News & Views

ഇന്ത്യക്കാര്‍ക്ക് 19 തൊഴിലുകളിൽ വൈദഗ്ധ്യ പരീക്ഷ നിര്‍ബന്ധമാക്കി സൗദി അറേബ്യ

സൗദിയിലേക്ക് യോഗ്യതയില്ലാത്ത തൊഴിലാളികളുടെ വരവ് തടയും

Dhanam News Desk

തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യ നടപ്പാക്കുന്ന വൈദഗ്ധ്യ പരീക്ഷയില്‍ (Skill Verification Program (SVP) test) കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി. ഇനിമുതല്‍ 19 തസ്തികളിലാണ് ഈ വൈദഗ്ധ്യ പരീക്ഷ നടക്കുക.

തസ്തികള്‍ ഇവ

ബില്‍ഡിംഗ് ഇലക്ട്രീഷ്യന്‍, പ്ലംബര്‍, പൈപ്പ് ഫിറ്റര്‍, ഓട്ടോമോട്ടീവ് ഇലകീട്രീഷ്യന്‍, വെല്‍ഡര്‍, അണ്ടര്‍വാട്ടര്‍ വെല്‍ഡര്‍, ഫളെയിം കട്ടര്‍, ഡ്രില്ലിംഗ് റിഗ് ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോമേഴ്സ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ പാനല്‍ അസംബ്ലര്‍, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് മെയിന്റനന്‍സ് വര്‍ക്കര്‍, ഇലക്ട്രിക്കല്‍ കേബിള്‍ കണക്ടര്‍, ഇലക്ട്രിക്ക് പവര്‍ ലൈന്‍സ് വര്‍ക്കര്‍, ഇലക്ട്രോണിക്ക് സ്വിച്ച്ബോര്‍ഡ് അസംബ്ലര്‍, ബ്ലാക്ക്സ്മിത്ത്, കൂളിംഗ് എക്യുപ്മെന്റ് അസംബ്ലര്‍, മെക്കാനിക്ക് (ഹീലിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷന്‍) തുടങ്ങിയ തസ്തികകളിലാണ് തൊഴില്‍ പരീക്ഷ നിര്‍ബന്ധമാക്കിയത്.

യോഗ്യതയുള്ളവര്‍ വേണം

പരീക്ഷ നടത്തി അതിന്റെ കോപ്പി വീസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഈ പരീക്ഷ നിര്‍ബന്ധമാണെന്നും ഇതില്ലാതെ തൊഴില്‍ വീസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയിലെ സൗദി എംബസി ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 2021 മാര്‍ച്ചില്‍ ആരംഭിച്ച സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണിത്.

ഇത്തരം തൊഴിലാളികളുടെ പ്രൊഫഷണലിസം മെച്ചപ്പെടുത്താനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സൗദി തൊഴിൽ മേഖലയിലേക്ക്  യോഗ്യതയില്ലാത്ത തൊഴിലാളികളുടെ വരവ് തടയാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. എന്‍ജിനീയര്‍മാര്‍, ഐ.ടി പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ മേല്‍പ്പറഞ്ഞ വീസകള്‍ക്ക് കീഴില്‍ സൗദിയിലേക്ക് നിയമപരമായി പ്രവേശിക്കുകയും പിന്നീട് അവരുടെ ജോലി മാറ്റുകയും ചെയ്യുന്നത് ശ്രദ്ധിയില്‍പ്പെട്ടതോടെയാണ് നിയമം കര്‍ശനമാക്കിയത്. ഈ സംവിധാനം ആദ്യം പാകിസ്ഥാനിലും പിന്നീട് ബംഗ്ലാദേശിലുമാണ് നടപ്പിലാക്കിയത്. മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT