Canva, Facebook / Rohit Sharma
News & Views

വിറ്റത് അരലക്ഷം ഓഹരികള്‍! ഐ.ടി കമ്പനിയെ ലോവര്‍ സര്‍ക്യൂട്ടിലാക്കിയ രോഹിത് ശര്‍മയുടെ സൂപ്പര്‍ ഷോട്ട്, നിക്ഷേപകര്‍ക്കും പാഠമാക്കാം

ബി.സി.സി.ഐ നടത്തിയ ശാരീരിക ക്ഷമത പരീക്ഷയില്‍ വിജയിച്ച താരം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഓഹരി വിപണിയിലും മിന്നും പ്രകടനം കാഴ്ച്ച വെച്ചാണ് താരം ശ്രദ്ധേയനാകുന്നത്.

Dhanam News Desk

എതിരാളികളുടെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ ഒട്ടുംപതറാതെ ബൗണ്ടറികള്‍ പായിക്കുന്ന താരമാണ് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ. ബി.സി.സി.ഐ നടത്തിയ ശാരീരിക ക്ഷമത പരീക്ഷയില്‍ വിജയിച്ച താരം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഓഹരി വിപണിയിലും മിന്നും പ്രകടനം കാഴ്ച്ച വെച്ചാണ് താരം ശ്രദ്ധേയനാകുന്നത്. ഡല്‍ഹി ആസ്ഥാനമായ ഐ.ടി കമ്പനിയുടെ അരലക്ഷത്തോളം ഓഹരികളാണ് കഴിഞ്ഞ ദിവസം ഓപ്പണ്‍ മാര്‍ക്കറ്റ് ട്രാന്‍സാക്ഷനിലൂടെ താരം വിറ്റൊഴിഞ്ഞത്. ഓഹരിയൊന്നിന് 163.91 രൂപക്ക് 53,200 ഓഹരികളാണ് വില്‍പ്പന നടത്തിയത്. ഏതാണ്ട് 87.2 ലക്ഷം രൂപ വിലയുള്ള ഓഹരികളാണിത്.

റിലയബിള്‍ ഡാറ്റ സര്‍വീസസ് എന്ന ഐ.ടി കമ്പനിയുടെ 1,03,200 ഓഹരികള്‍ 2023 സെപ്റ്റംബറിലാണ് രോഹിത് ശര്‍മ സ്വന്തമാക്കുന്നത്. കമ്പനിയിലെ ഏതാണ്ട് ഒരുശതമാനത്തോളം ഓഹരിക്ക് തുല്യമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ജൂണിലെ ഓഹരി ഉടമകളുടെ പട്ടികയില്‍ നിന്ന് താരത്തിന്റെ പേര് അപ്രത്യക്ഷമായി. കൈവശമുള്ള ഓഹരികളുടെ വില ഒരു ശതമാനത്തില്‍ താഴ്ന്നതോടെയാണിത്.

എന്‍ട്രി മാത്രമല്ല, എക്‌സിറ്റും പ്രധാനം

ഒരു വര്‍ഷം മുമ്പ് വരെ ഓഹരിയൊന്നിന് 63 രൂപയായിരുന്നു വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കമ്പനിയുടെ ഓഹരി കുത്തനെ ഉയര്‍ന്നു. ഏതാണ്ട് 163.91 രൂപയിലെത്തിയപ്പോഴാണ് താരം ഓഹരികള്‍ കയ്യൊഴിഞ്ഞത്. അരശതമാനം ഓഹരികള്‍ താരത്തിന്റെ കൈവശം ഇപ്പോഴുമുണ്ട്. താരത്തിന്റെ ഓഹരി വില്‍പ്പന പുറത്തുവന്നതോടെ റിലയബിള്‍ ഡാറ്റ സര്‍വീസും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഓഹരി വാങ്ങേണ്ടത് എപ്പോഴാണെന്ന് നിശ്ചയിക്കുന്നത് പോലെ തന്നെ അവ വില്‍ക്കുന്നതിന്റെ സമയവും പ്രധാനപ്പെട്ടതാണെന്ന് നിക്ഷേപകരെ ഓര്‍മിപ്പിക്കുന്നതാണ് താരത്തിന്റെ നീക്കമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലോവര്‍ സര്‍ക്യൂട്ടില്‍

അതേസമയം, താരത്തിന്റെ ഓഹരി വിറ്റൊഴിക്കല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ റിലയബിള്‍ ഐ.ടി സര്‍വീസിന്റെ ഓഹരികള്‍ കൂപ്പുകുത്തി. ഇന്ന് രാവിവെ 160.50 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരികള്‍ മിനിറ്റുകള്‍ക്കുള്ളില്‍ 8.20 രൂപയോളം താഴ്ന്നു. 5 ശതമാനത്തോളം ഇടിഞ്ഞ് ഓഹരിയൊന്നിന് 155.71 രൂപയിലെത്തിയതോടെ ഓഹരികളുടെ വ്യാപാരവും നിറുത്തിവെച്ചു.

Cricketer Rohit Sharma offloaded 0.5% stake in Reliable Data Services after the stock surged 73% this week, booking sharp gains on his investment.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT