പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുന്നതും തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളും ഇന്ത്യക്കാരുടെ ചെലവഴിക്കലില്‍ വലിയ ഇടിവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ആര്‍ഭാടങ്ങള്‍ കുറയ്ക്കുകയും അവശ്യസാധനങ്ങള്‍ മാത്രം വാങ്ങുന്നതിലേക്ക് കുടുംബങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന പ്രവണത രാജ്യവ്യാപകമായി വര്‍ധിച്ചതായി വിവിധ കമ്പനികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൊഴില്‍ സുരക്ഷിതത്വം കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. പ്രത്യേകിച്ച് ഐടി മേഖലയില്‍. കോര്‍പറേറ്റ് കമ്പനികളിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുകയറ്റത്തിനൊപ്പം യുദ്ധത്തിന്റെ കെടുതി കൂടി വന്നതോടെ പിരിച്ചുവിടലുകള്‍ വ്യാപകമായിട്ടുണ്ട്. പെട്ടെന്നുള്ള തൊഴില്‍ നഷ്ടങ്ങള്‍ കുടുംബത്തിന്റെ സാമ്പത്തികാരോഗ്യം നഷ്ടപ്പെടുത്താതിരിക്കാന്‍ പലരും കൂടുതല്‍ ജാഗ്രത കാണിച്ചു തുടങ്ങിയിട്ടുണ്ട്.
വില്പനയില്‍ വലിയതോതില്‍ കുറവു വന്നു തുടങ്ങിയതായി കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച്, അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ വില്പന. മാര്‍ച്ച് പകുതിയോടെ വില്പനയിലെ ഇടിവ് ദൃശ്യമായെന്ന് റെയ്മണ്ട് ലൈഫ്‌സ്റ്റൈല്‍ സിഇഒ സത്യകി ഘോഷ് പറഞ്ഞു. വിവാഹ സീസണ്‍ ഉഷറാകുന്നതോടെ വിപണിയില്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
ആവശ്യവസ്തുക്കളുടെ കാറ്റഗറിയിലും ഉപയോക്താക്കളില്‍ ചെലവുചുരുക്കല്‍ കൃത്യമായി കാണാനാകുന്നു. ഫാഷന്‍, ബ്യൂട്ടികെയര്‍ മേഖലകളില്‍ കുത്തനെയുള്ള ഇടിവ് വില്പനയില്‍ കൂടുതല്‍ പ്രതിഫലിക്കുന്നുണ്ട്. പ്രീമിയം ഉത്പന്നങ്ങളില്‍ നിന്ന് മാറി വിലകുറഞ്ഞ ബദലുകള്‍ തേടി പോകുന്നവരുടെ എണ്ണവും കൂടുന്നുവെന്ന് വിവിധ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.
പാല്‍, അരി, ബിസ്‌കറ്റ്, പച്ചക്കറികള്‍ തുടങ്ങി ദൈനംദിന ജീവിതത്തിലേക്ക് ആവശ്യമായ ഉത്പന്നങ്ങളുടെ വില്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ല. എന്നാല്‍ നിത്യജീവിതത്തില്‍ അത്രത്തോളം ആവശ്യമില്ലാത്ത ഉത്പന്ന വില്പനയില്‍ ഇടിവ് പ്രകടമാണെന്ന് പാര്‍ലെ പ്രൊഡക്ട്‌സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മായങ്ക് ഷാ പറയുന്നു.
വില്പനയിലെ ഇടിവ് മറികടക്കാന്‍ വാല്യു പാക്കുകള്‍ക്ക് എഫ്എംസിജി കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ നല്കി തുടങ്ങിയിട്ടുണ്ട്. പ്രീമിയം സെഗ്മെന്റില്‍ പോലും ഇത് പ്രകടമാണ്.
യുദ്ധത്തെ തുടര്‍ന്ന് വിതരണ സംവിധാനങ്ങളില്‍ പ്രതിസന്ധി രൂപപ്പെട്ടത് അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയിലേക്കും കമ്പനികളുടെ ചെലവുകള്‍ ഉയരുന്നതിലും കാരണമായിട്ടുണ്ട്.
ഭക്ഷ്യഎണ്ണകള്‍, കുപ്പിവെള്ളം, പാനീയങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കുന്നത് മധ്യവര്‍ഗ കുടുംബങ്ങളുടെ ജീവിതചെലവ് വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഈ മാസം അവസാനിക്കും. ക്രൂഡ്ഓയില്‍ വില കുതിച്ചുയര്‍ന്നതിനാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ പെട്രോള്‍-ഡീസല്‍ വിലയും ഉയര്‍ന്നേക്കാം. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine