image credit : facebook.com/ KochiMetroRail 
News & Views

കൊച്ചി മെട്രോ മൂന്നാം പാതയിലേക്ക്; വിമാനത്താവളം, അയ്യമ്പുഴ, ഭൂഗര്‍ഭ സ്‌റ്റേഷന്‍.... അതിശയിപ്പിക്കും!

വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ യോഗ്യത നേടിയ ഏക കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി റൈറ്റ്‌സ്.

Dhanam News Desk

കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിനുളള നടപടികള്‍ സജീവമായി മുന്നോട്ടു നീങ്ങുന്നു. ആലുവ മുതൽ അങ്കമാലി വരെയാണ് മൂന്നാം ഘട്ട പാത വിഭാവനം ചെയ്യുന്നത്. മൂന്നാം ഘട്ട മെട്രോ പാതയുടെ നീളം 18 കിലോമീറ്ററായിരിക്കും. ആകെ 15 സ്റ്റേഷനുകളാണ് ഈ പാതയില്‍ ഉണ്ടായിരിക്കുക.

തൃപ്പൂണിത്തുറ മുതൽ ആലുവ വരെ നിലവിലുള്ള പാതയുടെ വിപുലീകരണത്തിന് പകരമായി ഒരു പുതിയ പാത നിര്‍മ്മിക്കുന്നിതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ലക്ഷ്യമിടുന്നത്. മെട്രോയുടെ മൂന്നാം ഘട്ട പാത ആലുവയിൽ നിന്ന് ആരംഭിച്ച് ദേശീയപാത 544 ൽ അകപ്പറമ്പിനടുത്തുള്ള അലീന വളവിലൂടെ കടന്നു പോകും. തുടർന്ന് പാത കരിയാട്-എയർപോർട്ട്-മട്ടൂർ റോഡ് വഴി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തും.

അങ്കമാലി-എയർപോർട്ട് റോഡിലൂടെ എംസി റോഡിലേക്ക് എത്തി അങ്കമാലി വരെ മെട്രോ പാത തുടരും. അങ്കമാലി എംസി റോഡ് ജംഗ്ഷനിൽ നിന്ന് എൻ‌എച്ച് 544 ൽ ഏകദേശം 2 കിലോമീറ്റർ തൃശൂർ ഭാഗത്തേക്ക് മെട്രോ പാത നിര്‍മ്മിക്കാനാണ് കെ.എം.ആര്‍.എല്‍ ഉദ്ദേശിക്കുന്നത്. നെടുമ്പാശ്ശേരിയിൽ ഭൂഗർഭ മെട്രോ പാതയും സ്റ്റേഷനും നിർമ്മിക്കാനുളള തീരുമാനം കെഎംആർഎൽ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഏകദേശം 3 കിലോമീറ്ററായിരിക്കും ഭൂഗർഭ മെട്രോ പാതയുടെ ദൂരമെന്ന് കരുതുന്നു.

വിശദ പദ്ധതി റിപ്പോർട്ട്

കൊച്ചി മെട്രോ മൂന്നാം ഘട്ട പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾക്കുള്ള ഏക യോഗ്യതയുള്ള ബിഡ്ഡറായി റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് (RITES) ലിമിറ്റഡിനെ പ്രഖ്യാപിച്ചു. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾക്കായുളള വിജ്ഞാപനം കെ.എം.ആര്‍.എല്‍ ജനുവരിയിലാണ് പുറപ്പെടുവിച്ചത്. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള ധനസഹായം കേന്ദ്രം നൽകുന്നതിനാൽ, കൺസൾട്ടൻസി സേവനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം സ്വീകരിക്കുന്നത് കേന്ദ്രമായിരിക്കും.

റൈറ്റ്സിന് ഡിപിആര്‍ തയാറാക്കുന്നതിനുളള കരാർ ജൂണ്‍ മാസത്തോടെ ലഭിച്ചാല്‍, വിശദമായ പദ്ധതി രേഖയുടെ ആദ്യ ഡ്രാഫ്റ്റ് 2026 ജനുവരി-മാർച്ച് കാലയളവില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.

പൂര്‍ണ ചിത്രം ലഭിക്കും

മൂന്നാം ഘട്ട പാതയുടെ നീളം, അലൈൻമെന്റ്, സ്റ്റേഷനുകളുടെ എണ്ണം, അവയുടെ സ്ഥാനം തുടങ്ങിയവ സംബന്ധിച്ചുളള പൂര്‍ണ ചിത്രം ഡിപിആറില്‍ നിന്ന് ലഭിക്കുന്നതാണ്. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയിലായി അയ്യമ്പുഴയിൽ വരാനിരിക്കുന്ന നിർദ്ദിഷ്ട കൊച്ചി ഗിഫ്റ്റ് സിറ്റി വരെ ഭാവിയിൽ മൂന്നാം ഘട്ട പാത നീട്ടുന്നതിനുള്ള സാധ്യതകളും ഡിപിആറില്‍ ഉണ്ടാകും.

മൂന്നാം ഘട്ട പാത യാഥാര്‍ത്ഥ്യമായാല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായി എത്തിച്ചേരാന്‍ സാധിക്കും. തൃപ്പൂണിത്തുറ മുതല്‍ അങ്കമാലി വരെ നീളുന്നതോടെ മെട്രോ പാത ഏകദേശം 42 കിലോമീറ്ററായി വര്‍ധിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT