Canva
News & Views

1952ന് ശേഷം ഇതാദ്യം! 2034ലെ ലോകകപ്പിന് മുമ്പ് മദ്യം വിളമ്പാന്‍ സൗദി അറേബ്യ, മാറുന്നത് 73 വര്‍ഷത്തെ നിരോധനം

വീര്യം കുറഞ്ഞ ബിയര്‍, വൈന്‍ പോലുള്ളവയാകും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വിളമ്പുക

Muhammed Aslam

അടുത്ത വര്‍ഷത്തോടെ മദ്യത്തിന്റെ നിയന്ത്രിത വില്‍പ്പന അനുവദിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2030ലെ എക്‌സ്‌പോ, 2034ലെ ഫിഫ ലോകകപ്പ് എന്നിവക്ക് മുന്നോടിയായാണ് മദ്യനിരോധനം നീക്കുന്നത്. സൗദി കിരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയും. നേരത്തെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുകയും സംഗീത പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുത്ത 600 കേന്ദ്രങ്ങളില്‍ മാത്രമാകും മദ്യവില്‍പ്പന. ആഡംബര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, നയതന്ത്ര കാര്യാലയങ്ങള്‍, വിനോദസഞ്ചാരികള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാകും മദ്യവില്‍പ്പന അനുവദിക്കുന്നത്. ഇതിനായുള്ള നിയമ നിര്‍മാണവും ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം അനുവദിക്കുന്ന യു.എ.ഇ, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സൗദി നീക്കമെന്നാണ് റിപ്പോര്‍ട്ട്. 1952 മുതലാണ് രാജ്യത്ത് മദ്യനിരോധനം നടപ്പിലാക്കിയത്. എന്നാല്‍ 2024 ജനുവരി മുതല്‍ അമുസ്ലിംങ്ങളായ നയതന്ത്ര പ്രതിനിധികള്‍ക്ക് നിയന്ത്രിത അളവില്‍ മദ്യം വില്‍ക്കാന്‍ റിയാദിലെ ഒരു ഷോപ്പിന് അനുമതി നല്‍കിയിരുന്നു.

വീര്യം കൂടില്ല

അതേസമയം, വീര്യം കുറഞ്ഞ ബിയര്‍, വൈന്‍, സൈഡര്‍ (Cider) എന്നിവക്ക് മാത്രമാകും അനുമതി നല്‍കുക. 20 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉള്ള വീര്യം കൂടി മദ്യം അനുവദിക്കില്ല. പൊതുവിടങ്ങള്‍, സ്വകാര്യ കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യനിരോധനം തുടരും. രാജ്യത്തെ നിയമവ്യവസ്ഥ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാകും വില്‍പ്പന.

സൗദി പുതിയ പാതയില്‍

1932ല്‍ അബ്ദുല്‍ അസീസ് അല്‍ സൗദാണ് വഹാബി ഇസ്‌ലാമിക നിയമം അടിസ്ഥാനമാക്കി സൗദി അറേബ്യ സ്ഥാപിക്കുന്നത്. ശക്തമായ ഇസ്‌ലാമിക ഷെരീഅത്ത് നിയമം നടപ്പിലാക്കുന്ന സൗദി അറേബ്യയില്‍ 1952 മുതല്‍ മദ്യനിരോധനം നടപ്പിലാക്കി. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി കിരീട അവകാശി ആയതോടെ രാജ്യം ഉദാരവത്കരണത്തിന്റെ പാതയിലാണ്. 2030 എത്തുമ്പോള്‍ ക്രൂഡ് ഓയിലില്‍ നിന്ന് മാറി മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള വിഷന്‍ 2030ന്റെ പണിപ്പുരയിലാണ് നിലവില്‍ സൗദി. ഇതിന്റെ ഭാഗമായി നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ സൗദിയില്‍ നടക്കുന്നത്.

Saudi Arabia to end its 73-year alcohol ban for the first time since 1952 in preparation for hosting FIFA World Cup 2034.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT