വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്നത് സംസ്ഥാനത്തിന്റെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഭയം. ഈ മാസം മൂന്നാറിലും തിരുവനന്തപുരത്തും ഫോര്‍ട്ട്‌കൊച്ചിയിലും വ്യത്യസ്ത സംഭവങ്ങളിലായി ആറിലേറെ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതര സംസ്ഥാന സഞ്ചാരികള്‍ക്ക് നേരെ ആക്രമണം പതിവായത് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിസാര കാരണങ്ങളുടെ പേരിലുണ്ടാകുന്ന വാക്കുതര്‍ക്കം പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തിന് പുറത്ത് വലിയ തോതില്‍ ചര്‍ച്ചയാകുന്നതായി ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് വിനോദസഞ്ചാര മേഖല തിരിച്ചുവരുന്നത്. പ്രളയത്തിനുശേഷം പലവിധ കാരണങ്ങളാല്‍ കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ കുറവുണ്ടായിരുന്നു. ഈ സീസണിലാണ് വീണ്ടും തിരക്കേറി തുടങ്ങിയത്. ടൂറിസം രംഗത്ത് ഉണര്‍വ് പ്രകടമായ സമയത്ത് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നത് കേരളം സുരക്ഷിതമല്ലെന്ന ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
മൂന്നാറില്‍ സഞ്ചാരികള്‍ക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലുമടക്കം വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കര്‍ശന നടപടികളില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് വിനോദസഞ്ചാര മേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പൊഴിയൂരില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടിനു നേരെ ബിയര്‍ കുപ്പിയെറിഞ്ഞത്. കുപ്പി കൊണ്ട് ബംഗാളില്‍ നിന്നെത്തിയ മൂന്നുവയസുകാരിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടുംബവുമെത്ത് ബോട്ടില്‍ യാത്ര നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്.
വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങള്‍ വ്യാപകമാണ്. ഈ സംഘങ്ങള്‍ നിര്‍ദ്ദേശിക്കുന്ന റിസോര്‍ട്ടുകളിലോ ഹോട്ടലുകളിലോ കയറിയില്ലെങ്കില്‍ സഞ്ചാരികള്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് ഏറിവരികയാണ്. പലരും പരാതി നല്കാന്‍ മടിക്കുന്നതിനാല്‍ പുറത്തറിയുന്നില്ലെന്ന് മാത്രം. സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വേണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.
2023നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 1.72 ശതമാനം വര്‍ധനയുണ്ടായി. 22,246,989 ആഭ്യന്തര സഞ്ചാരികളെത്തി. ഈ വര്‍ഷം ഈ കണക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തും. അനുകൂല കാലാവസ്ഥയാണെന്നത് സഞ്ചാരികളുടെ വരവിനെ സ്വാധീനിക്കും.
ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ മുന്നിലുള്ളത് തമിഴ്‌നാട്ടില്‍ നിന്നാണ്. മൊത്തം ആഭ്യന്തര സഞ്ചാരികളുടെ 10.52 ശതമാനം തമിഴ്‌നാട്ടില്‍ നിന്നാണ്. കര്‍ണാടക (6.22), മഹാരാഷ്ട്ര (3.37) എന്നിങ്ങനെയാണ് ആദ്യ മൂന്നുസ്ഥാനങ്ങളിലെ കണക്ക്. കേരളത്തിലെത്തുന്ന സഞ്ചാരികളില്‍ കൂടുതലും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളാണ് കൂടുതലായും സന്ദര്‍ശിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine