Image Courtesy: en.kremlin.ru 
News & Views

അംബാനിയുടെ റഷ്യന്‍ എണ്ണ വിപ്ലവം! പ്രതിദിനം 5 ലക്ഷം ബാരല്‍ എണ്ണ, 10 വര്‍ഷത്തെ കരാര്‍; ചരിത്രത്തിലെ വലിയ കരാര്‍

റിലയന്‍സ്, റഷ്യന്‍ റോസ്‌നെഫ്റ്റുമായി ചരിത്രത്തിലെ വലിയ എണ്ണ വാങ്ങല്‍ കരാറില്‍ ഒപ്പുവച്ചു

Dhanam News Desk

റഷ്യന്‍ സര്‍ക്കാരിന് കീഴിലുള്ള റോസ്‌നെഫ്റ്റുമായി എണ്ണ വാങ്ങലിന് വന്‍കരാറില്‍ ഒപ്പുവച്ച് റിലയന്‍സ്. പ്രതിദിനം 5 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള കരാറാണിത്. പത്തു വര്‍ഷം ദൈര്‍ഘ്യമുള്ള കരാര്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും വലുതാണ്. നിലവിലെ ക്രൂഡ് ഓയില്‍ വില വച്ചു നോക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് 13 ബില്യണ്‍ ഡോളര്‍ ചെലവു വരുന്നതാണ് ഇടപാട്.

ആഗോള എണ്ണ വിതരണത്തിന്റെ 0.5 ശതമാനം വരുമിത്. ഉക്രൈയ്‌നെതിരായ കടന്നുകയറ്റത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷം ഇന്ത്യയും ചൈനയുമാണ് റഷ്യന്‍ എണ്ണയുടെ പ്രധാന ഉപയോക്താക്കള്‍. കരാര്‍ സംബന്ധിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.

റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക്

എണ്ണയ്ക്കായി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന അവസ്ഥയില്‍ നിന്ന് വഴിമാറി സഞ്ചരിക്കാന്‍ ഇന്ത്യയെ സഹായിച്ചത് റഷ്യ-ഉക്രെയ്ന്‍ യുദ്ധമാണ്. പശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയശേഷം റഷ്യന്‍ എണ്ണയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇരട്ടിയായി. ഈ വര്‍ഷം ജനുവരി-ഒക്ടോബര്‍ കാലയളവില്‍ പ്രതിദിനം 4.05 ലക്ഷം ബാരല്‍ എണ്ണയാണ് റിലയന്‍സ് വാങ്ങിയത്.

റഷ്യ എണ്ണ വാങ്ങുന്നതില്‍ യാതൊരു പുനപരിശോധനയ്ക്കുമില്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. വില കുറഞ്ഞ എണ്ണ എവിടെ കിട്ടുന്നോ അവിടെ നിന്ന് വാങ്ങുമെന്നാണ് ദോഹ ഓപ്പണ്‍ ഫോറത്തില്‍ നടന്ന അദ്ദേഹം പ്രതികരിച്ചത്. ഇതിലും മികച്ച ഓഫറില്‍ എണ്ണ കിട്ടിയാല്‍ അത് വാങ്ങാനും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു നിന്ന രാജ്യാന്തര ക്രൂഡ്ഓയില്‍ വിലയില്‍ നേരിയ വര്‍ധന. ബ്രെന്റ് ക്രൂഡിന്റെ വില 74 ഡോളറിന് അടുത്തെത്തി. ചൈനയില്‍ നിന്നുള്ള ആവശ്യകത കുറയുന്നതും വിപണിയിലേക്കുള്ള എണ്ണ ഒഴുക്ക് വര്‍ധിച്ചതുമാണ് വില താഴ്ന്നു നില്‍ക്കാന്‍ കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT