Image courtesy: Canva
News & Views

കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറി ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ; ആശങ്കയിൽ കർഷകരും വ്യാപാരികളും

ഇത്തരമൊരു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്

Dhanam News Desk

കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി സൗദി അറേബ്യ താൽക്കാലികമായി നിരോധിച്ചു. കേരളത്തിൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി എന്നാണ് നോട്ടിഫിക്കേഷനില്‍ പറയുന്നത്. നിപ്പ വൈറസ് നിയന്ത്രണവിധേയമാകുന്നത് വരെ ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കയറ്റി അയക്കരുതെന്ന് ഫെബ്രുവരി 6 ന് ന്യൂഡൽഹിയിലെ സൗദി എംബസി പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ പറയുന്നു. അതേസമയം ഇത്തരമൊരു നോട്ടിഫിക്കേഷന്‍ സൗദി എംബസി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

വവ്വാലുകളാണ് വൈറസിന്റെ സ്വാഭാവിക ഉറവിടമെന്നും അവയുടെ സ്രവങ്ങൾ കാർഷിക ഉൽപ്പന്നങ്ങളിൽ കലരുന്നത് വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നുമാണ് നോട്ടിഫിക്കേഷനില്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കർശനമായ 'ഫൈറ്റോസാനിറ്ററി' പരിശോധന ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

വലിയ തിരിച്ചടി

ഈ നിരോധനം കേരളത്തിലെ കയറ്റുമതി മേഖലയ്ക്കും കർഷകർക്കും വലിയ തിരിച്ചടിയാണ്. ആയിരക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും ജീവിതോപാധിയായ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി ധനം ഓണ്‍ലൈനിനോട് പറഞ്ഞു. കോഴിക്കോട് വിമാനത്താവളം വഴി മാത്രം പ്രതിമാസം ഏകദേശം 3,500 മെട്രിക് ടൺ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. നിരോധനം നിലനിൽക്കുന്നതിനാൽ വിമാനക്കമ്പനികൾ കാർഷിക ഉൽപ്പന്നങ്ങൾ സ്വീകരിക്കാൻ തയ്യാറാകില്ല.

അധികൃതരുടെ ഇടപെടല്‍ അനിവാര്യം

അയച്ച ഉൽപ്പന്നങ്ങൾ തിരിച്ചയക്കേണ്ടി വരുന്നത് കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പഴം, പച്ചക്കറി പോകുന്നതെന്നും മുന്‍ഷിദ് അലി പറഞ്ഞു. മൈസൂർ, ഊട്ടി, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്ന് കേരളം വഴി എത്തുന്ന ഉൽപ്പന്നങ്ങളെയും ഇത് ബാധിക്കും. കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലും തേടിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം വഴി സൗദി എംബസിയെ കൃത്യമായ ആരോഗ്യ സ്ഥിതിവിവരങ്ങൾ ധരിപ്പിച്ചാൽ മാത്രമേ ഈ താൽക്കാലിക വിലക്ക് നീങ്ങുകയുള്ളൂ.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോഴിക്കോട് എംപി എം.കെ. രാഘവൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. കേരളത്തിൽ നിലവിൽ നിപ്പ ഭീഷണിയില്ലെന്നും സാഹചര്യം പൂർണമായും നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Saudi Arabia temporarily bans fruit and vegetable imports from Kerala citing Nipah concerns, impacting farmers and exporters.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT