Image : Canva 
News & Views

ഉത്പാദനം ഇടിഞ്ഞിട്ടും റബര്‍വില ഉയരുന്നില്ല, മണ്‍സൂണ്‍ ടാപ്പിംഗിനോട് കര്‍ഷകര്‍ക്ക് താല്പര്യക്കുറവ്

ജൂണ്‍-ജൂലൈ മാസങ്ങളില്‍ വില 210-220 റേഞ്ചിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍

Dhanam News Desk

വേനലില്‍ ഉത്പാദനം ഇടിഞ്ഞിട്ടും റബര്‍വില ഉയരാത്തതില്‍ കാര്‍ഷികമേഖലയ്ക്ക് നിരാശ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും ചെലവും വര്‍ധിച്ചിട്ടുണ്ട്. റബര്‍വില 250 കടന്നപ്പോള്‍ ടാപ്പിംഗ് കൂലി ഉള്‍പ്പെടെ കൂടിയിരുന്നു. വില 200ല്‍ താഴ്‌ന്നെങ്കിലും ടാപ്പിംഗ് കൂലി ഉള്‍പ്പെടെ കുറയ്ക്കാന്‍ തൊഴിലാളികള്‍ തയാറായതുമില്ല.

സംസ്ഥാനത്ത് ഒരു കിലോഗ്രാം ആര്‍എസ്എസ്4 റബറിന്റെ വില 196 രൂപയാണ്. മുന്‍ വര്‍ഷം ഇതേ സമയത്ത് 175-180 നിരക്കിലായിരുന്നു വില. കഴിഞ്ഞ ആഴ്ച്ചകളില്‍ 200 രൂപയ്ക്ക് താഴെ പോയ രാജ്യാന്തര വില ഇപ്പോള്‍ 210 രൂപയ്ക്ക് മുകളിലാണ്. രാജ്യാന്തര വില കൂടിയാല്‍ അതിനനുസരിച്ച് ആഭ്യന്തര വിലയും ഉയരുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്.

ഉപഭോഗം ഉയരുന്നതില്‍ പ്രതീക്ഷ

ആഗോള തലത്തില്‍ വ്യാപാര യുദ്ധത്തിന് ശമനമായതും സാമ്പത്തിക മാന്ദ്യം മാറുന്നതും വരുംമാസങ്ങളില്‍ റബര്‍ ഉപഭോഗം വര്‍ധിപ്പിക്കുമെന്നും അതുവഴി വില കൂടാന്‍ ഇടയാക്കുമെന്നുമാണ് വിപണിയുടെ കണക്കുകൂട്ടല്‍. ജൂണ്‍-ജൂലൈ മാസങ്ങളില്‍ വില 210-220 റേഞ്ചിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

മെയ്-ജൂണ്‍ മാസങ്ങളിലാണ് മണ്‍സൂണ്‍ ടാപ്പിംഗിനായി തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ നടക്കുന്നത്. എന്നാല്‍ ഇത്തവണ പല തോട്ടങ്ങളിലും ഇതുവരെ റെയിന്‍ ഗാര്‍ഡ് സ്ഥാപിച്ചിട്ടില്ല. വില ഉയരാത്തതാണ് കര്‍ഷകരുടെ ഉത്സാഹക്കുറവിന് കാരണം. മണ്‍സൂണ്‍ കനക്കുന്നതോടെ റബര്‍വില ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Despite lower production, rubber prices remain stagnant, leading to farmers' disinterest in monsoon tapping

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT