Image : Canva 
News & Views

രാജ്യാന്തര വില വീണ്ടും കയറുന്നു, റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത; ഡിമാന്‍ഡ് ഉയര്‍ന്നാല്‍ ₹200 അകലെയല്ല!

റബറിന്റെ താങ്ങുവില 200 രൂപയായി വര്‍ധിപ്പിച്ച തീരുമാനം നവംബര്‍ ഒന്നുമുതല്‍ ഉള്ള ബില്ലുകള്‍ക്ക് ബാധകമാക്കി ധനവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു

Dhanam News Desk

റബര്‍ കര്‍ഷകര്‍ക്ക് കണ്ണുനീരിന്റെ മാസങ്ങളാണ് കടന്നു പോകുന്നത്. വില 200ല്‍ നിന്ന് കൂപ്പുകുത്തിയത് ഉത്പാദനം ഏറ്റവും കുറഞ്ഞ സമയത്താണെന്നതാണ് കര്‍ഷകരുടെ പ്രതീക്ഷകളെ തച്ചുടച്ചത്. അന്താരാഷ്ട്ര വില ഇടിഞ്ഞതും ആഭ്യന്തര ഡിമാന്‍ഡ് ഉയരാത്തതുമാണ് റബര്‍ മേഖലയ്ക്ക് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര വില വീണ്ടും തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചതാണ് റബര്‍ മേഖലയില്‍ ഇപ്പോഴത്തെ പ്രതീക്ഷയ്ക്ക് കാരണം. 180 രൂപയ്ക്ക് താഴെ പോയിരുന്നു ഈ സീസണില്‍ രാജ്യാന്തര വില. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില മുകളിലേക്കാണ്. കഴിഞ്ഞ പത്തുദിവസത്തിനിടെ ബാങ്കോക്ക് വില 10 രൂപയ്ക്ക് മുകളില്‍ കൂടി. ഇപ്പോള്‍ വില 196 രൂപയിലാണ്. വരും ആഴ്ചകളില്‍ വില 200 കടക്കുമെന്നാണ് സൂചന.

ഡിമാന്‍ഡ് ഉയരുന്നു

നിലവില്‍ രാജ്യാന്തര വിലയേക്കാള്‍ 10 രൂപ താഴെയാണ് ആഭ്യന്തര വില. ആര്‍എസ്എസ്4 നിരക്ക് കിലോഗ്രാമിന് 186 രൂപയാണ്. വരുംദിവസങ്ങളില്‍ ആഭ്യന്തര വിലയും കൂടുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ജൂണ്‍-ജൂലൈ മാസങ്ങളേക്കാള്‍ ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. ജിഎസ്ടി പരിഷ്‌കരണം വഴി വാഹന വിപണിയിലുണ്ടായ ഉണര്‍വ് റബറിനും ഗുണം ചെയ്യുന്നുണ്ട്. മാത്രമല്ല രാജ്യാന്തര വില കയറുന്നത് ടയര്‍ കമ്പനികളുടെ ഇറക്കുമതിയെ ബാധിക്കുകയും ചെയ്യും.

ആഭ്യന്തര വില ഇടിക്കാന്‍ ഇറക്കുമതിയെയാണ് പലപ്പോഴും ടയര്‍ കമ്പനികള്‍ ആശ്രയിക്കുന്നത്. രാജ്യാന്തര വില കൂടി നില്ക്കുമ്പോള്‍ പക്ഷേ ഇറക്കുമതി അത്ര ലാഭകരമല്ല. അങ്ങനെ വരുമ്പോള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതല്‍ ചരക്ക് ശേഖരിക്കേണ്ടി വരും. ഇത്തരമൊരു അവസ്ഥയില്‍ റബര്‍ ഡിമാന്‍ഡ് ഉയരുകയും ചെയ്യും. ഡിസംബര്‍ പകുതിയോടെ റബര്‍ വില 200 രൂപയ്ക്ക് അടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

താങ്ങുവില ആശ്വാസം

റബറിന്റെ താങ്ങുവില 200 രൂപയായി വര്‍ധിപ്പിച്ച തീരുമാനം നവംബര്‍ ഒന്നുമുതല്‍ ഉള്ള ബില്ലുകള്‍ക്ക് ബാധകമാക്കി ധനവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഉത്പാദന ഇന്‍സെന്റീവ് പദ്ധതിക്ക് കീഴില്‍ 180 രൂപയായിരുന്നു ഇതുവരെ കര്‍ഷര്‍ക്ക് താങ്ങുവില നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഇതു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

കര്‍ഷകര്‍ക്ക് കിലോഗ്രാമിന് കിട്ടുന്ന തുക 200 രൂപയില്‍ താഴെയാണെങ്കില്‍ 200 രൂപയിലെത്താന്‍ എത്രയാണോ വേണ്ടത് അത് സര്‍ക്കാര്‍ നല്കുന്നതാണ് പദ്ധതി. കര്‍ഷകരെ സംബന്ധിച്ച് താല്ക്കാലിക ആശ്വാസം നല്കുന്നതാണ് പദ്ധതി. അതേസമയം, താങ്ങുവില 230 രൂപയെങ്കിലും ആക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT