ആഗോള എണ്ണവിപണിയില്‍ കയറ്റിറക്കങ്ങളുടെ വര്‍ഷമാണ് കടന്നുപോകുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സര്‍വകാല റെക്കോഡിലെത്തിയ എണ്ണവില ഇപ്പോള്‍ വന്‍ ഡിസ്‌കൗണ്ടിലാണ് ഉത്പാദക രാജ്യങ്ങള്‍ വിറ്റഴിക്കുന്നത്. എണ്ണ മുഖ്യ വരുമാനമാര്‍ഗമാക്കിയ രാജ്യങ്ങള്‍ പിടിച്ചുനില്പ്പിനായി കൂടുതല്‍ എണ്ണ വിപണിയിലേക്ക് ഒഴുക്കിയത് മത്സരം കടുപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൗദി അറേബ്യ വന്‍ പ്രഖ്യാപനവുമായി രംഗത്തുവന്നത് എണ്ണവിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.
ഏഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കിഴിവാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ സൗദി അരാംകോ പ്രഖ്യാപിച്ചിരിക്കുന്നത്. അരാംകോയുടെ പ്രമുഖ ബ്രാന്‍ഡായ 'അറബ് ലൈറ്റ്' (Arab Light) ക്രൂഡ് ഓയിലിന്റെ ഓഗസ്റ്റ് മാസത്തെ വിതരണ വിലയിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
ബാരലിന് 11 ഡോളറാണ് കുറച്ചത്. ഇതോടെ വന്‍വിലക്കിഴിവില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ ലഭിക്കും. 2003 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവാണിത്. 2020 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില നിലവാരത്തിലേക്കാണ് ഇപ്പോള്‍ എണ്ണവില എത്തിയിരിക്കുന്നത്.
വിപണി വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും വളരെ വലിയ കുറവാണിത്. ഓഗസ്റ്റ് വിലയില്‍ ചെറിയ കുറവ് മാത്രമേ ഉണ്ടാകൂ എന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം വര്‍ധിച്ചതോടെ സൗദിക്ക് വില വീണ്ടും കുറയ്‌ക്കേണ്ടി വരികയായിരുന്നു.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ലഘൂകരിക്കപ്പെട്ടതും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായതും ആഗോള എണ്ണവിപണിയിലെ ആശങ്കകള്‍ ഒഴിവാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ബാരലിന് 72 ഡോളറിലേക്ക് താണിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ഒപെക് പ്ലസ് (OPEC+) സഖ്യത്തിന്റെ യോഗം ഓഗസ്റ്റ് മുതല്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് സാധാരണ നിലയിലായതോടെ സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ ഉത്പാദനം കൂട്ടും. ഇത് വിപണിയില്‍ എണ്ണയുടെ ലഭ്യത വര്‍ധിപ്പിക്കുകയും ഏഷ്യന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഉത്പാദകര്‍ക്കിടയില്‍ മത്സരം കടുപ്പിക്കുകയും ചെയ്യും.
ഏഷ്യയ്ക്ക് പുറമെ മറ്റ് മേഖലകളിലെ ഉപയോക്താക്കള്‍ക്കും സൗദി അരാംകോ വില കുറച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ യൂറോപ്പിനുള്ള അറബ് ലൈറ്റ് ഒഎസ്പി ബാരലിന് 15 ഡോളറും, വടക്കേ അമേരിക്കന്‍ വാങ്ങലുകാര്‍ക്ക് ബാരലിന് 8 ഡോളറും കുറച്ചിട്ടുണ്ട്. എണ്ണ ഉത്പാദനം കൂട്ടി വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കം ഇന്ത്യ ഉള്‍പ്പെടെയുള്ള വാങ്ങലുകാര്‍ക്ക് നേട്ടമാകും.
Read DhanamOnline in English
Subscribe to Dhanam Magazine