old vehicles 
News & Views

ഡൽഹിയിൽ പഴയ വാഹനങ്ങളുടെ ഉടമകള്‍ക്ക് ആശ്വസിക്കാം; കടുത്ത നടപടി പാടില്ലെന്ന് സുപ്രീം കോടതി

ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയോ ഉടമകള്‍ക്ക് പിഴയടിക്കുകയോ ഇന്ധനം നിഷേധിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശം

Dhanam News Desk

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. 10 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കം ചെന്ന പെട്രോള്‍ വാഹനങ്ങളും നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് സുപ്രീം കോടതിയുടെ വിധി. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയോ ഉടമകള്‍ക്ക് പിഴയടിക്കുകയോ ഇന്ധനം നിഷേധിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

ഒരു മാസത്തെ നോട്ടീസ് കാലാവധി

കേസില്‍ വിവിധ കക്ഷികള്‍ക്ക് മറുപടി നല്‍കുന്നതിന് ഒരു മാസത്തെ കാലാവധിയില്‍ നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവ് നല്‍കി. മറുപടികള്‍ ലഭിച്ച ശേഷം കേസ് വീണ്ടും വിചാരണക്കെടുക്കും. അതുവരെ വാഹന ഉടമകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ പാടില്ല.

പഴയ വാഹനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. 2015 ല്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നത്. ഡല്‍ഹിയിലെ മാരകമായ വായു മലിനീകരണത്തിന് പരിഹാരമെന്ന നിലയിലാണ് ഈ നിര്‍ദേശം മുന്നോട്ടു വന്നത്. ഈ തീരുമാനത്തെ 2018 ൽ സുപ്രീം കോടതി ശരിവെച്ചിരുന്നു. പഴയ വാഹനങ്ങള്‍ക്ക് പമ്പുകളില്‍ നിന്ന് ജൂലൈ 1 മുതല്‍ ഇന്ധനം നല്‍കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ജനരോഷം മൂലം ഈ ഉത്തരവ് പിന്നീട് മരവിപ്പിച്ചു. അതേസമയം, വാഹനങ്ങള്‍ എത്രകാലം ഉപയോഗിക്കാമെന്നത് അറിയാന്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT