Facebook/Donald trump
News & Views

ട്രംപിന്റെ തീരുവക്കളി, റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ! ശമ്പളക്കാലത്ത് പ്രവാസികള്‍ക്ക് കോളടിച്ചു

ഏഷ്യന്‍ കറന്‍സികള്‍ക്ക് ഇടിത്തീയായി ട്രംപിന്റെ തീരുമാനം, ചൈനീസ് കറന്‍സിയും ഇടിഞ്ഞു

Dhanam News Desk

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയില്‍. ഒരു ഡോളറിന് 87.29 രൂപ എന്ന നിലയിലാണ് നിലവിലെ വിനിമയ നിരക്ക്. 87.07 രൂപ എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് പിന്നീട് കൂടുതല്‍ താഴുകയായിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ ഡോളറിന്റെ മൂല്യം വര്‍ധിച്ചതാണ് തകര്‍ച്ചയുടെ കാരണമായി വിലയിരുത്തപ്പെടുന്നത്.

ചൊവ്വാഴ്ച മുതല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും മെക്‌സിക്കോക്കും കാനഡക്കും 25 ശതമാനവും ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതോടെ ഡോളര്‍ ഇന്‍ഡെക്‌സ് 0.3 ശതമാനം ഉയര്‍ന്ന് 109.8ലെത്തി. പിന്നാലെ ഏഷ്യന്‍ കറന്‍സികളെല്ലാം തളര്‍ച്ചയിലായി. ചൈനീസ് കറന്‍സിയായ യുവാന്‍ 0.5 ശതമാനം ഇടിഞ്ഞ് ഡോളറിന് 7.35 യുവാന്‍ എന്ന നിലയിലെത്തി. ട്രംപിന്റെ തീരുവയെ സംബന്ധിച്ച ഊഹാപോഹങ്ങളാണ് ഇന്ത്യന്‍ രൂപ അടക്കമുള്ള കറന്‍സികളെ പിന്നോട്ടടിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രവാസികള്‍ക്ക് നല്ലകാലം

അതേസമയം, രൂപയുടെ മൂല്യത്തകര്‍ച്ച പ്രവാസി ഇന്ത്യക്കാര്‍ക്ക് ഗുണമാകും. ഭൂരിഭാഗം പേര്‍ക്കും ശമ്പളം ലഭിക്കുന്ന സമയമായതിനാല്‍ ഇത്തവണ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ശമ്പളക്കാലം ആയതിനാല്‍ മിക്ക കറന്‍സി എക്‌സ്‌ചേഞ്ചുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മണി എക്‌സ്‌ചേഞ്ചുകളുടെ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി നാട്ടിലേക്ക് പണമയക്കുന്നവരും ഏറെയാണ്.

പ്രമുഖ ഗള്‍ഫ് കറന്‍സികളുടെ ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ

  • യു.എ.ഇ ദിര്‍ഹം - 23.57 രൂപ

  • ഖത്തര്‍ റിയാല്‍ - 23.60 രൂപ

  • സൗദി റിയാല്‍ - 23.24 രൂപ

  • കുവൈത്ത് ദിനാര്‍ - 282.61 രൂപ

  • ഒമാനി റിയാല്‍ - 223.72 രൂപ

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT