News & Views

സാംസംഗിന് വിപണിയില്‍ തിരിച്ചടി; മുന്നില്‍ ഇപ്പോള്‍ ഈ കമ്പനികള്‍

കടുത്ത മത്‌സരത്തിനിടയില്‍ 20 ശതമാനത്തോളം ജീവനക്കാരെ സാംസംഗ് കുറക്കുന്നു

Dhanam News Desk

കടുത്ത മത്‌സരം; വില്‍പനയാകട്ടെ ഇടിയുന്നു. ഇതിനിടയില്‍ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള പുറപ്പാടിലാണ് പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ്. വില്‍പന, മാര്‍ക്കറ്റിംഗ് രംഗങ്ങളിലാകെ ജീവനക്കാരുടെ എണ്ണം 20 ശതമാനം വരെ കുറച്ചേക്കും. മത്‌സരം കടുത്തതു മൂലം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കാണാത്ത വിധം വില്‍പന കുറയുന്നത് വിപണിയില്‍ സാംസംഗ് പിന്നോക്കം പോകുന്നതിന് ഇടയാക്കിയേക്കാം.

ഷവോമി, വിവോ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്ന് കടുത്ത മത്‌സരമാണ് സാംസംഗ് ഇപ്പോള്‍ നേരിടുന്നത്. വില്‍പന, മാര്‍ക്കറ്റിംഗ് രംഗത്ത് ആണിക്കല്ലായി പ്രവര്‍ത്തിച്ച ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സാംസംഗ് വിട്ടുപോകുകയും ചെയ്തു. ഇതില്‍ പലരും സിയോമിയിലേക്കാണ് ചേക്കേറിയത്. കുറഞ്ഞ മാര്‍ജിന്‍ നല്‍കിയാല്‍ മതിയാവുന്ന ഓണ്‍ലൈന്‍ വില്‍പനക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയത് ഷോപ്പുകളിലെ വില്‍പന ഇടിയുന്നതിനും കാരണമാക്കി. പ്രചാരമുള്ള മോഡലുകളുടെ സ്‌റ്റോക്ക് കുറഞ്ഞത് മറ്റൊരു പ്രശ്‌നം. മാര്‍ജിന്‍ കൂട്ടുക, വില സ്ഥിരത ഉറപ്പു വരുത്തുക, മെച്ചപ്പെട്ട വിപണന സഹായം നല്‍കുക, വില കുറക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മൊബൈല്‍ ചില്ലറ വില്‍പനക്കാരുടെ അസോസിയേഷന്‍ സാംസംഗ് പ്രസിഡന്റിന് കത്തയച്ചിരുന്നു. എന്നാല്‍ പ്രശ്‌നപരിഹാരം നീളുകയുമാണ്.

ഒന്നാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക്

സിയോമിയെ മറികടന്ന് കഴിഞ്ഞ വര്‍ഷം സാംസംഗ് മികച്ച ബ്രാന്‍ഡായി മുന്നിലെത്തിയിരുന്നു. എന്നാല്‍ 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വില്‍പനയില്‍ സാംസംഗ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സാംസംഗ് ഫോണുകളുടെ വില്‍പനയില്‍ 15 ശതമാനത്തിലേറെ ഇടിവാണ് ഈ കാലയളവില്‍ ഉണ്ടായത്. വിപണിയില്‍ സാംസംഗിന്റെ അനുപാതം 13 ശതമാനത്തില്‍ താഴെയായി. വിപണി ഗവേഷണ സ്ഥാപനങ്ങളായ ഐ.ഡി.സി, കൗണ്ടര്‍ പോയന്റ്, കനാലിസ് എന്നിവയുടെ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT