image: Canva 
News & Views

ഇറക്കുമതിയില്‍ വലിയ ഇടിവിനൊപ്പം ഉത്പാദനവും കുത്തനെ താഴ്ന്നു, റബര്‍വില ₹250 കടന്നു; ടയര്‍ വില ഉയര്‍ന്നേക്കും

വില ന്യയമായ നിരക്കിലേക്ക് എത്തിയെങ്കിലും കര്‍ഷകര്‍ക്ക് വലിയ നേട്ടമുണ്ടാക്കില്ല. ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതാണ് കാരണം

Dhanam News Desk

സംസ്ഥാനത്ത് റബര്‍വില കിലോഗ്രാമിന് 250 രൂപ കടന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് വിലയില്‍ ഈ കുതിപ്പ്. രാജ്യാന്തര വിലയിലെ വലിയ വര്‍ധനയും ഇറക്കുമതി തടസപ്പെട്ടതും റബറിന് ഗുണം ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഉത്പാദനം തീര്‍ത്തും കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കനത്ത ചൂടാണ് ഇത്തവണ റബറിന് വില്ലനായി മാറിയത്.

രാജ്യാന്തര വില നിലവില്‍ 270 രൂപയ്ക്ക് മുകളിലാണ്. തായ്‌ലന്‍ഡിലും മലേഷ്യയിലും ഉത്പാദനത്തിലുണ്ടായ കുറവാണ് വിലയില്‍ പ്രതിഫലിക്കുന്നത്. അപ്രതീക്ഷിതമായി റബര്‍വില കൂടാനുള്ള കാരണങ്ങളില്‍ ക്രൂഡ്ഓയില്‍ വില വര്‍ധനയ്ക്കും വലിയ റോളുണ്ട്. സിന്തറ്റിക് റബര്‍ ഉത്പാദിപ്പിക്കുന്നത് ക്രൂഡ്ഓയിലില്‍ നിന്നാണ്. എന്നാല്‍ ക്രൂഡ് വില കൂടിയതോടെ സിന്തറ്റിക് റബര്‍ നിര്‍മാണം ലാഭകരമല്ലാതായി മാറി. ഇതാണ് പ്രകൃതിദത്ത റബറിന്റെ ഡിമാന്‍ഡ് ഉയരുന്നതിലേക്ക് നയിച്ചത്.

കര്‍ഷകര്‍ക്ക് ഗുണമുണ്ടാകില്ല

വില ന്യയമായ നിരക്കിലേക്ക് എത്തിയെങ്കിലും കര്‍ഷകര്‍ക്ക് വലിയ നേട്ടമുണ്ടാക്കില്ല. ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതാണ് കാരണം. ജനുവരി ആദ്യവാരം തന്നെ കര്‍ഷകര്‍ കൈയിലുള്ള സ്‌റ്റോക്കുകള്‍ വിറ്റഴിച്ചിരുന്നു. സാധാരണ കര്‍ഷകര്‍ റബര്‍ ഏറെക്കാലം സ്‌റ്റോക്ക് ചെയ്യാറില്ല. വേനലില്‍ ടാപ്പിംഗ് കുറയുകയും ചെയ്തു. അതുകൊണ്ട് തന്നെ കുറഞ്ഞ തോതിലുള്ള ചരക്ക് മാത്രമായിരുന്നു കര്‍ഷകരുടെ പക്കലുണ്ടായിരുന്നത്.

ടയര്‍ വില ഉയര്‍ന്നേക്കും

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതോടെ ടയര്‍ ഇന്‍ഡസ്ട്രി വലിയ പ്രതിസന്ധിയിലാണ്. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടയര്‍ നിര്‍മാതാക്കളുടെ സംഘടന കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. റബറിന്റെ തീരുവയല്ല മറ്റ് അസംസ്‌കൃത വസ്തുക്കളുടെ തീരുവ താല്ക്കാലികമായെങ്കിലും കുറയ്ക്കണമെന്നാണ് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) ആവശ്യപ്പെടുന്നത്.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സിന്തറ്റിക് റബര്‍, പ്രത്യേക റെസിനുകള്‍ എന്നിവയ്ക്ക് ജൂണ്‍ 30 വരെ താല്‍ക്കാലിക കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ച സര്‍ക്കാര്‍ നടപടിയെ അസോസിയേഷന്‍ സ്വാഗതം ചെയ്തു. എന്നാല്‍ ടയര്‍ നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത നൈലോണ്‍ ടയര്‍ കോര്‍ഡ് ഫാബ്രിക്, ബീഡ് വയര്‍, സ്റ്റീല്‍ ടയര്‍ കോര്‍ഡ്, കാര്‍ബണ്‍ ബ്ലാക്ക് തുടങ്ങിയവയ്ക്ക് ഇപ്പോഴും ഉയര്‍ന്ന ഇറക്കുമതി തീരുവ നിലനില്‍ക്കുന്നത് വ്യവസായത്തിന് തിരിച്ചടിയാണെന്ന് ആത്മ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ ടയര്‍ വിലയില്‍ വര്‍ധന വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT