Image : Canva 
News & Views

വീണ്ടും അടിച്ചുകയറി റബര്‍ വില; 200 പിന്നിട്ട് കുതിപ്പ്, പക്ഷേ കര്‍ഷകര്‍ക്ക് ആശ്വസിക്കാന്‍ വകയില്ല

സംസ്ഥാനത്ത് ആര്‍.എസ്.എസ്.4 ഗ്രേഡിന് 201 രൂപയാണ്. ചില മേഖലകളില്‍ 203 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്

Dhanam News Desk

സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം റബര്‍ വില വീണ്ടും 200 രൂപ പിന്നിട്ടു. കഴിഞ്ഞ വര്‍ഷം 250 കടന്ന ശേഷം റബര്‍ വില താഴേക്കായിരുന്നു. ഒരുവേള 180 വരെ താഴ്ന്ന ശേഷമാണ് വീണ്ടും മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതും വില ഉയരാന്‍ കാരണമായി. രാജ്യാന്തര വിലയും മുന്നോട്ടാണ്. തായ്‌ലന്‍ഡിലും മറ്റ് റബര്‍ ഉത്പാദന രാജ്യങ്ങളിലും ഇത്തവണ ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

സംസ്ഥാനത്ത് ആര്‍.എസ്.എസ്.4 ഗ്രേഡിന് 201 രൂപയാണ്. ചില മേഖലകളില്‍ 203 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. വില കൂടുന്നുവെന്ന സൂചന വന്നതോടെ ടയര്‍ കമ്പനികള്‍ ചരക്ക് കൂടുതലായി ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കാര്യമായ ഡിമാന്‍ഡ് റബറിനുണ്ടായിരുന്നില്ല. ആഗോള തലത്തില്‍ ടയര്‍ വില്പനയില്‍ മാന്ദ്യം അനുഭവപ്പെട്ടതും ഇതിനു കാരണമായി.

ഇനിയും കൂടിയേക്കും

റബര്‍ വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാര്‍ നല്‍കുന്ന സൂചന. ഡിമാന്‍ഡ് ഉയരുന്നത് ശുഭസൂചനയാണെന്നാണ് കര്‍ഷക സംഘടനകളും പറയുന്നത്. ഇനിയുള്ള രണ്ട് മാസം റബര്‍ ടാപ്പിംഗ് തീരെ കുറഞ്ഞ അളവിലായികിക്കും. അതുകൊണ്ട് തന്നെ വിപണിയിലേക്ക് ചരക്ക് വരുന്നത് തീരെ കുറഞ്ഞ അളവിലായിരിക്കും.

ഇടക്കാലത്ത് വില കുറഞ്ഞപ്പോള്‍ ടയര്‍ കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയിരുന്നു. ഇതിനുശേഷം ആഭ്യന്തര വിപണിയില്‍ നിന്ന് കാര്യമായി ചരക്ക് ശേഖരിക്കാന്‍ അവര്‍ തയാറായിരിക്കുന്നില്ല. വില കൂടിയതോടെ വിപണിയിലേക്കുള്ള ഇടപെടല്‍ ടയര്‍ കമ്പനികള്‍ കൂട്ടിയിട്ടുണ്ട്.

വില 200 കടന്നെങ്കിലും സംസ്ഥാനത്തെ ചെറുകിട കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമില്ലാത്ത അവസ്ഥയാണ്. മിക്കവരുടെയും കൈയില്‍ ചരക്ക് സ്റ്റോക്കില്ല. വില ഉയരില്ലെന്ന ധാരണയില്‍ പലരും നേരത്തെ തന്നെ ചരക്ക് വിറ്റഴിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT