News & Views

റബറില്‍ തിരിച്ചിറക്കത്തിന്റെ സമയം, രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 20 രൂപയ്ക്ക് മുകളില്‍; ആഭ്യന്തര വിലയും താഴുന്നു

ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്ന് ചരക്ക് ശേഖരിക്കുമ്പോള്‍ തന്നെ പരിധിവിട്ട് വില ഉയരാതിരിക്കാന്‍ ടയര്‍ കമ്പനികള്‍ ശ്രദ്ധിക്കാറുണ്ട്. വിപണിയില്‍ നിന്ന് വിട്ടുനിന്ന് ആഭ്യന്തര വില നിയന്ത്രിക്കുകയെന്നതാണ് കാലങ്ങളായുള്ള രീതി

Dhanam News Desk

ആഗോള വ്യാപാര രംഗത്തെ അനിശ്ചിതാവസ്ഥ രാജ്യാന്തര റബര്‍ വിലയിലും പ്രതിഫലിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 25 രൂപയോളമാണ് രാജ്യാന്തര വില താഴ്ന്നത്. കയറ്റത്തിന്റെ സൂചനകള്‍ കാണിച്ചിരുന്ന ആഭ്യന്തര വിലയും ഇതേ പാതയിലേക്ക് നീങ്ങിയതോടെ കര്‍ഷകരും നിരാശയിലാണ്. രാജ്യാന്തര വില ഇപ്പോള്‍ കിലോഗ്രാമിന് 183 രൂപയിലാണ്.

രാജ്യാന്തര രംഗത്തെ ചലനങ്ങള്‍ കേരളത്തിലും റബര്‍ വില ഇടിയുന്നതിലേക്ക് നയിച്ചിട്ടുണ്ട്. കിലോഗ്രാമിന് 204 രൂപയാണ് റബര്‍ ബോര്‍ഡ് വില. 213 രൂപയ്ക്കുവരെ കഴിഞ്ഞയാഴ്ച്ച ചരക്ക് എടുത്തിരുന്നു. എന്നാല്‍ രാജ്യാന്തര വില അടിക്കടി കുറഞ്ഞു തുടങ്ങിയതോടെ ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് വിട്ടുനിന്ന് വില താഴ്ത്താന്‍ പരിശ്രമിക്കുന്നുണ്ട്.

കടുത്ത മഴമൂലം സംസ്ഥാനത്ത് ടാപ്പിംഗ് കുറവാണ്. വിപണിയിലേക്ക് ചരക്കെത്തുന്നതും കുറവാണ്. പ്രകൃതിദത്ത റബറിന്റെ ലഭ്യത കുറയുന്നത് ഫാക്ടറികളുടെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് ഇടയാക്കുമെന്ന് ടയര്‍ കമ്പനികള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്കിയിരുന്നു. കൂടുതല്‍ റബര്‍ ഇറക്കുമതിക്ക് വേണ്ടിയുള്ള ഇടപെടലായിരുന്നു ടയര്‍ കമ്പനികളുടേത്.

വിട്ടുനിന്ന് വിലകുറയ്ക്കാന്‍ നീക്കം

ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ വിപണികളിലേക്കുള്ള ടയര്‍ കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. സ്വാഭാവികമായും റബറിന്റെ ആവശ്യകത ഉയരും. ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്ന് ചരക്ക് ശേഖരിക്കുമ്പോള്‍ തന്നെ പരിധിവിട്ട് വില ഉയരാതിരിക്കാന്‍ ടയര്‍ കമ്പനികള്‍ ശ്രദ്ധിക്കാറുണ്ട്. വിപണിയില്‍ നിന്ന് വിട്ടുനിന്ന് ആഭ്യന്തര വില നിയന്ത്രിക്കുകയെന്നതാണ് കാലങ്ങളായുള്ള രീതി. ഇതിനൊപ്പം ഇറക്കുമതി കൂടി വര്‍ധിപ്പിക്കുന്നതോടെ വില താഴും.

ആഭ്യന്തര റബര്‍ വിലയെ അനുകൂലമായി സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്

  • അന്താരാഷ്ട്ര വില ഉയര്‍ന്നു നില്‍ക്കുന്നത്: രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ടയര്‍ കമ്പനികള്‍ ഇറക്കുമതി കുറയ്ക്കും. ചെലവേറുമെന്നതാണ് ഇതിനു കാരണം

  • ലഭ്യതക്കുറവ്: റബര്‍ ലഭ്യത കുറയുമ്പോള്‍ സ്വാഭാവികമായും വിലയും ഉയരും. കഴിഞ്ഞ വര്‍ഷം വില 250 രൂപയ്ക്ക് മുകളിലെത്താന്‍ കാരണമിതായിരുന്നു

  • ടയര്‍ വില്പന: ടയര്‍ വിപണി വളര്‍ച്ച കൈവരിക്കുമ്പോള്‍ റബറിനും ഇത് അനുകൂലമായി മാറും. സ്വഭാവിക റബറിന്റെ 80 ശതമാനവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT