canva
News & Views

കേരളത്തിന്റെ അഞ്ചാം വിമാനത്താവളം 2,500 ഏക്കറില്‍, ₹7,400 കോടി ചെലവ്, പറക്കാന്‍ 7 ലക്ഷം പേര്‍, വിശദ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രത്തിനു മുന്നില്‍; സ്വപ്‌നയാത്ര എന്ന്?

ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും കോട്ടയം-ഇടുക്കി-പത്തനംതിട്ട ജില്ലയിലെ മലയോര മേഖലക്കും വിമാനത്താവളം നേട്ടമാകുമെന്നാണ് കരുതുന്നത്

Dhanam News Desk

കോട്ടയം ജില്ലയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. 3,500 മീറ്ററില്‍ റണ്‍വേ, 3,500 മീറ്ററില്‍ ടാക്‌സിവേ, 54,000 ചതുരശ്ര അടിയില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് എന്നിവയടക്കം നിര്‍മിക്കാനാണ് പദ്ധതി. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി ലഭിക്കേണ്ടത്. പദ്ധതിയുടെ ഡി.പി.ആറിന് ജൂലൈ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.

7,047 കോടി ചെലവ്

കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളത്തിന് മൊത്തത്തില്‍ 7,047 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തിന് 5,377 കോടി രൂപയാണ് ചെലവാകുന്നത്. ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം തുടങ്ങിയ ചെലവുകള്‍ക്കായി 2,408 കോടി രൂപയും വേണം. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ച് 2,570 ഏക്കര്‍ ഭൂമിയേറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. നേരത്തെ 3,450 കോടി രൂപയായിരുന്നു വിമാനത്താവളത്തിന്റെ നിര്‍മാണ ചെലവായി കണക്കാക്കിയിരുന്നത്.

കേരളത്തിലെ ഏറ്റവും നീളം കൂടിയ റണ്‍വേ

നിലവില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന പ്രധാന വിമാനങ്ങള്‍ക്കെല്ലാം ഇറങ്ങാവുന്ന തരത്തില്‍ 3,500 മീറ്റര്‍ നീളത്തിലാണ് റണ്‍വേ നിര്‍മിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളമുള്ള റണ്‍വേയായിരിക്കുമിത്. ഒരേ സമയം രണ്ട് കോഡ് ഇ, മൂന്ന് കോഡ് സി വിമാനങ്ങളെയോ അല്ലെങ്കില്‍ ഏഴ് കോഡ് സി, രണ്ട് കോഡ് ഇ വിമാനങ്ങളെയോ ഉള്‍ക്കൊള്ളിക്കാന്‍ വിമാനത്താവളത്തിനാകും. ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ അടക്കമുള്ള വിമാക്കമ്പനികള്‍ ഉപയോഗിക്കുന്ന വൈഡ് ബോഡി ബോയിംഗ് 777 300 ഇ.ആര്‍ വിമാനങ്ങള്‍ക്ക് വരെ ഇറങ്ങാനാവുന്ന വിധത്തിലാണ് ഡിസൈന്‍.

7 ലക്ഷം യാത്രക്കാര്‍

പ്രതിവര്‍ഷം ഏഴ് ലക്ഷം യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ 54,000 ചതുശ്ര അടി വിസ്തീര്‍ണത്തിലുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്. ചരക്കുനീക്കത്തിനായി 1,200 ചതുരശ്ര അടിയിലുള്ള കാര്‍ഗോ ടെര്‍മിനലുമുണ്ടാകും. ഏതാണ്ട് 2,408 ഏക്കര്‍ ഭൂമി വിമാനത്താവള നിര്‍മാണത്തിന് വേണ്ടി വരുമെന്നാണ് കണക്ക്. ഇത് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാനുള്ള പ്രാഥമിക നടപടികള്‍ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇനിയെന്ത്?

വിമാനത്താവളത്തിന്റെ നിര്‍വഹണ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിക്ക് ശബരിമല വിമാനത്താവളത്തിന്റെ സൈറ്റ് ക്ലിയറന്‍സ് 2023ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. ഡി.പി.ആര്‍ സമര്‍പ്പിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് രാജ്യസഭാ രേഖകള്‍ വ്യക്തമാക്കുന്നത്. ഡി.പി.ആര്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ വിശദമായ പരിശോധനകളിലേക്ക് കേന്ദ്രം കടക്കും. അനുമതി ലഭിച്ചാല്‍ കേരളത്തിന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം മലയോര ജില്ലയില്‍ ഉയരും.

രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും കോട്ടയം-ഇടുക്കി-പത്തനംതിട്ട ജില്ലയിലെ മലയോര മേഖലക്കും വിമാനത്താവളം നേട്ടമാകുമെന്നാണ് കരുതുന്നത്. ഈ ജില്ലകളില്‍ നിന്നുള്ള യാത്രാദൂരം കുറക്കുന്നതിനൊപ്പം സാമ്പത്തിക-വ്യവസായ രംഗത്തും വലിയ നേട്ടമുണ്ടാക്കും. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ തേനി, തെങ്കാശി, വിരുധനഗര്‍, ശിവകാശി ജില്ലകള്‍ക്കും വിമാനത്താവളം നേട്ടമാകുമെന്നും പ്രതീക്ഷിക്കുന്നു.

The ₹7,047 crore Sabarimala airport plan proposes a 3,500 m runway. Kerala has submitted the DPR to the Union government for approval

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT