രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് ഇക്കൊല്ലം അവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, ഫ്രഞ്ച് കമ്പനിയായ യൂടെല്‍സാറ്റ് (Eutelsat) വണ്‍വെബ്, ജിയോ-എസ്.ഇ.എസ് എന്നീ കമ്പനികള്‍ക്ക് ഇതിനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഗ്രഹ ഇന്റര്‍നെറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് തുടരുന്നു. കേന്ദ്രമന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചാല്‍ ഒക്ടോബറോടെ സ്‌പെക്ട്രം അനുവദിക്കാമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ വര്‍ഷാവസാനത്തോടെ രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സാധ്യമാകും.
ഇന്ത്യയില്‍ ഭാരതി സ്‌പേസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂടെല്‍സാറ്റിനും ജിയോ-ഇസ്.ഇ.എസിനും നേരത്തെ തന്നെ ഉപഗ്രഹ ഇന്റര്‍നെറ്റ് തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച സ്റ്റാര്‍ലിങ്കിനും ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന്റെ (IN-SPACe) അനുമതി ലഭിച്ചു. ഇവര്‍ക്ക് പുറമെ ജെഫ് ബെസോസിന്റെ ആമസോണ്‍ കുയ്‌പ്പെറും ( Kuiper), മറ്റൊരു യു.എസ് കമ്പനിയായ ഗ്ലോബല്‍സ്റ്റാറും അനുമതിക്കായി കാത്തിരിക്കുകയാണ്.
2033 എത്തുമ്പോള്‍ രാജ്യത്തെ ഉപഗ്രഹ ഇന്റര്‍നെറ്റ് വിപണി 44 ബില്യന്‍ ഡോളറില്‍ (ഏകദേശം 3.7 ലക്ഷം കോടി രൂപ) എത്തുമെന്നാണ് ഇന്‍സ്‌പേസ് കണക്കുകള്‍ പറയുന്നത്. ലോകത്തിലെ ആകെ ഉപഗ്രഹ ഇന്റര്‍നെറ്റിന്റെ എട്ട് ശതമാനവും ഇന്ത്യയിലായിരിക്കും. വലിയ വളര്‍ച്ച ഈ മേഖലയിലുണ്ടാകുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സ്റ്റാര്‍ലിങ്ക് പോലുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ അവസരം കൊടുക്കാന്‍ വൈകിയത് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണവും ശക്തമാണ്. അയല്‍ രാജ്യങ്ങള്‍ക്ക് കൂടിഇന്റര്‍നെറ്റ് നല്‍കാന്‍ കഴിയുന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് ഹബ്ബായി ഇന്ത്യയെ മാറ്റാന്‍ കഴിയുമായിരുന്നെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഉപഗ്രഹ ഇന്റര്‍നെറ്റിന് വേണ്ടിയുള്ള സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നടപടികള്‍ വൈകാന്‍ ഇടയാക്കിയതെന്നാണ് വിവരം. സ്‌പെക്ട്രം ലേലം ചെയ്യണമെന്നാണ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ സ്‌പെക്ട്രം അനുവദിക്കണമെന്നാണ് സ്റ്റാര്‍ലിങ്കും കുയ്‌പ്പെറും പോലുള്ള കമ്പനികളുടെ ആവശ്യം. ഇക്കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദ്ദേശം കൂടി പരിഗണിച്ച് ഉദ്യോഗസ്ഥ തലത്തില്‍ തന്നെ സ്‌പെക്ട്രം അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുരക്ഷാ പരിശോധനകളുടെ ഭാഗമായി അടുത്ത് തന്നെ സ്റ്റാര്‍ലിങ്കിന് സ്‌പെക്ട്രം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. അനുമതി ലഭിച്ച മറ്റ് രണ്ട് കമ്പനികള്‍ക്ക് ട്രയല്‍ സ്‌പെക്ട്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine