News & Views

ഡിസംബര്‍ റബറിന് നല്ല കാലമായേക്കില്ല, ചരക്ക് പിടിച്ചുവയ്ക്കാന്‍ കര്‍ഷകര്‍; വിപണിയില്‍ നിന്ന് പിന്‍വലിഞ്ഞ് ടയര്‍ കമ്പനികള്‍

ശ്രീലങ്കയടക്കമുള്ള രാജ്യങ്ങളില്‍ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റ് റബര്‍ ടാപ്പിംഗിന് തിരിച്ചടിയായി. തായ്‌ലന്‍ഡില്‍ അടക്കം ടാപ്പിംഗ് തടസപ്പെടുന്നതിന് ഇത് കാരണമായി

Dhanam News Desk

അന്താരാഷ്ട്ര വില ഭേദപ്പെട്ട രീതിയില്‍ നില്‍ക്കുമ്പോഴും അതിന്റെ ഗുണം കിട്ടാതെ സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍. രാജ്യാന്തര വില കിലോഗ്രാമിന് 192 രൂപയ്ക്ക് മുകളിലാണെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് 180 രൂപയ്ക്കടുത്ത് മാത്രമാണ് ലഭിക്കുന്നത്. അതും ഗുണമേന്മ കൂടി ഗ്രേഡിന് മാത്രം.

സ്വഭാവിന്റെ റബറിന്റെ സിംഹഭാഗവും വാങ്ങുന്നത് ടയര്‍ കമ്പനികളാണ്. രാജ്യാന്തര വില കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിനിടെ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമീപനമാണ് ഒട്ടുമിക്ക ടയര്‍ കമ്പനികളും സ്വീകരിക്കുന്നത്. ഡിമാന്‍ഡ് കുറഞ്ഞതോടെ ആഭ്യന്തര വില ചെറുതായി താഴോട്ടു പോയി. ആര്‍.എസ്.എസ്4 റബറിന് 185 രൂപയാണ് വില. ലാറ്റക്‌സ് വില 126 രൂപയില്‍ താഴെയും.

ശ്രീലങ്കയടക്കമുള്ള രാജ്യങ്ങളില്‍ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റ് റബര്‍ ടാപ്പിംഗിന് തിരിച്ചടിയായി. തായ്‌ലന്‍ഡില്‍ അടക്കം ടാപ്പിംഗ് തടസപ്പെടുന്നതിന് ഇത് കാരണമായി. കേരളത്തിലും ചുഴലിക്കാറ്റിന്റെ ഭാഗമായി മഴയുണ്ടായിരുന്നെങ്കിലും ടാപ്പിംഗിന് വലിയ തടസമുണ്ടാക്കിയില്ല. മഴയും തണുപ്പും റബര്‍ ഉത്പാദനം കൂടുന്നതിന് വഴിയൊരുക്കുകയും ചെയ്തു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വില കുറവാണെന്ന് മാത്രമല്ല ഉത്പാദനവും വലിയ തോതില്‍ ഇടിഞ്ഞു. കാലാവസ്ഥ വ്യതിയാനമാണ് കാരണം. മിക്ക തോട്ടങ്ങളിലും ഉത്പാദനത്തില്‍ മൂന്നിലൊന്ന് കുറവുണ്ട്. വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ഉത്പാദനക്കുറവ് മാറി.

പിടിച്ചുവയ്ക്കാന്‍ കര്‍ഷകര്‍

റബര്‍ വില കുത്തനെ താഴേക്ക് പോകുന്നതിന് പിന്നില്‍ ടയര്‍ കമ്പനികളാണെന്നാണ് കര്‍ഷകരുടെ ആക്ഷേപം. ഈ വര്‍ഷം തുടക്കത്തില്‍ കര്‍ഷകര്‍ ചരക്ക് പിടിച്ചുവച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. ഇതിന്റെ ഭാഗമായി ജനുവരി മുതല്‍ ചരക്ക് വിപണിയിലേക്ക് ഇറക്കാതെയുള്ള പ്രതിഷേധത്തിനാണ് സംഘടനകള്‍ തയാറെടുക്കുന്നത്.

റബര്‍ വില 200 രൂപ കടക്കുമ്പോള്‍ വില്ക്കുകയെന്ന നീക്കമാണ് കര്‍ഷകര്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ റബറിന്റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തിയെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് വലിയ നേട്ടമുണ്ടാകുന്നില്ല. താങ്ങുവില 230 രൂപയെങ്കിലും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT