News & Views

തീരുവയില്‍ തട്ടി റബര്‍ വില താഴേക്ക്, തോട്ടങ്ങളില്‍ ഉത്സാഹക്കുറവ്; ടയര്‍ കമ്പനികള്‍ക്ക് ആശ്വാസം

ആഭ്യന്തര, രാജ്യാന്തര വില കിലോഗ്രാമിന് 200 രൂപയില്‍ താഴെ

Dhanam News Desk

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ സമ്മര്‍ദ്ദം റബര്‍ വിലയിലും പ്രതികൂലമായി പ്രതിഫലിക്കുന്നു. ഉത്പാദനം കുറഞ്ഞു നില്‍ക്കുന്ന സമയത്തും വില കാര്യമായി ഉയരാത്തത് കര്‍ഷകരുടെ ഉത്സാഹത്തെയും ബാധിക്കുന്നുണ്ട്. ആഭ്യന്തര, രാജ്യാന്തര വില കിലോഗ്രാമിന് 200 രൂപയില്‍ താഴെയായിട്ടുണ്ട്.

റബര്‍ ബോര്‍ഡ് വിലയനുസരിച്ച് കേരളത്തില്‍ ആര്‍.എസ്.എസ്4 ഗ്രേഡിന്റെ വില 199 രൂപയാണ്. എന്നാല്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നത്. രാജ്യാന്തര വിലയും താഴ്ന്നു നില്‍ക്കുന്നതിനാല്‍ ടയര്‍ കമ്പനികള്‍ വലിയ തോതില്‍ വിപണിയില്‍ താല്പര്യം കാണിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കില്ല

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ആഭ്യന്തര വില 240ന് മുകളിലായിരുന്നു. ഇത്തവണ ഉത്പാദനം കുറഞ്ഞിട്ടും വില ഉയര്‍ന്നില്ലെന്ന് മാത്രമല്ല 40 രൂപയോളം താഴ്ന്നാണ് നില്ക്കുന്നത്. ആഗോള തലത്തില്‍ മാന്ദ്യഭീഷണി മാറാത്തതാണ് റബറിനും തിരിച്ചടിയായത്. ഏറ്റവും വലിയ റബര്‍ ഉപയോക്താക്കളായ ചൈന കാര്യമായി റബര്‍ വാങ്ങിക്കൂട്ടുന്നില്ല.

ചൈനയിലെ റബര്‍ അനുബന്ധ നിര്‍മാണ കമ്പനികള്‍ കയറ്റുമതി പ്രതിസന്ധി നേരിടുന്നുണ്ട്. ഇതാണ് റബര്‍ ഡിമാന്‍ഡ് താഴ്ന്നു നില്‍ക്കാന്‍ കാരണം. വരും ദിവസങ്ങളില്‍ താരിഫ് പ്രശ്‌നം കലങ്ങി തെളിഞ്ഞാല്‍ വില കുറച്ചുകൂടി ഉയര്‍ന്നേക്കുമെന്നാണ് സൂചന.

രാജ്യത്ത് റബര്‍ ലഭ്യത ഉറപ്പാക്കാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപകമാക്കാന്‍ 11,000 കോടി രൂപയുടെ പദ്ധതി വന്‍കിട ടയര്‍ കമ്പനികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ റബര്‍ കൃഷി ചെയ്യാനാണ് നീക്കം. ഇതുവരെ 30 ശതമാനം സ്ഥലത്ത് റബര്‍ കൃഷി ആരംഭിച്ചതായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കേരളത്തിന് വരുംവര്‍ഷങ്ങളില്‍ റബര്‍ കൃഷിയിലെ മേധാവിത്വം നഷ്ടപ്പെടാന്‍ ഈ നീക്കം വഴിയൊരുക്കിയേക്കും. വില കുറഞ്ഞു നിന്ന സമയത്ത് സംസ്ഥാനത്തെ കര്‍ഷകരില്‍ പലരും റബര്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് നീങ്ങിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ മരങ്ങള്‍ ടാപ്പിംഗിന് തയാറാകുമ്പോള്‍ കേരളത്തിന്റെ വിഹിതം കുറഞ്ഞേക്കും.

റബര്‍ വില കുറഞ്ഞു നില്‍ക്കുന്നത് ഉത്പാദനത്തെയും ബാധിക്കുന്നുണ്ട്. കനത്ത മഴയില്‍ ടാപ്പിംഗ് നടത്താന്‍ കര്‍ഷകര്‍ കാര്യമായ താല്പര്യം കാണിക്കുന്നില്ല.

Rubber prices fall below ₹200 amid tariff pressure, hurting farmers but benefiting tyre companies

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT