സൗദി അറേബ്യയില്‍ തൊഴില്‍ രംഗത്തെ സ്വദേശിവല്‍ക്കരണം കൂടുതല്‍ വ്യാപകമാക്കുന്നു. 269 പ്രൊഫഷനുകളില്‍ കൂടിയാണ് ഈ വര്‍ഷം ജൂലൈ 27 ന് ശേഷം സ്വദേശികളുടെ നിയമനം നിര്‍ബന്ധമാക്കുന്നത്. എഞ്ചിനിയറിംഗ്, ഫാര്‍മസി, ഡെന്റിസ്ട്രി, അക്കൗണ്ടിംഗ് തുടങ്ങിയ, വിദേശികള്‍ ഏറെ ജോലി ചെയ്യുന്ന മേഖലകളും സ്വദേശിവല്‍ക്കരണത്തിന്റെ പുതിയ പട്ടികയിലുണ്ട്. നിലവില്‍ സൗദി പൗരന്‍മാരുടെ ഭാഗിക നിയമനം നിര്‍ബന്ധമായ ജോലികളില്‍ നിയമന തോത് ഉയര്‍ത്താനും സൗദി മാനവ വിഭവശേഷി വകുപ്പ് ഉത്തരവിട്ടു. സര്‍ക്കാരിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.
2010 ന് മുമ്പ് സൗദി സര്‍ക്കാര്‍ 'നിതാഖാത്ത്' എന്ന പേരില്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണം ഇതിനകം മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. സ്വദേശിവല്‍ക്കരണം തുടരുന്നത് പുതിയ വെല്ലുവിളികളാണ് അവര്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. ഓരോ തൊഴില്‍ മേഖലയിലും വലിയ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സ്വദേശി നിയമനം നിര്‍ബന്ധമാകുന്നതോടെ നിലവില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. പുതിയ അവസരങ്ങള്‍ കുറയുകയും ചെയ്യും.
മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ പേര്‍ ജോലി ചെയ്യുന്ന ആശുപത്രികളില്‍ സ്വദേശി വല്‍ക്കരണം 65 ശതമാനമായാണ് ഉയര്‍ത്തുന്നത്. ഫാര്‍മസികളില്‍ 55 ശതമാനവും. അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് നിയമം ബാധകമാകുന്നത്. 100 ജീവനക്കാരുള്ള ആശുപത്രിയില്‍ 65 പേര്‍ സൗദി പൗരന്‍മാരായി മാറും. ഡെന്റൽ ആശുപത്രികളിലും ഫാര്‍മസികളിലും 55 ശതമാനം സ്വദേശി നിയമനമാണ് നിര്‍ബന്ധമാക്കിയത്.
അക്കൗണ്ടിംഗ് പ്രൊഫഷനുകളില്‍ തുടക്കത്തില്‍ 40 ശതമാനമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 70 ശതമാനമായി ഉയര്‍ത്തും. എഞ്ചിനിയറിംഗ് മേഖലയില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണവും നിര്‍ബന്ധമാക്കി. പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. നിയമ ലംഘനം നടത്തുന്ന കമ്പനികള്‍ക്ക് പിഴ ഈടാക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine