ഉല്‍പാദനം ഇടിയുകയും ആഭ്യന്തര വിപണിയില്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ റബര്‍ ഇറക്കുമതിക്കായി ടയര്‍ നിര്‍മാതാക്കളുടെ നീക്കം. തീരുവയില്ലാതെ താല്‍ക്കാലികമായി റബര്‍ ഇറക്കുമതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ 'ആത്മ' (ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍) കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
പ്രകൃതിദത്ത റബറിന്റെ വില അടുത്തിടെ കിലോഗ്രാമിന് 300 രൂപ പിന്നിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലെ ശരാശരി വിലയായ 186 രൂപയില്‍ നിന്ന് 62 ശതമാനത്തോളമാണ് നിലവിലെ വിലവര്‍ധന. വിപണിയില്‍ റബര്‍ ലഭ്യത കുറഞ്ഞതും സംഭരണച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതും ടയര്‍ നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് സംഘടന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതിയത്.
ആഭ്യന്തര ഉല്‍പാദനവും ആവശ്യകതയും തമ്മിലുള്ള വിടവ് നികത്താന്‍ താരിഫ് റേറ്റ് ക്വോട്ട (ടിആര്‍ക്യു) വ്യവസ്ഥയില്‍ ആവശ്യമായ അളവില്‍ മാത്രം താല്‍ക്കാലികമായി തീരുവയില്ലാത്ത ഇറക്കുമതിക്ക് അനുമതി നല്‍കണമെന്നാണ് ആത്മയുടെ ആവശ്യം. വിപണിയിലെ റബര്‍ ലഭ്യതയും വില നിലവാരവും സാധാരണ നിലയിലാകുന്നതുവരെ ഈ ഇളവ് തുടരണമെന്ന് സംഘടന വ്യക്തമാക്കുന്നു.
നിലവില്‍ രാജ്യത്തെ റബര്‍ ഉല്‍പാദനം ആവശ്യകതയേക്കാള്‍ ഏറെ താഴെയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 14.27 ലക്ഷം ടണ്‍ റബര്‍ ആവശ്യമായിരുന്ന സ്ഥാനത്ത് 9.05 ലക്ഷം ടണ്‍ മാത്രമായിരുന്നു രാജ്യത്തെ ഉല്‍പാദനം. അതായത് ആവശ്യകതയില്‍ 37 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്.
റബര്‍ ടാപ്പിംഗിന്റെ പ്രധാന സീസണില്‍ പോലും ടയര്‍ വ്യവസായത്തിന് ആവശ്യമായത്ര റബര്‍ വിപണിയില്‍ എത്തുന്നില്ലെന്ന് ആത്മ ചെയര്‍മാന്‍ അരുണ്‍ മാമ്മന്‍ പറഞ്ഞു. സിന്തറ്റിക് റബര്‍, കാര്‍ബണ്‍ ബ്ലാക്ക് തുടങ്ങിയ പെട്രോളിയം അധിഷ്ഠിത ചേരുവകളുടെ വിലവര്‍ധന മൂലം ടയര്‍ നിര്‍മാണ മേഖല ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ഉയരുകയും ചരക്കുകൂലി വര്‍ധിക്കുകയും ചെയ്തത് വ്യവസായത്തിന് അധിക ഭാരമായി. നിലവില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള ഇന്ത്യന്‍ ടയര്‍ വ്യവസായ രംഗം 27,000 കോടിയുടെ കയറ്റുമതി രേഖപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine