Image Courtesy: x.com/UIDAI 
News & Views

ആധാർ തിരുത്തൽ ഇനി കഠിനം, കടുത്ത നിബന്ധനകൾ; ഗസറ്റ് വിജ്ഞാപനം നിർബന്ധം

സമര്‍പ്പിക്കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുകള്‍ പോലും അംഗീകരിക്കില്ല

Dhanam News Desk

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കര്‍ശനമാക്കി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). പേരിലെ ചെറിയ തിരുത്തലിനുപോലും ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കി. പഴയപേരിന്റെ തിരിച്ചറിയൽ രേഖയും സമര്‍പ്പിക്കണം. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാൻ ലക്ഷ്യമിട്ടാണ് നടപടികള്‍ കടുപ്പിച്ചിരിക്കുന്നത്.

പേരിലെ അക്ഷരങ്ങളും ആദ്യഭാഗവും തിരുത്താനും ഈ രേഖകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാൻകാർഡ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള എസ്.എസ്.എൽ.സി. ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും രേഖയായി സമര്‍പ്പിക്കാവുന്നതാണ്. പേരുതിരുത്താൻ പരമാവധി രണ്ടവസരമാണ് ലഭിക്കുക.

പുതിയ ആധാര്‍ എടുക്കുന്നതിനുളള അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുകള്‍ പോലും അംഗീകരിക്കില്ല.

ജനനത്തീയതി ഒരുതവണയാണ് തിരുത്താനാകുക. 18 വയസുവരെയുള്ളവരുടെ ജനന തീയതി തിരുത്താൻ സംസ്ഥാനങ്ങളിലെ അംഗീകൃത അധികൃതര്‍ നൽകുന്ന ജനനസർട്ടിഫിക്കറ്റ് മാത്രമാണ് പരിഗണിക്കുക. പാസ്പോർട്ട്, എസ്.എസ്.എൽ.സി. ബുക്ക് തുടങ്ങിയ രേഖകള്‍ പരിഗണിക്കില്ല.

18 വയസിന് മുകളിലുള്ളവർക്ക് എസ്.എസ്.എൽ.സി. ബുക്ക് ജനന തീയതിയുടെ രേഖയായി സമര്‍പ്പിക്കാവുന്നതാണ്. എസ്.എസ്.എൽ.സി. ബുക്കിന്റെ കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് തുടങ്ങിയവയാണ് നല്‍കേണ്ടത്.

ജനന തീയതി തിരുത്താൻ എസ്.എസ്.എൽ.സി. ബുക്കിലെ പേര് ആധാറുമായി പൊരുത്തപ്പെടണമെന്ന വ്യവസ്ഥയുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT