News & Views

മത്തിയും അയലയും കിട്ടാനേയില്ല, വില കുതിച്ചുയരുന്നു; ചൂട് കുറഞ്ഞില്ലെങ്കില്‍ മീന്‍ വില പോക്കറ്റ് കാലിയാക്കും

സംസ്ഥാനത്തെ മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മ കുറഞ്ഞ മീനിന്റെ വരവ് വര്‍ധിച്ചിട്ടുണ്ട്

Dhanam News Desk

സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് വേനല്‍ കടുത്തതോടെ മത്സ്യലഭ്യതയില്‍ വന്‍ ഇടിവ്. മീന്‍ വരവ് കുറഞ്ഞതോടെ വില കുത്തനെ ഉയര്‍ന്നു. കടലില്‍ താപനില വര്‍ധിച്ചതോടെ മത്തി ഉള്‍പ്പെടെയുള്ള മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറഞ്ഞത്. കടല്‍മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ തകര്‍ത്തെറിയുന്ന രീതിയിലേക്ക് ചൂട് മാറാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

ഈസ്റ്റര്‍, വിഷു തുടങ്ങിയ സമയങ്ങളില്‍ ഉയര്‍ന്ന മീന്‍വില പിന്നീട് കുറഞ്ഞിട്ടില്ല. കാലവര്‍ഷം എത്താതെ മീന്‍ലഭ്യത കൂടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഈ വേനലില്‍ മീന്‍വില സര്‍വകാല റെക്കോഡിലെത്തും.

മുമ്പ് സാധാരണയായി കിട്ടിയിരുന്ന ചാളയും അയലയും കിരിയാനും ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ വളരെ കുറച്ചു മാത്രമാണ് ലഭിക്കുന്നത്. ലഭ്യത തീര്‍ത്തും കുറഞ്ഞതോടെ മീന്‍പിടുത്ത ബോട്ടുകള്‍ കടലില്‍ പോക്ക് കുറച്ചിരിക്കുകയാണ്. ഇന്ധനത്തിനായി ചെലവാകുന്ന പണം പോലും തിരിച്ചുകിട്ടുന്നില്ലെന്നാണ് ബോട്ടുകാരുടെ പരാതി.

വില മുകളിലേക്ക്

സാധാരണക്കാരുടെ മീനായി മത്തിക്ക് ഉള്‍പ്പെടെ പോക്കറ്റ് കീറുന്ന വിലയാണ്. കിലോയ്ക്ക് 150 മുതല്‍ 275 രൂപ വരെയാണ് മത്തിവില. ചിലയിടത്ത് ഇതിലും കൂടുതലാണ്. ചെറിയ മത്തി 150 രൂപയില്‍ താഴെ ലഭിക്കും. അയല വില 250-330 രൂപയ്ക്കിടയിലാണ്. കിളിമീന്‍ 200-270 രൂപ നിരക്കിലാണ്. ചൂരയ്ക്ക് 270 രൂപയ്ക്ക് മുകളിലും കേരമീന്‍ 360 മുതല്‍ മുകളിലേക്കുമാണ്.

ചൂട് ഈ രീതിയില്‍ തുടര്‍ന്നാല്‍ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഒമാനില്‍ നിന്നടക്കം മുന്‍വര്‍ഷങ്ങളില്‍ വ്യാപകമായി മീന്‍ എത്തിയിരുന്നു. യുദ്ധസാഹചര്യത്തില്‍ ഇത്തവണ ഗള്‍ഫ് മീന്‍ വരവ് കുറവാണ്.

അതേസമയം, സംസ്ഥാനത്തെ മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മ കുറഞ്ഞ മീനിന്റെ വരവ് വര്‍ധിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പിടിച്ച മീനുകളാണ് ഇത്തരത്തില്‍ കേരളത്തിലേക്ക് എത്തുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കിയില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത്തരം മീനിന്റെ ഉപയോഗം വഴിയൊരുക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT