Saudi Films 
News & Views

സൗദിയില്‍ സിനിമ വ്യവസായം വളരുന്നു; വരുമാനത്തില്‍ വര്‍ധന; പ്രാദേശിക സിനിമകളും ഹിറ്റ്

2021 ല്‍ 60 സ്‌ക്രീനുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 630 ആയി വര്‍ധിച്ചു

Dhanam News Desk

പതിറ്റാണ്ടുകളോളം വിലക്കിന്റെ പിടിയിലായിരുന്ന സൗദി സിനിമ വ്യവസായം വളര്‍ച്ചയുടെ പുതിയ ഘട്ടങ്ങളിലേക്ക്. ഹോളിവുഡ് സിനിമകള്‍ക്കൊപ്പം സൗദി പ്രാദേശിക പ്രൊഡക്ഷന്‍ കമ്പനികളുടെ അറബ് സിനിമകള്‍ കൂടി തിയേറ്ററില്‍ എത്തിയതോടെ പ്രേക്ഷകരുടെ എണ്ണവും വിപണിയുടെ മൂല്യവും വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 10 കോടി സൗദി റിയാലാണ് സിനിമ തിയ്യേറ്ററുകളില്‍ നിന്നുള്ള വരുമാനം. ഒമ്പത് വര്‍ഷം മുമ്പ് മാത്രം സജീവമായ സൗദി സിനിമ വ്യവസായത്തിന് ഇത് മെച്ചപ്പെട്ട വളര്‍ച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 1983 മുതല്‍ നിരോധിക്കപ്പെട്ട സിനിമ പ്രദര്‍ശനത്തിന് 2018 ഏപ്രിലിലാണ് സൗദിയില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചത്. മലയാള സിനിമകള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചലചിത്രങ്ങള്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തുന്നുണ്ട്.

സൂപ്പര്‍മാന്‍ മുതല്‍ അല്‍ സര്‍ഫ വരെ

ഹോളിവുഡ് സിനിമകള്‍ക്കൊപ്പം സൗദി പ്രാദേശിക സിനിമകള്‍ക്കും പ്രേക്ഷകര്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. പ്രതിവാര കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് അമേരിക്കന്‍ സിനിമയായ എഫ് വണ്‍ ആണ്. 2.6 കോടി റിയാലാണ് ആഴ്ചയിലെ ടിക്കറ്റ് വില്‍പ്പന. സൗദി സിനിമയായ അല്‍ സര്‍ഫ 2.26 കോടി റിയാല്‍ കളക്ഷനുമായി രണ്ടാം സ്ഥാനത്താണ്. പുതിയ ചിത്രമായ സൂപ്പര്‍മാന്‍ 77 ലക്ഷം റിയാല്‍ നേടി മൂന്നാം സ്ഥാനത്തും. ഈജിപ്തില്‍ നിന്നുള്ള സിനിമകളും പട്ടികയില്‍ മുന്നിലുണ്ട്. സിനിമയില്‍ നിന്നുള്ള വരുമാനത്തിന്റെ 19 ശതമാനം പ്രാദേശിക സിനിമകള്‍ക്കാണ്.

സിനിമ തിയേറ്ററുകള്‍ വര്‍ധിച്ചു

കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളിലാണ് സൗദിയില്‍ സിനിമയില്‍ നിക്ഷേപം വര്‍ധിച്ചത്. 3,500 കോടി റിയാലിന്റെ നിക്ഷേപം നടന്നതായാണ് കണക്ക്. 2021 ല്‍ 60 സ്‌ക്രീനുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 630 ആയി വര്‍ധിച്ചു. 2023 ആകുമ്പോള്‍ 1,000 എണ്ണമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ലെ കണക്കുകള്‍ പ്രകാരം സിനിമ വ്യവസായത്തിന്റെ മൂല്യം 5,840 കോടി ഡോളറാണ്. 2030 ആകുമ്പോള്‍ 9,500 കോടി ഡോളറായി വിപണി മൂല്യം ഉയരും.

സിനിമ പ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനത്തിനൊപ്പം അനുബന്ധവിപണികളും വളരുന്നതായാണ് സൗദി ഫിലിം കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യമേഖലയും പരസ്യമേഖലയും സിനിമക്കൊപ്പം വളരുന്നുണ്ട്. 2030 ആകുമ്പോഴേക്കും സിനിമയുമായി ബന്ധപ്പെട്ട തൊഴില്‍ അവസരങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കും. 7,000 നേരിട്ടുള്ള തൊഴിലുകളും 4.5 ലക്ഷം അനുബന്ധ തൊഴിലുകളും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT