News & Views

തകര്‍ന്നടിഞ്ഞ് റബര്‍വില, പിടിച്ചുവയ്ക്കല്‍ സമരത്തിന് കര്‍ഷകര്‍; പെട്ടെന്നുള്ള വീഴ്ച്ചയ്ക്ക് കാരണമെന്ത്?

200ന് മുകളില്‍ റബര്‍വില നില്ക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകരെല്ലാം ടാപ്പിംഗ് തുടങ്ങിയിരുന്നു. റെയിന്‍ ഗാര്‍ഡ് ഉള്‍പ്പെടെ ഇട്ടാണ് ടാപ്പിംഗ് നടത്തുന്നത്

Dhanam News Desk

സംസ്ഥാനത്തിന് റബര്‍ വിലയില്‍ വന്‍ ഇടിവ്. ഒരു മാസം മുമ്പുവരെ 215 രൂപയ്ക്കടുത്ത് വരെ എത്തിയ വിലയാണ് ഇപ്പോള്‍ 185 രൂപയ്ക്കടുത്തായത്. റബര്‍ ബോര്‍ഡ് 189 രൂപ വരെ പറയുന്നുണ്ടെങ്കിലും പലയിടത്തും വ്യാപാരികള്‍ നാലു രൂപ വരെ കുറച്ചാണ് ചരക്കെടുക്കുന്നത്.

ടയര്‍ കമ്പനികള്‍ പെട്ടെന്ന് വിപണിയില്‍ നിന്ന് വിട്ടുനിന്നതോടെയാണ് വില കൂപ്പുകുത്തിയത്. ഇനിയും ഇടിവിന് സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ നല്കുന്ന സൂചന. യു.എസിന്റെ ഇരട്ട താരിഫ് മൂലം ടയര്‍ കയറ്റുമതിയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന കാരണം പറഞ്ഞാണ് ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങല്‍ കുറച്ചത്.

യു.എസ് നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രം വിപണിയില്‍ ഇടപെടല്‍ നടത്താനാണ് ടയര്‍ കമ്പനികളുടെ തീരുമാനം. ആവശ്യത്തിന് സ്റ്റോക്ക് കമ്പനികളുടെ പക്കലുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ചരക്ക് വാങ്ങിക്കൂട്ടേണ്ടെന്നാണ് കമ്പനികളുടെ പക്ഷം.

പ്രതിസന്ധിയിലായി കര്‍ഷകര്‍

200ന് മുകളില്‍ റബര്‍വില നില്ക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകരെല്ലാം ടാപ്പിംഗ് തുടങ്ങിയിരുന്നു. റെയിന്‍ ഗാര്‍ഡ് ഉള്‍പ്പെടെ ഇട്ടാണ് ടാപ്പിംഗ് നടത്തുന്നത്. എന്നാല്‍ പെട്ടെന്ന് വിലയിടിഞ്ഞതോടെ റെയിന്‍ഗാര്‍ഡ് സ്ഥാപിച്ച പണംപോലും കിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. തൊഴിലാളികളെ വച്ച് ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളില്‍ പലതും ടാപ്പിംഗ് നിര്‍ത്തിവയ്ക്കാനുള്ള ഒരുക്കത്തിലാണ്.

റബര്‍ വില കൂടിയ സമയത്ത് തൊഴിലാളികളുടെ കൂലിയും വര്‍ധിപ്പിച്ചിരുന്നു. വില കുറഞ്ഞെങ്കിലും കൂടിയ കൂലി തന്നെ തൊഴിലാളികള്‍ക്ക് നല്കണം. കൂലി നല്കാന്‍ പോലും നിലവിലെ വില മതിയാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. വിവിധ കര്‍ഷക സംഘടനങ്ങള്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് തിരിയാനുള്ള നീക്കത്തിലാണ്. റബര്‍ വില 200 ആകുംവരെ ചരക്ക് വില്ക്കാതെ പിടിച്ചുവയ്ക്കാനാണ് തീരുമാനം.

മലയോര മേഖലകളില്‍ റബറിന്റെ വിലയിടിവ് ഓണക്കാലത്തെ ബിസിനസിനെ ബാധിക്കുമെന്ന ഭയം വ്യാപാര മേഖലയ്ക്കുണ്ട്. അനുകൂല കാലാവസ്ഥയില്‍ ഇത്തവണ ഭേദപ്പെട്ട ബിസിനസ് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി. മധ്യകേരളത്തില്‍ റബര്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാണ് ഇപ്പോഴും.

Rubber price crash hits Kerala farmers as tyre companies pull back purchases amid global trade shifts

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT