News & Views

താങ്ങുവിലയ്ക്ക് താഴേക്ക് റബര്‍; ഇറക്കുമതി കൂടി, ഡിമാന്‍ഡ് കുറഞ്ഞു, തോട്ടങ്ങളില്‍ നിരാശ

നിലവില്‍ റബറിന് 179 രൂപയാണ് വില. ഫലത്തില്‍ ഇപ്പോള്‍ ഒരു രൂപയേ സബ്സിഡി കൊടുക്കേണ്ടതുള്ളൂ. ചെറിയ തുകയായതിനാല്‍ ആരും ഇതിനായി ഇപ്പോള്‍ ശ്രമിക്കുന്നില്ല

Dhanam News Desk

നവംബറിന്റെ പടിവാതിക്കലെത്തിയിട്ടും സംസ്ഥാനത്ത് റബര്‍ വില ഉയരുന്നില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്പാദനം കുറഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ ഉത്പാദനം താഴ്ന്ന അവസ്ഥയില്‍ വില കൂടുകയാണ് പതിവ്. എന്നാല്‍ ഡിമാന്‍ഡ് ഉയരാത്തതാണ് വിലയെ ബാധിക്കുന്നത്. റബര്‍ ബോര്‍ഡിന്റെ നിരക്കനുസരിച്ച് ആര്‍എസ്എസ്4 ഗ്രേഡിന്റെ വില 187 രൂപയാണ്. എന്നാല്‍ 179-184 നിരക്കിലാണ് മിക്കയിടത്തും വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നത്. വില ഇനിയും കുറയുമെന്നതിനാലാണിത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 180 രൂപ താങ്ങുവിലയ്ക്ക് താഴെയാണ് പലയിടത്തും വില.

ആഭ്യന്തര വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് അന്താരാഷ്ട്ര വില. ആര്‍എസ്എസ്4ന് ബാങ്കോക്ക് വില കിലോഗ്രാമിന് 176 രൂപയാണ്. അന്താരാഷ്ട്ര വില താഴ്ന്നു നില്ക്കുന്നതിനാല്‍ റബര്‍ കമ്പനികള്‍ ഇറക്കുമതിക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വില പരമാവധി ഇടിക്കുകയെന്നതാണ് തന്ത്രം.

ടയര്‍ കമ്പനികളുടെ കൈവശം ആവശ്യത്തിലേറെ ചരക്ക് സ്റ്റോക്കുണ്ട്. അതുകൊണ്ട് തന്നെ വിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ അവര്‍ മുതിരുന്നതുമില്ല. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഫലമായി വാഹന വില്പന വര്‍ധിച്ചത് ടയര്‍ കമ്പനികള്‍ക്കും നേട്ടമാകുമെന്നാണ് പ്രതീക്ഷ. മൂന്നാംപാദത്തില്‍ ടയര്‍ വില്പനയില്‍ അടക്കം നേട്ടമുണ്ടാക്കാന്‍ ഇത് വഴിയൊരുക്കും. അങ്ങനെ സംഭവിച്ചാല്‍ റബര്‍ ഡിമാന്‍ഡ് ഉയരുമെന്നാണ് പ്രതീക്ഷ.

താങ്ങുവില ഉയര്‍ത്തണം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് റബറിന്റെ താങ്ങുവില 180 രൂപയായി ഉയര്‍ത്തിയത്. എന്നാല്‍ 180 എന്നത് കുറഞ്ഞ വിലയാണെങ്കിലും കൂലിക്ക് ടാപ്പിംഗ് നടത്തിക്കുന്ന ഒരാള്‍ക്ക് 200 രൂപയ്ക്കടുത്ത് ചെലവ് വരുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

230 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിച്ചാലേ എന്തെങ്കിലും നേട്ടമുണ്ടാകുവെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. റബര്‍ താങ്ങുവില 250 രൂപയിലെത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കാര്യമായ നടപടികളുണ്ടായില്ല.

എന്താണ് വിലസ്ഥിരതാ ഫണ്ട്?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റബര്‍ വിലയിടിവിനാല്‍ നട്ടംതിരിയുകയാണ് കേരളത്തിലെ കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് വിലസ്ഥിരതാ ഫണ്ട്.

കിലോയ്ക്ക് 150 രൂപയാണ് യു.ഡി.എഫ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചത്. അതായത്, റബറിന്റെ വിപണിവിലയും താങ്ങുവിലയും തമ്മിലെ അന്തരം കര്‍ഷകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. പിണറായി സര്‍ക്കാര്‍ ഇത് 170 രൂപയായി ഉയര്‍ത്തി. 250 രൂപയാക്കുമെന്നായിരുന്നു പക്ഷേ വാഗ്ദാനം.

നിലവില്‍ റബറിന് 179 രൂപയാണ് വില. ഫലത്തില്‍ ഇപ്പോള്‍ ഒരു രൂപയേ സബ്സിഡി കൊടുക്കേണ്ടതുള്ളൂ. ചെറിയ തുകയായതിനാല്‍ ആരും ഇതിനായി ഇപ്പോള്‍ ശ്രമിക്കുന്നില്ല. 9.5 ലക്ഷത്തോളം റബര്‍ കര്‍ഷകരാണ് കേരളത്തിലുള്ളത്. 2024ലെ സംസ്ഥാന സാമ്പത്തിക സര്‍വേ പ്രകാരം 5.50 ലക്ഷം ഹെക്ടറിലാണ് കേരളത്തില്‍ റബര്‍ കൃഷി. 5.99 ലക്ഷം ടണ്ണാണ് ഉത്പാദനം.

Falling rubber prices below support level due to rising imports and weak demand concern Kerala farmers

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT