പശ്ചിമേഷ്യയില്‍ റഷ്യ യുദ്ധം ചെയ്യുന്നില്ല. ഇറാനെ ഒതുക്കാന്‍ പണിപ്പെടുന്നത് അമേരിക്കയും ഇസ്രയേലും ചേര്‍ന്നാണ്. ഇതിനിടയില്‍ ആഗോള എണ്ണ വിപണികളെ ഗുരുതരമായി ബാധിച്ച പശ്ചിമേഷ്യയിലെ യുദ്ധം റഷ്യക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടമായി. എണ്ണവില കുതിച്ചുയരുകയും വിതരണത്തില്‍ അനിശ്ചിതത്വം ഉണ്ടാകുകയും ചെയ്തതോടെ റഷ്യയുടെ ക്രൂഡ് ഓയില്‍ വരുമാനം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്.
ഇറാന്‍-യുഎസ്-ഇസ്രയേല്‍ സംഘര്‍ഷം ശക്തമായതോടെ ആഗോള എണ്ണ വിപണിയില്‍ ക്ഷാമവും വിലക്കയറ്റവുമാണ്. വിതരണത്തില്‍ തടസം പുറമെ.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടന്നു. ഇതോടെ റഷ്യയുടെ പ്രധാന കയറ്റുമതി ക്രൂഡിന്റെ വിലയും ഉയര്‍ന്നു. റഷ്യയുടെ ഫെഡറല്‍ ബജറ്റ് തയാറാക്കിയപ്പോള്‍ എണ്ണവില ബാരലിന് ഏകദേശം 59 ഡോളര്‍ ആയിരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോഴത്തെ വിപണി വില 80 ഡോളറിന് മുകളിലേക്ക് എത്തിയതോടെ റഷ്യയ്ക്ക് അധിക വരുമാനം. ദിവസേന 150 മില്യണ്‍ ഡോളര്‍ വരെ. യുദ്ധം തുടങ്ങിയ ശേഷമുള്ള രണ്ടാഴ്ചക്കിടയില്‍ മാത്രം 1.3 ബില്യണ്‍ മുതല്‍ 1.9 ബില്യണ്‍ ഡോളര്‍ വരെ അധിക നികുതി വരുമാനം. ഇന്നത്തെ രീതിയില്‍ വിലയേറ്റം തുടരുകയാണെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 3.3 ബില്യണ്‍ മുതല്‍ 5 ബില്യണ്‍ ഡോളര്‍ വരെ അധിക വരുമാനം ലഭിക്കാമെന്നാണ് വിലയിരുത്തല്‍.
ഉക്രൈന്‍ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആഗോള എണ്ണ ആവശ്യകതയും വിതരണ പ്രതിസന്ധിയും കാരണം ഈ ഉപരോധങ്ങള്‍ സ്വയം പിന്‍വലിക്കേണ്ട അവസ്ഥയിലായി, അമേരിക്ക. ഇന്ത്യക്കു പുറമെ വിവിധ രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഒരു മാസത്തേക്ക് അനുമതി നല്‍കേണ്ട സ്ഥിതിയായി. ഫലത്തില്‍ ഈ ഉപരോധം പാളിപ്പോയി. റഷ്യ ദിവസേന ഏകദേശം 4.5 മുതല്‍ 5 മില്യണ്‍ ബാരല്‍ വരെ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നു. യൂറോപ്പിലെ വിപണി കുറഞ്ഞെങ്കിലും ഇന്ത്യ, ചൈന എന്നിവയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വലിയ തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുകയാണ്. പ്രത്യേകിച്ച് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ്. വിലക്കുറവോടെ ലഭിക്കുന്നതിനാല്‍ ഇന്ത്യന്‍ റിഫൈനറികള്‍ വലിയ തോതില്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുകയാണ്.
എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ റഷ്യയുടെ സര്‍ക്കാര്‍ വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എണ്ണവില 59 ഡോളറിനു പകരം ശരാശരി 70 ഡോളറായി നിലനില്‍ക്കുകയാണെങ്കില്‍ 2026ല്‍ മാത്രം റഷ്യയ്ക്ക് 20 ബില്യണ്‍ ഡോളറോളം അധിക വരുമാനം ലഭിക്കാമെന്നാണ് കണക്കുകള്‍. വില 90 ഡോളറിന് സമീപം എത്തിയാല്‍ ഈ അധിക വരുമാനം 55 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഉപരോധം മാറിയതിനൊപ്പം, നല്ല വിലയും.
Read DhanamOnline in English
Subscribe to Dhanam Magazine