സഫാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ലോഗോ ബ്രാന്‍ഡ് അംബാസഡര്‍ ബേസില്‍ ജോസഫ് പുറത്തിറക്കുന്നു. 
News & Views

350 സ്റ്റോറുകള്‍, ₹4,000 കോടിയുടെ നിക്ഷേപം; വിപുലീകരണ പദ്ധതികള്‍ അവതരിപ്പിച്ച് സഫാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്

വിപുലീകരണത്തിന്റെ ആദ്യ ചുവടായി സഫാ ജ്വല്ലറി, ക്ലാരസ് ഡിസൈനര്‍ ജ്വല്ലറി എന്നീ ബ്രാന്‍ഡുകളെ 'സഫാ ഗോള്‍ഡ് & ഡയമണ്ട്സ്' എന്ന ഒറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരും

Dhanam News Desk

കേരളത്തില്‍ വേരുകളുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സഫാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആഗോള വിപണി ലക്ഷ്യമിട്ടുള്ള സുപ്രധാന വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. നിലവില്‍ ഇന്ത്യ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ 100 ജ്വല്ലറികളും 250 ക്ലാരസ് ലൈഫ്സ്റ്റൈല്‍ സ്റ്റോറുകളും തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2030ഓടെ 4,000 കോടി രൂപയുടെ നിക്ഷേപം നടത്തും.

വിപുലീകരണത്തിന്റെ ആദ്യ ചുവടായി സഫാ ജ്വല്ലറി, ക്ലാരസ് ഡിസൈനര്‍ ജ്വല്ലറി എന്നീ ബ്രാന്‍ഡുകളെ 'സഫാ ഗോള്‍ഡ് & ഡയമണ്ട്സ്' എന്ന ഒറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരും. ക്ലാരസിനെ പ്രത്യേക ലൈഫ്‌സ്റ്റൈല്‍ ജ്വല്ലറി ബ്രാന്‍ഡായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.

ഈ ബ്രാന്‍ഡ് നവീകരണം വഴി ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും സഫായുടെ സാന്നിധ്യം ശക്തമാക്കും. സഫാ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പുതിയ ലോഗോ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബ്രാന്‍ഡ് അംബാസഡര്‍ ബേസില്‍ ജോസഫ് പുറത്തിറക്കി.

ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശാഖകള്‍

ആഭരണങ്ങള്‍ ഇന്ന് വ്യക്തിത്വ വിളംബരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. യുവതലമുറയെയും ആധുനിക ഉപഭോക്താക്കളെയും ലക്ഷ്യമിട്ട്, ഡിസൈനിനും വ്യക്തിത്വത്തിനും ഊന്നല്‍ നല്‍കുന്ന ഒരു 'ഡിസൈന്‍-ലീഡ്' ബ്രാന്‍ഡായി സഫായെ നവീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.ടി.എം.എ. സലാം പറഞ്ഞു.

വിപുലീകരണത്തിന്റെ ആദ്യഘട്ടത്തില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ പുതിയ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് സഫാ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഇജാസ് കെ. എം. പറഞ്ഞു. ദുബൈ, തിരുനെല്‍വേലി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ അടുത്ത രണ്ടുമാസത്തിനുള്ളില്‍ പുതിയ സ്റ്റോറുകള്‍ ആരംഭിക്കും. 2030ഓടെ പ്രാദേശിക തലത്തിലെ മുന്‍നിര ജ്വല്ലറി എന്നതില്‍ നിന്ന് വളര്‍ന്ന് ഒരു ആഗോള ബ്രാന്‍ഡ് ആയി സഫായെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ സഫാ ഗ്രൂപ്പ് ഡയറക്ടര്‍മാരായ അബ്ദുള്‍ നാസര്‍ കെ.ടി, മുഹമ്മദ് ഹനീഫ കെ.ടി, സഫാ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അബ്ദുല്‍ മജീദ്, ഗ്രൂപ്പ് റീട്ടെയില്‍ ഹെഡ് അഖില്‍ ഡി. കെ, മാര്‍ക്കറ്റ് ഹെഡ് സൈഫുല്‍ ഇസ്ലാം കെ.ടി, സഫാ ഗ്രൂപ്പ് ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ് വി.എ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT