പിന്നോട്ടടിക്കുന്നത്.

പല റൂട്ടുകളിലും സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കുകയും ചില ബസുകള്‍ ലാഭമില്ലാതെ ഓടിക്കൊണ്ടിരിക്കുകയുമാണ്. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും ദൈനംദിന യാത്രക്കാരുടെ ആശ്രയമായിരുന്ന സ്വകാര്യ ബസുകള്‍ ഇന്ന് സാമ്പത്തികമായി നിലനില്‍ക്കാന്‍ പോലും പ്രയാസപ്പെടുന്ന സാഹചര്യമാണ്.

ഡീസല്‍ വിലയിലെ വര്‍ധന, സ്‌പെയര്‍പാര്‍ട്സ് ചെലവ്, ഇന്‍ഷുറന്‍സ് പ്രീമിയം, നികുതി, തൊഴിലാളികളുടെ ശമ്പളം എന്നിവ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നെങ്കിലും ബസ് ചാര്‍ജില്‍ അതനുസരിച്ചുള്ള മാറ്റമുണ്ടായിട്ടില്ലെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്.

ദിവസവും നൂറിലേറെ കിലോമീറ്റര്‍ ഓടുന്ന ബസുകള്‍ക്ക് ഡീസല്‍ വിലയിലെ ചെറിയ വര്‍ധന പോലും വലിയ സാമ്പത്തിക ആഘാതമാകുന്നു. അതിനൊപ്പം പഴകിയ ബസുകളുടെ പരിപാലനച്ചെലവും വര്‍ധിച്ചിരിക്കുകയാണ്. പുതിയ ബസ് വാങ്ങാന്‍ ബാങ്ക് വായ്പ ലഭിച്ചാലും തിരിച്ചടവ് വലിയ ബാധ്യതയാകുന്നതിനാല്‍ പല ഉടമകളും പുതിയ വാഹനങ്ങളിലേക്ക് മാറാന്‍ താല്‍പര്യം കാണിക്കുന്നില്ല.

2023ല്‍ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. ഹൈക്കോടതിയിലെ കേസ് ബസ് ഉടമകള്‍ ജയിച്ചെങ്കിലും സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2023ല്‍ 1,000ത്തോളം ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ നിലവിലുണ്ടായിരുന്നു. എന്നാലിപ്പോഴിത് വെറും 100 ആയി കുറഞ്ഞു. ഏതുകാലത്തും അധികാരത്തിലെത്തുന്ന സര്‍ക്കാരുകള്‍ സ്വകാര്യ ബസ് വ്യവസായത്തിന് ഗുണകരമാകുന്ന യാതൊന്നും ചെയ്യുന്നില്ല.
സി.ജെ നവാസ്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി

യാത്രക്കാര്‍ കുറയുന്നു

കോവിഡ് മഹാമാരിക്കു ശേഷം പൊതുഗതാഗത സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഏറെക്കുറെ എല്ലാ വീടുകളിലും സ്വകാര്യ വാഹനങ്ങളായതോടെ ബസ് യാത്ര കുറഞ്ഞു. മുമ്പ് ബസില്‍ യാത്ര ചെയ്തിരുന്നവര്‍ ഇപ്പോള്‍ സ്വന്തം വാഹനങ്ങളിലാണ് യാത്ര. ഇരുചക്ര വാഹനങ്ങളുടെ വര്‍ധനയും ബസില്‍ കയറുന്നവരുടെ എണ്ണം കുറച്ചു.

ഇരുചക്ര വാഹനങ്ങളും കാറുകളും വാങ്ങാന്‍ എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതോടെ നിരവധി പേര്‍ പൊതുഗതാഗതം ഒഴിവാക്കുകയാണ്. ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളും യാത്രാ രീതിയില്‍ മാറ്റമുണ്ടാക്കി. ഇതോടെ പല റൂട്ടുകളിലും യാത്രക്കാരില്ലാതെ ബസുകള്‍ ഓടേണ്ട സാഹചര്യമുണ്ടാകുന്നു. വരുമാനം കുറഞ്ഞു തുടങ്ങിയതോടെ സ്വകാര്യ ബസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറഞ്ഞു.

2000ത്തിന്റെ തുടക്കത്തില്‍ മിക്ക ബസുകളിലും ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കൊപ്പം കിളി എന്നറിയപ്പെടുന്ന ഡോറില്‍ നില്ക്കുന്ന രണ്ട് ജീവനക്കാര്‍ അടക്കം നാല് ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്നാലിപ്പോഴിത് രണ്ടായി കുറഞ്ഞു. മിക്ക ബസുകളിലും കണ്ടക്ടര്‍ റോളില്‍ ഉടമസ്ഥര്‍ തന്നെ എത്തി. അത്രത്തോളം മോശം അവസ്ഥയിലാണ് ഒരുകാലത്ത് പതിനായിരങ്ങള്‍ക്ക് ഉപജീവനം നല്കിയ ഈ മേഖല.

KSRTC

കെഎസ്ആര്‍ടിസിക്കായി സര്‍ക്കാര്‍ ചതി

140 കിലോമീറ്ററിനു മുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ ഭരണമൊഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ കര്‍ശന നിലപാടാണ് എടുത്തത്. നിലവിലുള്ള പെര്‍മിറ്റ് പുതുക്കി നല്കാതെയും പുതിയത് അനുവദിക്കാതെയുമാണ് സര്‍ക്കാര്‍ സ്വകാര്യ ബസ് വ്യവസായത്തെ വരിഞ്ഞു മുറുക്കിയത്. കെഎസ്ആര്‍ടിസിയെ സഹായിക്കാനെന്ന പേരിലായിരുന്നു ഇത്. സ്വകാര്യ ബസ് ഉടമകള്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങി.

ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ബസുകളെ വിലക്കുന്നത് പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷ.

വേണം സര്‍ക്കാര്‍ ഇടപെടല്‍

ബസ് വ്യവസായത്തെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് ബസ് ഉടമകള്‍ പറയുന്നു. ഡീസലിന് സബ്സിഡി, നികുതി ഇളവ്, വിദ്യാര്‍ത്ഥി കണ്‍സെഷന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുക, പുതിയ ബസുകള്‍ക്ക് പലിശ കുറഞ്ഞ വായ്പ, പെര്‍മിറ്റ് സംവിധാനത്തില്‍ ഇളവുകള്‍ തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.

കേരളത്തിലെ സ്വകാര്യ ബസ് മേഖല തകരുകയാണെങ്കില്‍ ഏറ്റവും വലിയ ആഘാതം സാധാരണ യാത്രക്കാരായിരിക്കും നേരിടുക. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഗതാഗത പ്രതിസന്ധിയിലേക്ക് തള്ളപ്പെടാന്‍ സാധ്യതയുണ്ട്. പൊതുഗതാഗത സംവിധാനത്തില്‍ നിര്‍ണായകമായ സ്വകാര്യ ബസ് മേഖലയെ നിലനിര്‍ത്താന്‍ അടിയന്തര ഇടപെടലുകള്‍ അനിവാര്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT